ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറക്ക് പരിക്ക് കാരണം ലോകകപ്പിന് കളിക്കാന്‍ ഇറങ്ങാന്‍ സാധിക്കാതെ പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചതിന് ശേഷമാണ് ഇന്ത്യന്‍ ടീമിനെ തേടി നിര്‍ഭാഗ്യകരമായ വാര്‍ത്ത വന്നത്.
പുറം വേദനയെ തുടര്‍ന്നാണ് താരത്തിന് മാറി നില്‍ക്കേണ്ടി വന്നിരിക്കുന്നത്. ആദ്യ മത്സരത്തിന് മുമ്പ് നടത്തിയ പരിശീലനത്തിനടയിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്.
ഇതോടെ ആദ്യ ടി-20യില്‍ ബുംറക്ക് കളിക്കാന്‍ സാധിച്ചില്ല. എന്നാല്‍ ബുംറയുടെ പരിക്ക് സാരമുള്ളതല്ലെന്നും അസം ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന രണ്ടാം ടി-20യില്‍ താരം കളിക്കുമെന്നുമായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വന്നത്.
നിലവില്‍ ബുംറക്ക് ആറ് മാസത്തോളം വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഒക്ടോബര്‍ അവസാനം നടക്കുന്ന ലോകകപ്പ് താരത്തിന് ഇതോടെ നഷ്ടമാവും.
ഓപ്പണിങ് സ്‌പെല്ലിലും ഡെത്ത് സ്‌പെല്ലിലും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന ബുംറക്ക് പകരം ആളെ കണ്ടെത്തുക എന്നുള്ളത് ചെറിയ കാര്യമല്ല. ടൈറ്റ് മത്സരങ്ങളെ ഒറ്റ ഓവറില്‍ തിരിച്ചുവിടാന്‍ സാധിക്കുന്ന താരമാണ് ബുംറ.
ബുംറക്ക് പകരക്കാരനെ തെരഞ്ഞെടുക്കാന്‍ ദേശീയ സെലക്ടര്‍മാര്‍ ഇതുവരെ യോഗം ചേര്‍ന്നിട്ടില്ല, എന്നാല്‍ വലിയ മത്സരങ്ങളില്‍ ബൗളിങ് പരിചയമുള്ള സിറാജിനെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ വാര്‍വിക് ഷെയറിന് വേണ്ടി ഇംഗ്ലണ്ടില്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുകയാണ് മുഹമ്മദ് സിറാജ്.
Mohammed Siraj likely to replace Jasprit Bumrah in the T20 series against South Africa. (Source – Cricbuzz)
ടി-20 ലോകകപ്പിന്റെ റിസര്‍വ് ടീമിലുള്ള മുഹമ്മദ് ഷമിയും ദീപക് ചഹറും ഇന്ത്യക്ക് ഓപ്ഷനായി മുമ്പിലുണ്ട്.
കൊവിഡ് കാരണം ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടി-20 മത്സരങ്ങള്‍ ഷമിക്ക് നഷ്ടമായിട്ടുണ്ട്. എന്നാല്‍ ഷമിയുടെ പരിക്ക് ഭേദമായതിനാല്‍ മത്സരം കളിക്കാന്‍ അദ്ദേഹം ലഭ്യമാണ്.