| Saturday, 11th May 2019, 11:20 am

സി.പി.ഐ.എമ്മിനെതിരെ നട്ടാല്‍ കുരുക്കാത്ത നുണകളാണ് ഇതിലുള്ളത്: ബംഗാള്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്തയ്‌ക്കെതിരെ പോളിറ്റ് ബ്യൂറോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ദീദിക്കെതിരായ പോരാട്ടത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ നിശബ്ദം ബി.ജെ.പിയെ സഹായിക്കുന്നുവെന്ന തലക്കെട്ടോടെ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യാജ വാര്‍ത്തയെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം.

ബൂത്തുകള്‍ കൈകാര്യം ചെയ്യാന്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയെ സഹായിക്കുന്നുവെന്നാണ് വാര്‍ത്തയിലെ അവകാശവാദം. ഈ അവകാശവാദം അടിസ്ഥാനപരമായ മാധ്യമ മര്യാദ ഇല്ലാത്തതാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായം എന്തെന്ന് അറിയാനുള്ള ശ്രമം ലേഖിക നടത്തിയിട്ടില്ല.

സി.പി.ഐ.എം അംഗങ്ങളെക്കുറിച്ചും പ്രവര്‍ത്തകരെക്കുറിച്ചും നട്ടാല്‍ കുരുക്കാത്ത നുണകളാണ് ഇതില്‍ എഴുതിവെച്ചത്. പേരു വെളിപ്പെടുത്താത്ത ബി.ജെ.പി പ്രവര്‍ത്തകന്റെ വാക്കുകളെ ആധാരമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും മുഹമ്മദ് സലിം ചൂണ്ടിക്കാട്ടുന്നു.

ബംഗാളില്‍ പോരാട്ടം തൃണമൂലം ബി.ജെ.പിയും തമ്മിലാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് വലതുപക്ഷ മാധ്യമങ്ങളുടെ ശ്രമം. അതിനായി സി.പി.ഐ.എമ്മിനും ഇടതുപക്ഷത്തിനുമെതിരായി മാധ്യമങ്ങള്‍ നിരന്തരം നുണപ്രചരണം നടത്തുകയാണ്. ടൈംസ് ഓഫ് ഇന്ത്യ പോലുള്ള പ്രസിദ്ധീകരണങ്ങള്‍ക്ക് ബി.ജെ.പിയില്‍ നിന്നും തൃണമൂലില്‍ നിന്നും മറ്റുമായി കോടിക്കണക്കിന് രൂപയുടെ പരസ്യം ലഭിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായ പരസ്പര സഹായത്തിന്റെ തുടര്‍ച്ചയാണ് ഇത്തരം വ്യാജവാര്‍ത്തകളെന്നും മുഹമ്മദ് സലീം ആരോപിച്ചു.

എല്ലാവര്‍ക്കും വോട്ടു ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കാന്‍ ജീവന്‍പോലും പണയപ്പെടുത്തി സി.പി.ഐ.എം പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുവെന്നതാണ് പശ്ചിമബംഗാളിലെ യാഥാര്‍ഥ്യം. വോട്ടെടുപ്പു കഴിഞ്ഞശേഷവും പാര്‍ട്ടി ബൂത്ത് ഏജന്റുമാരെ തൃണമൂല്‍ ആക്രമിക്കുകയാണ്. ഇത് തെളിയിക്കുന്ന വീഡിയോകളും ചിത്രങ്ങളും കുറിപ്പുകളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ വരെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സര്‍ക്കാറിനും മമതാ സര്‍ക്കാറിനും എതിരെ വലിയ ജനവികാരം ബംഗാളിലുണ്ട്. യുവാക്കളെയും തൊഴിലാളികളെയും ബാധിക്കുന്ന ഒട്ടനവധി വിഷയങ്ങള്‍ ഇടതുപക്ഷം ഇവിടെ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഇത് തമസ്‌കരിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

We use cookies to give you the best possible experience. Learn more