ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവുമായി മുഹമ്മദ് സിറാജ് തിളങ്ങിയ മത്സരത്തില്‍ ഇന്ത്യക്ക് ജയപ്രതീക്ഷ. ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നാലാം ദിനം ആദ്യ സെഷനില്‍ ഒരു മണിക്കൂറിനകം അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് വിന്‍ഡീസ് സ്വന്തം കുഴി തോണ്ടിയത്.
മുഹമ്മദ് സിറാജിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോര്‍ 255 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് നിലവില്‍ 183 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുണ്ട്.
23.4 ഓവറില്‍ വെറും 60 റണ്‍സ് വഴങ്ങിയാണ് മുഹമ്മദ് സിറാജ് വാലറ്റക്കാരെ മുഴുവന്‍ പവലിയനിലേക്ക് പറഞ്ഞയച്ചത്. ആറ് മെയ്ഡന്‍ ഓവറുകള്‍ ഇതിലുള്‍പ്പെടും. 2.50 എക്കണോമിയിലാണ് സിറാജിന്റെ രണ്ടാം അഞ്ച് വിക്കറ്റ് പ്രകടനം പിറന്നത്.
ജോഷ്വ ഡാ സില്‍വ (10), ഹോള്‍ഡര്‍ (15), അല്‍സാരി ജോസഫ് (4), കെമര്‍ റോച്ച് (4), ഗബ്രിയേല്‍ (0) എന്നിവരാണ് സിറാജിന്റെ തീയുണ്ടകള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ തോല്‍വി സമ്മതിച്ചത്. ഇന്ത്യന്‍ നിരയില്‍ മുകേഷ് കുമാറും ജഡേജയും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. അശ്വിന്‍ ഒരു വിക്കറ്റെടുത്തു.
2021ല്‍ ഓസ്‌ട്രേലിയക്കെതിരെ ബ്രിസ്‌ബേനില്‍ രണ്ടാം ഇന്നിങ്‌സില്‍ 73 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തതതായിരുന്നു സിറാജിന്റെ ടെസ്റ്റ് കരിയറിലെ ഇതുവരെയുള്ള ബെസ്റ്റ് പെര്‍ഫോമന്‍സ്. 2021ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ 32 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത പ്രകടനമാണ് കരിയറിലെ മൂന്നാമത്തെ മികച്ച പ്രകടനം.
2022ല്‍ ബര്‍മിങ്ഹാമില്‍ ഇംഗ്ലണ്ടിനെതിരെ 66 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തതും, 2021ല്‍ ലോര്‍ഡ്‌സില്‍ 94 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തതുമാണ് അതിന് തൊട്ടു താഴെയുള്ള മികച്ച പ്രകടനങ്ങള്‍.
തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ എട്ട് ഓവറില്‍ 66 റണ്‍സെടുത്തിട്ടുണ്ട്. യശസ്വി ജെയ്‌സ്വാള്‍ (23), രോഹിത് ശര്‍മ (40) എന്നിവരാണ് ക്രീസില്‍.