ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പേസ് കരുത്തിലെ പ്രധാനിയാണ് മുഹമ്മദ് സിറാജ്. കഷ്ടപ്പാടുകളില്‍ നിന്നും സ്വപ്രയത്‌നത്താല്‍ ഉയര്‍ന്നു വന്ന്, ക്രിക്കറ്റില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരം കൂടിയാണ് സിറാജ്.
ഐ.പി.എല്ലില്‍ ബാറ്റര്‍മാരുടെ അടിവാങ്ങിക്കൂട്ടുന്ന ചെണ്ട സിറാജില്‍ നിന്നും ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് പോലെ ഒരു ടീം നിലനിര്‍ത്തുന്ന താരം എന്ന നിലയിലേക്കുള്ള സിറാജിന്റെ വളര്‍ച്ച തീര്‍ത്തും അത്ഭുതാവഹമാണ്. ഐ.പി.എല്ലിലെ മികച്ച പ്രകടനം തന്നെയാണ് സിറാജിന് ദേശീയ ടീമിലേക്കും ടെസ്റ്റ് ടീമിലേക്കും സ്ഥാനം കിട്ടാന്‍ കാരണമായതും.
എന്നാല്‍, തന്റെ കരിയറിന്റെ മോശം കാലത്ത് പലരും തന്നോട് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തുകയാണ് സിറാജ്. തന്നെക്കൊണ്ട് ക്രിക്കറ്റ് കളിക്കാന്‍ പറ്റില്ലെന്നും അച്ഛനൊപ്പം ചേര്‍ന്ന് ഓട്ടോ ഓടിക്കാന്‍ പോലും പറഞ്ഞിരുന്നതായും സിറാജ് വെളിപ്പെടുത്തുന്നു.
2019 ഐ.പി.എല്ലിലെ മോശം പ്രകടനത്തോടെ തന്റെ ക്രിക്കറ്റ് കരിയറിന് അന്ത്യമാകുമെന്നാണ് താന്‍ കരുതിയതെന്നും സിറാജ് പറയുന്നു. ആ സീസണില്‍ ആകെ 7 വിക്കറ്റ് മാത്രം നേടിയ സിറാജ് ശരാശരി പത്ത് റണ്‍സിനോടടുപ്പിച്ചാണ് (9.55) ഓരോ ഓവറിലും വിട്ടു നല്‍കിയിരുന്നത്. ഇതോടെ വന്‍ വിമര്‍ശനവും താരത്തിനെതിരെ ഉയര്‍ന്നിരുന്നു.
കൊല്‍ക്കത്തയ്‌ക്കെതിരായ ഒരു മത്സരത്തില്‍ 2.2 ഓവറില്‍ 36 റണ്‍സായിരുന്നു വിട്ടുനല്‍കിയത്. അഞ്ച് സിക്‌സറുകളാണ് അന്നത്തെ സ്‌പെല്ലില്‍ കെ.കെ.ആര്‍ അടിച്ചു കൂട്ടിയത്. ഇതോടെയാണ് ക്രിക്കറ്റ് നിര്‍ത്തി ഓട്ടോ ഓടിക്കാന്‍ ആളുകള്‍ പറഞ്ഞതെന്നാണ് താരം പറയുന്നത്.
എന്നാല്‍ ധോണിയുടെ ഉപദേശമാണ് തന്റെ കരിയറില്‍ വഴിത്തിരിവായതെന്നാണ് താരം പറയുന്നത്. ആളുകള്‍ എന്താണ് പറയുന്നതെന്ന് ഒരിക്കലും ചിന്തിക്കരുത്. നന്നായി കളിച്ചാല്‍ ആളുകള്‍ പുകഴ്ത്തും, കളി മോശമായാല്‍ വിമര്‍ശിക്കും. അത് സ്വാഭാവികമായ കാര്യം മാത്രമാണെന്നായിരുന്നു ധോണിയുടെ ഉപദേശം.
ധോണിയുടെ ഉപദേശം കൈക്കൊണ്ട താരം അടുത്ത വര്‍ഷം ഗംഭീര തിരിച്ചു വരവായിരുന്നു നടത്തിയത്. 2019ല്‍ തന്നെ പഞ്ഞിക്കിട്ട അതേ കൊല്‍ക്കത്തയ്‌ക്കെതിരെയായിരുന്നു താരം ആഞ്ഞടിച്ചത്.
നാല് ഓവറില്‍ കേവലം എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റായിരുന്നു താരം നേടിയിരുന്നത്. അതേ സീസണില്‍ രണ്ട് മെയ്ഡിന്‍ ഓവറുമെറിഞ്ഞ് ഒരു സീസണില്‍ രണ്ട് മെയ്ഡിനെറിയുന്ന താരമായും സിറാജ് മാറി. ഈ പ്രകടനത്തോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നുമുള്ള വിളിയെത്തുകയായിരുന്നു. പിന്നീടങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
Content highlight: Muhammed Siraj about criticisms he got in IPL