മുഹമ്മദ് ഷാഹിദ് തന്റെ ഹീറോ ആയിരുന്നു; കപില്‍ ദേവ്
Daily News
മുഹമ്മദ് ഷാഹിദ് തന്റെ ഹീറോ ആയിരുന്നു; കപില്‍ ദേവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th July 2016, 8:18 pm

മുംബൈ: അന്തരിച്ച മുന്‍ ഹോക്കി ക്യാപ്റ്റന്‍ മുഹമ്മദ് ഷാഹിദ് തന്റെ ഹീറോ ആയിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവ്. അദ്ദേഹം മരിച്ചുവെന്നത് തനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. രോഗങ്ങളെ തരണം ചെയ്ത് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം വിഫലമായ കാഴ്ചയാണ് ഉണ്ടായതെന്നും കപില്‍ ദേവ് പറഞ്ഞു. മുഹമ്മദ് ഷാഹിദിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ വലിയ കളിക്കാര്‍ക്കൊപ്പമാണ് മുഹമ്മദ് ഷാഹിദിന്റെ സ്ഥാനം. അദ്ദേഹത്തെ പോലെയൊരു താരം ഇന്ത്യയുടെ ഭാഗ്യമാണെന്നു വേണം കരുതാന്‍. ഹോക്കി കളികള്‍ നേരിട്ടു കാണുന്നതിനേക്കാള്‍ അധികവും താന്‍ കണ്ടിരുന്നത് ടിവിയിലായിരുന്നു. ഷാഹിദിന്റെ കളികള്‍ ഒരിക്കലും താന്‍ നഷ്ടപ്പെടുത്തിയിരുന്നില്ല. ഫീല്‍ഡില്‍ എപ്പോഴും അദ്ദേഹം നിറഞ്ഞു നിന്നിരുന്നുവെന്നും കപില്‍ ഓര്‍ക്കുന്നു. കപില്‍ ദേവിനെക്കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, മമത ബാനര്‍ജി, രാജ്യവര്‍ദ്ധന്‍ റാത്തോര്‍ ഉള്‍പ്പെടെയുള്ളവര്‍ ട്വിറ്ററിലൂടെ മുഹമ്മദ് ഷാഹിദിനെ അനുസ്മരിച്ചു.

ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മുഹമ്മദ് ഷാഹിദിന്റെ അന്ത്യം. വൃക്ക രോഗവും കരള്‍ രോഗവും ബാധിച്ചിരുന്ന ഷാഹിദിന് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പിടിപെട്ടതോടെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. ഷാഹിദിന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ധന്‍രാജ്പിള്ള രംഗത്തു വന്നതോടെയാണ് രോഗത്തിന്റെ ഗൗരവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് ഷാഹിദിന്റെ ചികിത്സാ ചെലവുകള്‍ ഏറ്റെടുക്കാന്‍ റെയില്‍വേ സന്നദ്ധമായി രംഗത്ത് വന്നിരുന്നു.

ഇന്ത്യ അവസാനമായി ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ 1980ലെ മോസ്‌കോ ഒളിബിക്‌സില്‍ ഇന്ത്യന്‍ ടീമില്‍ നിറഞ്ഞുനിന്ന താരമായിരുന്നു മുഹമ്മദ് ഷാഹിദ്.. പിന്നീട് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി മാറിയ ഷാഹിദ് 1982ലെ ദല്‍ഹി ഏഷ്യാഡില്‍ വെള്ളി നേടിയ ടീമിലും 1986ല്‍ സോളില്‍ വെങ്കലം നേടിയ ടീമിലും അംഗമായിരുന്നു. 1981ല്‍ അര്‍ജുന അവാര്‍ഡും 1986ല്‍ പത്മശ്രീയും നല്‍കി രാജ്യം ഷാഹിദിനെ ആദരിച്ചിരുന്നു.