വര്‍ഷം 2015
ആസ്‌ട്രേലിയയും ന്യൂസിലാന്റും സംയുക്തമായി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ആതിഥ്യം വഹിക്കുന്നു. ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെ. കോഹ്‌ലിയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യ 300 റണ്‍സെടുക്കുന്നു.
മറുപടി ബാറ്റിംഗിനായി പാകിസ്ഥാന്‍ തയ്യാറെടുത്തു. പാക് ബാറ്റിംഗ് നിരയ്ക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത സ്‌കോര്‍ ആയിരുന്നില്ല 300 എന്നത്.
മികച്ച ഫോമിലുള്ള അഹമ്മദ് ഷെഹ്‌സാദും ഹാരിസ് സൊഹൈലും. പരിചയസമ്പന്നരായ യൂനിസ് ഖാനും മിസ്ബാ ഉള്‍ ഹഖും ഷാഹിദ് അഫ്രീദിയും. വെടിക്കെട്ടിന് ഉമര്‍ അക്മല്‍.
സന്തുലിതമായ പാക് ബാറ്റിംഗ് നിര ഒരാളുടെ പന്തിന് മുന്നില്‍ റണ്‍സ് കിട്ടാതെ വലഞ്ഞു. ഒടുവില്‍ ടീം സ്‌കോര്‍ 11 റണ്‍സ് മാത്രമായപ്പോള്‍ യൂനിസ് ഖാന്‍ മടങ്ങി. മുഹമ്മദ് ഷമിയെന്ന വലം കൈയന്‍ ബൗളര്‍ ആ ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിംഗിനെ നയിക്കുമെന്നതിന്റെ വിളംബരം മാത്രമായിരുന്നു ആ വിക്കറ്റ്.
പിന്നേയും മൂന്ന് വിക്കറ്റ് കൂടി ഷമി എറിഞ്ഞിട്ടു. 76 റണ്‍സെടുത്ത മിസ്ബയും 22 റണ്‍സെടുത്ത അഫ്രീദിയും ഷമിയുടെ കൃത്യതയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു.
മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ 76 റണ്‍സിന് വിജയിച്ചിരുന്നു. ഷമി ഒമ്പതോവറില്‍ ഒരു മെയ്ഡനടക്കം 35 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ്.
അതൊരു തുടക്കമായിരുന്നു. ധോണി നയിച്ച നിലവിലെ ചാമ്പ്യന്‍മാര്‍ സെമിയില്‍ ആസ്‌ട്രേലിയയ്ക്ക് മുന്നില്‍ വീണെങ്കിലും 17 വിക്കറ്റുമായി ഇന്ത്യന്‍ ബൗളര്‍മാരില്‍ ഷമി മുന്നിട്ട് നിന്നു.
വര്‍ഷം 2021
ടി-20 ലോകകപ്പില്‍ വീണ്ടും ഇന്ത്യ- പാകിസ്ഥാന്‍ മുഖാമുഖം. ലോകകപ്പില്‍ പാകിസ്ഥാനോട് തോറ്റിട്ടില്ലെന്ന റെക്കോഡുമായി ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 151 റണ്‍സെടുക്കുന്നു. കോഹ്‌ലിയും പന്തുമൊഴികെയുള്ളവര്‍ പൊരുതാന്‍ പോലുമാകാതെ കീഴടങ്ങി ശരാശരി എന്ന് പറയാവുന്ന സ്‌കോര്‍ പാക് ബാറ്റിംഗ് നിരയ്ക്ക് സമ്മാനിക്കുന്നു.
ബാബര്‍ അസമും റിസ്‌വാനും അനായാസം സ്‌കോര്‍ മറികടന്ന് പാകിസ്ഥാന് ജയം സമ്മാനിക്കുന്നു. ആറ് വര്‍ഷം മുന്‍പ് മികച്ച സ്‌പെല്ലില്‍ പന്തെറിഞ്ഞ് അതിന് ശേഷവും രാജ്യത്തിന് അതുല്യനേട്ടങ്ങള്‍ നല്‍കി കൊടുത്ത മുഹമ്മദ് ഷമിയെന്ന പേസര്‍ ആ നിമിഷം മുതല്‍ പ്രതിക്കൂട്ടിലാകുകയായിരുന്നു.
രാഹുലിനോ രോഹിതിനോ ജഡേജയ്‌ക്കോ സൂര്യകുമാര്‍ യാദവിനോ ഭുവനേശ്വറിനോ ഇല്ലാത്ത ഉത്തരവാദിത്തം ഷമിയ്ക്ക് ഇന്ത്യന്‍ ടീമിലുണ്ട്. അത് എട്ട് വര്‍ഷമായി ഇന്ത്യയ്ക്ക് കളിക്കുന്നുവെന്നത് കൊണ്ട് വന്നതല്ല. അത് മതത്തിന്റെ ഉത്തരവാദിത്തമാണ്.
ആറ് വര്‍ഷം മുന്‍പത്തെ പാകിസ്ഥാനില്‍ നിന്ന് ടീം ഒരുപാട് മാറിയിരുന്നു. ബാബര്‍ അസം എന്ന ഒരൊറ്റ താരം പാകിസ്ഥാന്‍ ക്രിക്കറ്റിന് നഷ്ടപ്പെട്ട മേല്‍വിലാസം തിരിച്ചുകൊടുത്ത് കൊണ്ടിരിക്കുകയായിരുന്നു. ഒരുപിടി മികച്ച താരങ്ങള്‍ അവര്‍ക്കായി കളിക്കുന്നുണ്ട്.
