| Sunday, 28th August 2022, 6:17 pm

പാകിസ്ഥാനെ തോല്‍പിക്കാന്‍ ഇന്ത്യ കുറേ വിയര്‍ക്കും; വാക് പോരുകള്‍ ആരംഭിച്ചു; ഇന്ത്യ-പാക് മത്സരം കൊഴുക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിന് മണിക്കൂറുകള്‍ക്കകം തുടക്കം കുറിക്കും. ഏഷ്യാ കപ്പില്‍ മികച്ച വിജയത്തോടെ തുടങ്ങാമെന്ന പ്രതിക്ഷയിലാണ് ഇരു ടീമുകളും.

കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്ഥാന്‍ കളത്തിലിറങ്ങുന്നത്. ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ വട്ടം കറക്കിയ ഷഹീന്‍ അഫ്രീദി പരിക്ക് കാരണം പാക് പടയിലില്ലാത്തത് പാകിസ്ഥാന് വലിയ നഷ്ടമാണ്. എന്നാല്‍ അദ്ദേഹമില്ലാത്തത് ഇന്ത്യക്ക് ആശ്വാസമുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യന്‍ നിരയില്‍ ബുംറ ഇല്ലാത്തതും മത്സരത്തിന്റെ ആവേശം കുറക്കും.

മത്സരത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യന്‍ ടീമിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് സമി. കഴിഞ്ഞ ട്വന്റി-20 ലോകകപ്പ് മത്സരത്തിലെ വിജയം ഇത്തവണയും പാകിസ്ഥാന്‍ അവര്‍ത്തിക്കുമെന്നും ടീം നിലവില്‍ മികച്ച പ്രകടനം നടത്തി മുന്നേറുകയാണെന്നും സമി പറഞ്ഞു.

‘പാകിസ്ഥാനാണ് വിജയിക്കാന്‍ പോകുന്നത്, അവര്‍ ഉയര്‍ന്ന ആത്മവിശ്വാസത്തിലാണ്. ഷഹീന്റെ അഭാവം കളിയില്‍ ഉടനീളം അനുഭവപ്പെടുമെങ്കിലും, നിലവിലെ കളിക്കാരെ ഉപയോഗിച്ച് തന്നെ ഇന്ത്യയെ പരാജയപ്പെടുത്താന്‍ കഴിയും. കൂടാതെ, ദുബായിലെ സാഹചര്യങ്ങള്‍ പാകിസ്ഥാന് അനുകൂലമാകും,’മുഹമ്മദ് സമി പറഞ്ഞു.

ബാബറിന്റെ കീഴില്‍ മികച്ച പ്രകടനമാണ് പാകിസ്ഥാന്‍ കഴിഞ്ഞ കുറച്ചുകാലമായി നടത്തുന്നത്. ഇന്ത്യയും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇരു ടീമുകളും കട്ടക്ക് നില്‍ക്കുമ്പോള്‍ മത്സരം കൊഴുക്കുമെന്നുറപ്പാണ്.

ഇന്ത്യന്‍ സ്പിന്‍ ബൗളര്‍മാര്‍ മികച്ചതാണെന്നും അവര്‍ക്കെതിരെ പാക് ബാറ്റര്‍മാര്‍ സൂക്ഷിച്ചുകളിക്കാനും സമി പറഞ്ഞു.

‘ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാര്‍ വളരെ മികച്ചതാണ്. ഇന്ത്യന്‍ ടീമില്‍ ഒരു ഇടങ്കയ്യന്‍ സ്പിന്നറും ഒരു ഓഫ് സ്പിന്നറും ഒരു റിസ്റ്റ് സ്പിന്നറുമുണ്ട്, ഇന്ത്യക്ക് മികച്ച സ്പിന്‍ ആക്രമണം നടത്താന്‍ സാധിക്കും. അത് സൂക്ഷിച്ച് വേണം പാകിസ്ഥാന്‍ കളിക്കാന്‍,’ സമി പറഞ്ഞു.

ഇന്ത്യന്‍ ടീം മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. പാകിസ്ഥാനെതിരെ ട്വന്റി-20 ലോകകപ്പിലെ പോലെ തോല്‍വി അവര്‍ത്തിക്കരുതെന്നുള്ള ഉറച്ച തീരുമാനത്തിലാവും ഇന്ത്യ കളത്തിലിറങ്ങുക. ബാറ്റിങ്ങിലും ബൗളിങ്ങിലും തുടര്‍ച്ചയായി പരീക്ഷണങ്ങള്‍ നടത്തുന്ന ടീം ഇന്ന് പുതിയതായി എന്താണ് ഒരുക്കിവച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും.

Content Highlight: Muhammed Sami challenges Indian team Before India vs Pakistan match

We use cookies to give you the best possible experience. Learn more