| Saturday, 20th July 2024, 3:58 pm

എനിക്ക് പരിക്ക് പറ്റിയ സമയങ്ങളിൽ അവരായിരുന്നു എന്നെ എപ്പോഴും വിളിച്ചിരുന്നത്: ഷമി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി പരിക്കില്‍ നിന്നും ക്രിക്കറ്റ് പിച്ചിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. 2023 ഐ.സി.സി ഏകദിന ലോകകപ്പില്‍ ആയിരുന്നു ഷമിക്ക് പരിക്കേറ്റിരുന്നത്. ഇതിന് പിന്നാലെ താരം എട്ട് മാസത്തോളം ക്രിക്കറ്റില്‍ നിന്നും പുറത്താവുകയായിരുന്നു. ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഷമി ഇന്ത്യയ്ക്കായി അവസാനം കളിച്ചത്.

ഇപ്പോഴിതാ പരിക്ക് മാറികൊണ്ട് തിരിച്ചുവരാന്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ തന്റെ മികച്ച സുഹൃത്തുക്കള്‍ ആരെല്ലാമാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍.

പരിക്ക് പറ്റി താന്‍ ക്രിക്കറ്റില്‍ നിന്ന് പുറത്തിരിക്കുന്ന സമയങ്ങളില്‍ വിരാട് കോഹ്ലിയും ഇഷാന്ത് ശര്‍മയുമാണ് തന്നെ വിളിച്ചുകൊണ്ട് കാര്യങ്ങള്‍ പരിശോധിച്ചിരുന്നതെന്നാണ് ഷമി പറഞ്ഞത്. ശുഭങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘വിരാട് കോഹ്‌ലിയും ഇഷാന്ത് ശര്‍മയും എന്റെ ഏറ്റവും അടുത്ത നല്ല സുഹൃത്തുക്കളാണ്. എനിക്ക് പരിക്കേറ്റപ്പോള്‍ അവര്‍ എന്നെ നിരന്തരം വിളിച്ചുകൊണ്ട് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു,’ മുഹമ്മദ് ഷമി പറഞ്ഞു.

ഷമിയുടെ പരിക്കിന് പിന്നാലെ ലോകകപ്പ് കഴിഞ്ഞതിന് ശേഷം നടന്ന ഇംഗ്ലണ്ടിനെതിരെയും സൗത്ത് ആഫ്രിക്കക്കെതിരെയുമുള്ള ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ഷമിക്ക് നഷ്ടമാവുകയായിരുന്നു. ഇതിനു പുറമെ 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗും താരത്തിന് നഷ്ടമായി.2023 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഷമി നടത്തിയിരുന്നത്. ഏഴ് മത്സരങ്ങളില്‍ നിന്നും 5.26 എന്ന മികച്ച എക്കണോമിയില്‍ 24 വിക്കറ്റുകള്‍ ആയിരുന്നു താരം നേടിയിരുന്നത്.

നിലവില്‍ ഇന്ത്യ ശ്രീലങ്കക്കെതിരെയുള്ള മൂന്ന് വീതം ടി-20, ഏകദിനം എന്നീ മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ്. ലോകകപ്പ് കഴിഞ്ഞതിനുശേഷം നടന്ന സിംബാബ്വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പര 4-1ന് സ്വന്തമാക്കിയ ആത്മവിശ്വാസവുമായി ഇന്ത്യ ശ്രീലങ്കയ്ക്ക് എതിരെയുള്ള പോരാട്ടത്തില്‍ തയ്യാറെടുക്കുന്നുണ്ട്.

ശ്രീലങ്കക്കെതിരെയുള്ള പരമ്പര അവസാനിച്ചതിനുശേഷം ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യക്ക് മത്സരങ്ങളുള്ളത്. സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലായിരിക്കും പരമ്പര നടക്കുക. ഈ സമയമാവുമ്പോഴേക്കും ഷമി പൂര്‍ണ ഫിറ്റോടുകൂടി ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുമോ എന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Muhammed Shami Talks about His Friends in Indian Cricket Team

We use cookies to give you the best possible experience. Learn more