എല്ലാത്തിലുമുപരി അതി ഗംഭീരമായി ക്രിക്കറ്റാണ് അവര്‍ ഞായറാഴ്ച കാഴ്ചവെച്ചത്.
അതൊന്നും ഇവിടെ ബാധകമല്ല. രാജ്യത്തിന്റെ ജഴ്‌സിയില്‍ കളിക്കുന്ന താരങ്ങളുടെ മതം ചികഞ്ഞ് ‘പ്രകടനം വിലയിരുത്തുന്ന’വരിലേക്ക് ക്രിക്കറ്റ് ചുരുങ്ങിയിരിക്കുന്നു.
ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് മുഹമ്മദ് ഷമി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കെത്തുന്നത്. കരിയറിന്റെ തുടക്കം മുതല്‍ വിവേചനം നേരിട്ട താരമാണ് മുഹമ്മദ് ഷമി.
അണ്ടര്‍ 19 ടീമിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നടന്ന രാഷ്ട്രീയ ഇടപെടലുകളില്‍ താന്‍ മാറ്റിനിര്‍ത്തപ്പെട്ടപ്പോള്‍ പരിശീലകന്റെ നിര്‍ദേശപ്രകാരം കൊല്‍ക്കത്തയിലേക്ക് സ്വയം പറിച്ച് നടുകയായിരുന്നു ഷമി.
2013 ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ ഷമി ടീമിന്റെ അവിഭാജ്യഘടകമായി മാറിയതിന് പിന്നില്‍ കഠിനാധ്വാനത്തിന്റെ കഥയുണ്ട്. 2015 ലോകകപ്പില്‍ ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ നേടുമ്പോള്‍ ഷമി കാല്‍മുട്ടിനേറ്റ പരിക്കിനാല്‍ വലയുകയായിരുന്നു.
2017 ലാണ് ഷമി ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നത്. 2017 ജൂലൈയില്‍ ഷമി തിരിച്ചുവന്നതിന് ശേഷം ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരെ ഇന്ത്യ 38 ടെസ്റ്റുകള്‍ കളിച്ചു. ഇക്കാലയളവില്‍ ഷമി ഇന്ത്യക്കായി കളിച്ച 28 മത്സരങ്ങളില്‍ കൂടുതല്‍ മറ്റൊരു പേസറും കളിച്ചിട്ടില്ല.
ഷമിയുടെ ജോലിഭാരത്തിന്റെയും ഫിറ്റ്‌നസ് ലെവലിന്റെയും നേര്‍സാക്ഷ്യം!
ഷമിയ്ക്ക് നേരെ ഇന്ന് നടക്കുന്ന വംശീയ-വിദ്വേഷ പ്രചരണങ്ങള്‍ക്ക് ഒറ്റ ഉറവിടമേയുള്ളൂ. ഹിന്ദുത്വം മുഖമുദ്രയാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കേവല പ്രചരണങ്ങളായി മാത്രം ഇതിനെ കാണാന്‍ പറ്റില്ല.
പാകിസ്ഥാന്‍ ജയിച്ചതിന്റെ പേരില്‍ പഞ്ചാബില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത് ഇതിന്റെ തുടര്‍ച്ചയാണ്. നിങ്ങള്‍ പാകിസ്ഥാനികളാണെന്ന് പറഞ്ഞുകൊണ്ടാണ് ആ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായത്.
ഇതാദ്യമായല്ല ഇത്തരത്തില്‍ വിദ്വേഷ പ്രചരണങ്ങളും വംശീയ ആക്രമണങ്ങളും രാജ്യത്തുണ്ടാകുന്നത്. മാധ്യമങ്ങള്‍ക്കും ഇതിന് ചെറിയ പങ്കല്ല ഉള്ളത്.
ഓരോ തവണയും ഇന്ത്യ-പാക് മത്സരത്തിന് മാധ്യമങ്ങള്‍ കൊടുക്കുന്ന അമിത പ്രാധാന്യം വിദ്വേഷ പ്രചരണത്തിന് സഹായകമാകുന്നുണ്ട്. ഞായറാഴ്ച രാജ്യത്തിറങ്ങിയ പത്രങ്ങളുടെ തലക്കെട്ടുകളും അതിന് വേണ്ടി മാറ്റി വെച്ച പേജുകളും ഇതിന് ഉദാഹരണമാണ്.
ഒരു കളിയില്‍ തോല്‍ക്കുന്നത് എന്തോ മഹാ പാതകമാണ് എന്ന നിലയിലാണ് മാധ്യമങ്ങള്‍ ഇതിനെ ചിത്രീകരിക്കുന്നത്.
മറ്റേതൊരു രാജ്യത്തോടും കളിക്കുന്നത് പോലെയാണ് പാകിസ്ഥാനോട് കളിക്കുന്നതും. മറ്റേതൊരു രാജ്യത്തോടും തോല്‍ക്കുന്നത് പോലെയാണ് പാകിസ്ഥാനോട് തോല്‍ക്കുന്നതും.
ആരാണോ മികച്ച ക്രിക്കറ്റ് കളിക്കുന്നത്, അവരാണ് ജയിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Muhammed Shami ICC T-20 World Cup India vs Pakistan