| Wednesday, 7th December 2022, 3:44 pm

ഒരു കളി ബെഞ്ചിലിരുന്നതിന് കളിയാക്കുന്നവര്‍ കാണണം; ഇന്ത്യ-ബംഗ്ലാദേശ് ഏകദിനത്തിലും തരംഗമായി റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ഏകദിനം പുരോഗമിക്കുകയാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യന്‍ ബൗളര്‍മാര്‍ മികവ് പുലര്‍ത്തിയ മത്സരം കൂടിയായിരുന്നു ഇത്.

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജായിരുന്നു വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. രണ്ടാം ഓവറിന്റെ അഞ്ചാം പന്തില്‍ ഓപ്പണര്‍ ആനാമുല്‍ ഹുസൈനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് സിറാജ് തുടങ്ങിയത്.

ഈ വിക്കറ്റ് നേട്ടത്തോടെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ യൂസ്വേന്ദ്ര ചഹലിനെ മറികടക്കാനും സിറാജിന് സാധിച്ചിരുന്നു.

വിക്കറ്റ് നേട്ടത്തിന് പിന്നാലെ താരത്തിന്റെ വിക്കറ്റ് സെലിബ്രേഷനും ഏറെ ചര്‍ച്ചയായിരുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട താരമായ ക്രിസ്റ്റ്യാനോയുടെ ഐസ് കോള്‍ഡ് സെലിബ്രേഷനിലൂടെയായിരുന്നു സിറാജ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

ഇരുകൈകളും നെഞ്ചോട് ചേര്‍ത്ത് വെച്ച് ആകാശത്തേക്ക് നോക്കി കണ്ണുകളടച്ചാണ് താരം വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്.

ഇതാദ്യമായല്ല സിറാജ് ക്രിസ്റ്റിയാനോയുടെ സെലിബ്രേഷന്‍ അനുകരിക്കുന്നത്. ക്രിസ്റ്റിയുടെ ഐസ് കോള്‍ഡ് സെലിബ്രേഷന് പുറമെ റൊണാള്‍ഡോയുടെ ഐക്കോണിക് സെലിബ്രേഷനായ siuuu..യും സിറാജ് മുമ്പുള്ള മത്സരങ്ങളില്‍ അനുകരിച്ചിരുന്നു.

നേരത്തെ നടന്ന ടി-20 ലോകകപ്പില്‍ പ്രോട്ടീസ് സൂപ്പര്‍ താരം വെയ്ന്‍ പാര്‍ണെലും ക്രിസ്റ്റ്യാനോയുടെ ഐസ് കോള്‍ഡ് സെലിബ്രേഷന്‍ ഉപയോഗിച്ചായിരുന്നു വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

അതേസമയം, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് 49 ഓവറില്‍ 255 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയിലാണ്.

മുഹമ്മദ് സിറാജ് രണ്ടും ഉമ്രാന്‍ മാലിക് രണ്ടും വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി.

ബംഗ്ലാദേശിനായി മഹ്മദുള്ള 77 റണ്‍സും കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിന്റെ ഹീറോയായ മെഹിദി ഹുസൈന്‍ പുറത്താവാതെ 81 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.

പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ബംഗ്ലാദേശിന് ഈ മത്സരവും ജയിക്കാന്‍ സാധിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

Content Highlight: Muhammed Siraj imitates Cristiano Ronaldo’s celebration

We use cookies to give you the best possible experience. Learn more