| Tuesday, 18th April 2023, 6:13 pm

വീണുപോയപ്പോള്‍ കൂടെ നിന്നവരാണ്, ബൗളര്‍മാരുടെ ശവപ്പറമ്പിലും അവര്‍ക്ക് വേണ്ടി ചത്ത് കിടന്നും ഇവന്‍ പന്തെറിയും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ ഏറ്റവും മികച്ച മാച്ചുകളിലൊന്നാണ് കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പിറന്നത്. അടിയും തിരിച്ചടിയുമായി ടി-20 ഫോര്‍മാറ്റിന്റെ എല്ലാ ആവേശവും ഉള്‍ക്കൊണ്ട മത്സരം കൂടിയായിരുന്നു അത്.

ചെന്നൈ സൂപ്പര്‍ കിങ്‌സും ഹോം ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മില്‍ നടന്ന മത്സരത്തില്‍ ഇരു ടീമിന്റെയും ബാറ്റര്‍മാര്‍ സംഹാര രൂപികളായിരുന്നു. തലങ്ങും വിലങ്ങുമായി സിക്‌സറുകള്‍ പറന്ന മത്സരത്തില്‍ മാക്‌സ്‌വെല്ലും ഫാഫും കോണ്‍വെയും ദുബെയും ബാറ്റുകൊണ്ട് വിരുത് കാണിച്ചിരുന്നു.

ബാറ്റിങ്ങില്‍ ഇരു ടീമിന്റെയും താരങ്ങള്‍ തകര്‍ത്തടിച്ചപ്പോള്‍ പന്തുകൊണ്ട് ചിന്നസ്വാമിയില്‍ ആവേശമുയര്‍ത്തിയത് മുഹമ്മദ് സിറാജ് മാത്രമാണ്. 450 റണ്‍സിനോടടുപ്പിച്ച് പിറന്ന മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് സിറാജ് വഴങ്ങിയത് വെറും 30 റണ്‍സാണ്. അതും7.50 എന്ന മികച്ച എക്കോണമിയില്‍.

ഈ മത്സരത്തില്‍ മാത്രമല്ല, റോയല്‍ ചലഞ്ചേഴ്‌സിന്റെ എല്ലാ മത്സരത്തിലും ബൗളിങ് യൂണിറ്റിന് ചുക്കാന്‍ പിടിക്കുന്നത് സിറാജ് തന്നെയാണ്. പഴയ പര്‍പ്പിള്‍ ക്യാപ്പ് ഹോള്‍ഡര്‍ അടക്കമുള്ളവര്‍ വെറും തല്ലുകൊള്ളികളാകുമ്പോള്‍ അതില്‍ നിന്നും സിറാജ് വ്യത്യസ്തനാവുകയാണ്. ബെംഗളൂരുവിന്റെ ബൗളിങ് യൂണിറ്റിനെ അടച്ചാക്ഷേപിക്കുന്നവര്‍ പോലും എപ്പോഴും സിറാജിനെ മാറ്റി നിര്‍ത്താന്‍ ശ്രദ്ധിക്കാറുമുണ്ട്.

സീസണിലെ അഞ്ച് മത്സരത്തില്‍ നിന്നും 20 ഓവര്‍ പന്തെറിഞ്ഞ സിറാജ് വഴങ്ങിയത് വെറും 140 റണ്‍സാണ്. 17.50 എന്ന ആവറേജിലും ഏഴ് എന്ന മികച്ച എക്കോണമിയിലുമാണ് താരം പന്തെറിയുന്നത്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ എട്ട് വിക്കറ്റുമായി ആറാം സ്ഥാനത്താണ് സിറാജ്.

റോയല്‍ ചലഞ്ചേഴ്‌സിനോട് ഇത്രത്തോളം ആത്മാര്‍ത്ഥതയുള്ള മറ്റൊരു താരം പോലുമുണ്ടാകാന്‍ സാധ്യതയില്ല. ഫോം ഔട്ടിന്റെ പടുകുഴിയില്‍ വീണുകിടക്കുമ്പോഴും ചെണ്ട സിറാജ് എന്ന് വരുന്നവരും പോവുന്നവരും വിളിച്ച് അധിക്ഷേപിച്ച സമയത്തും സിറാജിന് താങ്ങായത് ഈ ടീമും ടീമിന്റെ ക്യാപ്റ്റനുമാണ്.

താരത്തിന്റെ പേരിന് മുമ്പിലെ മുഹമ്മദ് എന്നതിനെയടക്കം ടാര്‍ഗെറ്റ് ചെയ്തുകൊണ്ടായിരുന്നു സോ കോള്‍ഡ് ആരാധകര്‍ സിറാജിനെതിരെ ആക്രമണമഴിച്ചുവിട്ടത്. ക്രിക്കറ്റ് കളിക്കുന്നത് അവസാനിപ്പിച്ച് അച്ഛന്റെ കൂടി ഓട്ടോ ഓടിക്കാന്‍ പോകരുതോ എന്നടക്കം അവര്‍സിറാജിനെ വിമര്‍ശിച്ചിരുന്നു.

ആ മോശം സമയത്ത് പോലും സിറാജില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടായിരുന്നു ആര്‍.സി.ബി അവനെ കൂടെനിര്‍ത്തിയത്. ആ വിശ്വസമാണ് പിന്നീട് അവനെ ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനത്ത് കൊണ്ടുചെന്നെത്തിച്ചതും.

വരാനിരിക്കുന്ന മത്സരങ്ങളിലും ആരാധകര്‍ പ്രതീക്ഷയര്‍പ്പിക്കുന്ന പേരാണ് സിറാജിന്റേത്. ഐ.പി.എല്ലില്‍ മാത്രമല്ല, വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും അവന്‍ ഇന്ത്യന്‍ ടീമിന്റെ ആക്രമണത്തിന്റെ കുന്തമുനയാകുമെന്നുറപ്പാണ്.

Content Highlight: Muhammed Siraj’s bowling spell against CSK

We use cookies to give you the best possible experience. Learn more