ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ ഏകദിന ടെസ്റ്റ് ടീമിന്റെ പ്രധാന ഘടകമായ മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, എന്നിവര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ നിരയില്‍ ഷമി എത്തുമെന്ന് ആരാധകര്‍ കരുതിയുരുന്നു.
എന്നാല്‍ ചേതന്‍ ശര്‍മ നയിച്ച സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. 2022 ലെ ഐ.സി.സി ടി20 വേള്‍ഡ് കപ്പ് സ്‌കീമില്‍ ഷമി ഇല്ലെന്ന അവരുടെ തീരുമാനം സ്ഥിരീകരിക്കുന്നതായിരുന്നു ഈ സെലക്ഷന്‍.
ഷമിയെ ഇനി മുതല്‍ ടി-20 ഫോര്‍മാറ്റിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. സെലക്ഷന്‍ കമ്മിറ്റി ഇക്കാര്യം ബി.സി.സി.ഐയുടെ മുതിര്‍ന്ന കസ്റ്റോഡിയനെ അറിയിച്ചിരുന്നു എന്നായിരുന്നു വാര്‍ത്തകള്‍.
അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ കുറച്ചുനാളുകളായി ഷമി ഇന്ത്യക്കൊപ്പമില്ല. 2021 ടി-20 വേള്‍ഡ് കപ്പിന് ശേഷം താരം കുട്ടിക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഒരിക്കല്‍ പോലും ജേഴ്സി അണിഞ്ഞിട്ടില്ല.
ടി-20 ഫോര്‍മാറ്റില്‍ യുവതാരങ്ങളെ പരിഗണിക്കാനാണ് സെലക്ടര്‍മാര്‍ താത്പര്യപ്പെടുന്നതെന്നും, അതേസമയം മുഹമ്മദ് ഷമിയെ ഏകദിനത്തിലും ടെസ്റ്റിലും നിലനിര്‍ത്താനാണ് തീരുമാനമെന്നും നേരത്തെ ബി.സി.സി.ഐ അറിയിച്ചിരുന്നു.
അതേസമയം ഓഗസ്റ്റ് 27ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ നായകന്‍ വിരാട് കോഹ് ലിയും വൈസ് ക്യാപ്റ്റന്‍ രാഹുലും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യുവ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് അര്‍ഷ്ദീപ് സിങ് ടീമിലിടം നേടി. ഭുവി, അര്‍ഷ്ദീപ്, ആവേഷ് ഖാന്‍ എന്നിവരാണ് ടീമിന്റെ പേസ് ബൗളര്‍മാര്‍. കൂടെ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുമുണ്ട്.
ചഹല്‍ നയിക്കുന്ന സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വെറ്ററന്‍ താരമായ ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, രവി ബിഷ്‌ണോയ് എന്നിവരുമുണ്ട്. മലയാളി താരമായ സഞ്ജു സാംസണ് ടീമിന്റെ സ്റ്റാന്‍ഡ് ബൈ പ്ലെയറായി പോലും അവസരം ലഭിച്ചില്ല.