ഇന്ത്യന്‍ ഇതിഹാസ നായകന്‍മാരില്‍ ഒരാളായ എം.എസ് ധോണി ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ക്രിക്കറ്റില്‍ സജീവമായി കളിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഓരോ ഐ.പി.എല്‍ സീസണ്‍ കഴിയുമ്പോഴും ധോണി വിരമിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കാറുള്ളത്.
ഇപ്പോഴിതാ ക്രിക്കറ്റില്‍ നിന്നും എപ്പോള്‍ വിരമിക്കണമെന്നതിനെക്കുറിച്ച് ധോണി തന്നോട് സംസാരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി.
ഒരു കളിക്കാരനെന്ന നിലയില്‍ സ്‌പോര്‍ട്‌സ് ആസ്വദിക്കുന്നില്ലെങ്കിലോ ടീമിന്റെ ബെഞ്ചില്‍ ആവുകയോ ചെയ്താല്‍ മാത്രമേ വിരമിക്കല്‍ തീരുമാനം എടുക്കേണ്ടതുള്ളൂ എന്നാണ് ഷമി പറഞ്ഞത്. ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റിലൂടെയാണ് ഷമി ഇക്കാര്യം പറഞ്ഞത്.
‘മാധ്യമങ്ങള്‍ എപ്പോഴും ധോണിയുടെ ഭാവിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനെക്കുറിച്ച് ആ മനുഷ്യന്‍ തന്നെ പറയട്ടെ. എപ്പോഴാണ് ഒരു കളിക്കാരന്‍ വിരമിക്കേണ്ടത്? എന്ന് ഞാന്‍ മഹി ഭായിയുമായി സംസാരിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം രണ്ട് കാര്യങ്ങളാണ് മറുപടിയായി നൽകിയത്.
കളിക്കളത്തില്‍ ബോറടിക്കുമ്പോഴും ടീം പുറത്താക്കുമെന്ന് മനസിലാകുന്ന സാഹചര്യങ്ങളിലുമാണ് വിരമിക്കേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. മത്സരങ്ങള്‍ ആസ്വദിക്കുന്നത് നിര്‍ത്തുമ്പോള്‍ വിരമിക്കാനുള്ള സമയം എത്തിയിരിക്കുന്നു എന്നതിന്റെ സൂചനയാണത്. എപ്പോള്‍ വിരമിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. കാരണം ഏത് സമയത്താണ് നിങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കാത്തത് എന്ന് നിങ്ങളുടെ ശരീരം നിങ്ങളെ അറിയിച്ചു തുടങ്ങും,’ മുഹമ്മദ് ഷമി പറഞ്ഞു.
ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റുകളിലും 538 മത്സരങ്ങള്‍ കളിച്ച ധോണി 17266 റണ്‍സാണ് നേടിയിട്ടുള്ളത്. 16 സെഞ്ച്വറികളും 108 അര്‍ധസെഞ്ച്വറികളുമാണ് ധോണിയുടെ അക്കൗണ്ടിലുള്ളത്. ഇന്ത്യക്കായി ആദ്യ ടി-20 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനും ധോണിയാണ്.
2007ല്‍ പാകിസ്ഥാനെ വീഴ്ത്തിയാണ് ധോണിയുടെ കീഴില്‍ ആദ്യ കുട്ടിക്രിക്കറ്റിന്റെ കിരീടം ഇന്ത്യ സ്വന്തമാക്കിയത്. പിന്നീട് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാം ഏകദിന ലോകകപ്പും ധോണിയുടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. സ്വന്തം മണ്ണില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഇന്ത്യ രണ്ടാം കിരീടം നേടിയത്.
ഇതോടെ കപില്‍ ദേവിന് ശേഷം ഐ.സി.സി ഏകദിന ലോകകപ്പ് നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനായി മാറാനും ധോണിക്ക് സാധിച്ചിരുന്നു. 2013ല്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫി കിരീടവും ധോണിയുടെ കീഴില്‍ ഇന്ത്യ നേടിയിരുന്നു.
2020ല്‍ ആയിരുന്നു ധോണി ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം ഇപ്പോഴും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യമാണ് നടത്തുന്നത്. ചെന്നൈക്കായി അഞ്ച് ഐ.പി.എല്‍ കിരീടങ്ങളാണ് ധോണി നേടിയിട്ടുള്ളത്.
അതേസമയം 2024 ഐ.പി.എല്‍ തുടങ്ങുന്നതിനു മുന്നോടിയായിട്ടായിരുന്നു ധോണി ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനം ഋതുരാജ് ഗെയ്ക്വാദിന് നല്‍കിയത്. ഗെയ്ക്വാദിന്റെ കീഴില്‍ 14 മത്സരങ്ങള്‍ കളിച്ച ചെന്നൈ ഏഴ് തോല്‍വിയും ജയവും അടക്കം 14 പോയിന്റുമായി അഞ്ചാം സ്ഥാനത്തായിരുന്നു തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. വരാനിരിക്കുന്ന സീസണില്‍ ധോണി ചെന്നൈയുടെ ഭാഗമാകുമോ എന്ന് ഇതുവരെ താരം സ്ഥിരീകരിച്ചിട്ടില്ല.
Content Highlight: Muhammed Shami Talks About M.S Dhoni