| Saturday, 20th July 2024, 10:25 pm

നിലവിലെ ഇന്ത്യൻ ടീമിലെ നമ്പർ വൺ ബൗളർ ബുംറയൊന്നുമല്ല: വെളിപ്പെടുത്തലുമായി ഷമി

സ്പോര്‍ട്സ് ഡെസ്‌ക്

നിലവില്‍ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലെയും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. കളിക്കളത്തില്‍ കൃത്യമായ വേഗത കൊണ്ടും സമ്മര്‍ദ ഘട്ടങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ട് ടീമിനെ വിജയത്തിലെത്തിക്കാനുമുള്ള കഴിവാണ് ബുംറയെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

ഇന്ത്യ നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോകകപ്പ് നേടിയിരുന്നു. ഇന്ത്യയുടെ കിരീടനേട്ടത്തില്‍ ബുംറ വഹിച്ച പങ്ക് വളരെ നിര്‍ണായകമായിരുന്നു. ഈ ടൂര്‍ണമെന്റില്‍ എട്ടു മത്സരങ്ങളില്‍ നിന്നും എതിരാളികളുടെ 15 വിക്കറ്റുകള്‍ ആണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ വീഴ്ത്തിയത്.

ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു. ബാറ്റിങ്ങില്‍ ഒരു റണ്‍സ് പോലും നേടാതെയാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു റണ്‍സ് പോലും നേടാതെ ആദ്യമായി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് നേടുന്ന ആദ്യ താരമായിമാറാനും ബുംറക്ക് സാധിച്ചിരുന്നു.

ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലാന്‍ഡിനെതിരെയും പാകിസ്ഥാനെതിരെയുമുള്ള മത്സരത്തില്‍ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടാന്‍ ബുംറക്ക് കഴിഞ്ഞിരുന്നു.

ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരെ അവസാന ഘട്ടത്തില്‍ നഷ്ടമായ മത്സരം ഇന്ത്യയുടെ കൈകളിലേക്ക് തിരിച്ചെത്തിച്ചതും ബുംറയുടെ തകര്‍പ്പന്‍ ബൗളിങ് ആയിരുന്നു. കലാശ പോരാട്ടത്തില്‍ പ്രോട്ടിയാസിന് 30 പന്തില്‍ 30 റണ്‍സ് വിജയിക്കാന്‍ ആവശ്യമുള്ള സമയത്ത് ആയിരുന്നു ബുംറ മികച്ച ബൗളിങ്ങിലൂടെ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്.

ഇപ്പോള്‍ നിലവിലെ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ബൗളര്‍ ആരാണെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ താരം മുഹമ്മദ് ഷമി. ബുംറയുടെ പേര് പറയാതെയാണ് ഷമി ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചത്. ശുഭങ്കര്‍ മിശ്രക്കൊപ്പമുള്ള പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ഷമി.

‘നിലവിലെ ഇന്ത്യയുടെ നമ്പര്‍ വണ്‍ ബൗളര്‍ ഞാനാണെന്ന് എനിക്ക് തോന്നുന്നു. ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ് എന്നിവര്‍ അടങ്ങുന്ന ഞങ്ങളുടെ ഈ ബൗളിങ് ഗ്രൂപ്പ് ലോകത്തിലെ ഏത് ബൗളിങ് യൂണിറ്റിനേക്കാള്‍ മികച്ചതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ മുഹമ്മദ് ഷമി പറഞ്ഞു.

അതേസമയം ഷമി പരിക്കില്‍ നിന്നും ക്രിക്കറ്റ് പിച്ചിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. 2023 ഐ.സി.സി ഏകദിന ലോകകപ്പില്‍ ആയിരുന്നു ഷമിക്ക് പരിക്കേറ്റിരുന്നത്. ഇതിന് പിന്നാലെ താരം എട്ട് മാസത്തോളം ക്രിക്കറ്റില്‍ നിന്നും പുറത്താവുകയായിരുന്നു. ലോകകപ്പിന്റെ ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെയാണ് ഷമി ഇന്ത്യയ്ക്കായി അവസാനം കളിച്ചത്.

നിലവില്‍ ഇന്ത്യ ശ്രീലങ്കക്കെതിരെയുള്ള മൂന്ന് വീതം ടി-20, ഏകദിനം എന്നീ മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ്. ശ്രീലങ്കക്കെതിരെയുള്ള പരമ്പര അവസാനിച്ചതിനുശേഷം ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യക്ക് മത്സരങ്ങളുള്ളത്. സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലായിരിക്കും പരമ്പര നടക്കുക. ഈ സമയമാവുമ്പോഴേക്കും ഷമി പൂര്‍ണ ഫിറ്റോടുകൂടി ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുമോ എന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Muhammed Shami Talks He Is No.1 Bowler in India

We use cookies to give you the best possible experience. Learn more