കോഴിക്കോട്: അകക്കണ്ണുകളുടെ ഇന്ദ്രിയാനുഭവങ്ങളെ 64 കളങ്ങളിലേയ്ക്ക് പകര്‍ന്ന് ചെസ് മത്സരങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുകയാണ് കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദ് സാലിഹ്.
അക കണ്ണിലൂടെ സാമൂഹ്യ യാര്‍ത്ഥ്യങ്ങളെ വീക്ഷിക്കുവാനും വിലയിരുത്താനും ആരുമായി സംവദിക്കുവാനും കഴിയുന്ന തുറന്ന മനസ്സുള്ള ഈ ചെറുപ്പക്കാരന്‍ ഇതിനോടകം തന്നെ ധാരാളം ദേശീയ അന്തര്‍ദേശീയ മത്സരങ്ങളിലൂടെ പുരസ്‌ക്കാരങ്ങള്‍ വാരി കൂട്ടിയിട്ടുണ്ട്. ജീവിതം തന്നെ വലിയ സമരമാക്കി മാറ്റിയാണ് സാലിഹ് ചെസ് മല്‍സരങ്ങളില്‍ ഉന്നതിയിലേയ്ക്ക് കുതിയ്ക്കുന്നത്.
ലോക റാങ്കിങ്ങില്‍ 1362 റാങ്കുകാരനായ ഇദ്ദേഹം അടുത്ത മാസം ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് പാരലിംമ്പിക്‌സില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുകയാണ്. മത്സരത്തിനായുള്ള തയ്യാറെടുപ്പുകളെ കുറിച്ചും നേട്ടങ്ങളെ കുറിച്ചും ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ് സാലിഹ്.
“” 1 ാം തിയതി മുതല്‍ 14ാം തിയതി വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. 1 ാം തിയതി വൈകീട്ട് ദല്‍ഹിയില്‍ നിന്ന് യാത്ര തിരിക്കും. അതിന് മുന്നോടിയായിട്ട് മുംബൈയില്‍ വെച്ച് 24 ാം തിയതി മുതല്‍ കോച്ചിങ് ക്യാമ്പ് നടക്കുന്നുണ്ട്. 1 ാം തിയതി വരെയാണ് അത്. ഇന്ത്യന്‍ ടീമില്‍ നിലവില്‍ 9 പേരുണ്ട്. പരിശീലനപരിപാടികളെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്.
ലഭിച്ച അവസരം പരമാവധി ഉപയോഗപ്പെടുത്തി നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഫോണിലെ പ്രത്യേക ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് കളി പഠിക്കുകയും അനലൈസ് ചെയ്യുകയും ചെയ്യുന്നത്. സുഹൃത്തുക്കളും സഹായിക്കുന്നുണ്ട്. ചില കളികളെല്ലാം എടുത്ത് വെച്ച് സ്വന്തമായി അനലൈസ് ചെയ്ത് പ്രാക്ടീസ് ചെയ്യുകയാണ് ഇപ്പോള്‍””. – സാലിഹ് പറയുന്നു.
സ്‌കൂള്‍ തലം മുതലേ ചെസ് കളിക്കുമായിരുന്ന സാലിഹ് ഡിഗ്രി പഠനകാലത്താണ് മത്സരങ്ങളിലും മറ്റും പങ്കെടുക്കുന്നതും സമ്മാനങ്ങള്‍ നേടുന്നതും. ദേവഗിരി കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദവും ഗവണ്‍മെന്റ് ലോ കോളേജില്‍ എല്‍.എല്‍.ബി പഠനം സാലിഹ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ചെസ്സ് മത്സരത്തില്‍ നിരവധി പുരസ്‌കാരങ്ങളാണ് സാലിഹിനെ തേടിയെത്തിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ പിഡാറാസി പുരസ്‌കാരം അതില്‍ പ്രധാനപ്പെട്ടതാണ്. പിഡാറാസി ലഭിക്കാനായി കാശ്മീര്‍, ബംഗാള്‍, ഒറീസ, ചാര്‍ഗണ്‍ എന്നീ സംസ്ഥാനങ്ങളില്‍ പോയി കളിച്ചിട്ടുണ്ടെന്ന്
സാലിഹ് പറയുന്നു. പഠനകാലത്ത് കാലിക്കറ്റ് ഇന്റര്‍സോണ്‍ മത്സരങ്ങളില്‍ പങ്കെടുത്തും വിജയം കരസ്ഥമാക്കിയിട്ടുണ്ട്.
കേരളത്തിലെ ബ്ലൈന്‍ഡ് ടൂര്‍ണമെന്റില്‍ നിരവധ തവണ ചാമ്പ്യനായിരുന്ന ഇദ്ദേഹം കേരള ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു. രണ്ട് വട്ടം ദേശീയ തലത്തില്‍ കേരളത്തെ നയിച്ച മത്സരങ്ങളില്‍ വലിയ നേട്ടം തന്നെ കേരളടീമിന് സ്വന്തമാക്കാന്‍ സാധിച്ചിരുന്നു.
സൗത്ത് ഇന്ത്യന്‍ ടൂര്‍ണമെന്റില്‍ രണ്ട് തവണ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നാഷണല്‍ ടൂര്‍ണമെന്റില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ച മത്സരാര്‍ത്ഥിയും സാലിഹ് ആയിരുന്നു.
ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് ഏഷ്യന്‍ ഗെയിംസ് പാരാലിമ്പിക്‌സില്‍ പങ്കെടുക്കുക എന്നത് നിലവില്‍ കിട്ടിയിരിക്കുന്ന ഏറ്റവും നല്ല അവസരമാണ് അതിനെ പരമാവധി ഉപയോഗപ്പെടുത്തുമെന്നും സാലിഹ് പറയുന്നു.
സാധാരണ ചെസ് ബോര്‍ഡില്‍ നിന്നും അല്പം വ്യത്യസ്തമായ ബോര്‍ഡിലാണ് ഇവര്‍ ചെസ് കളിക്കുന്നത്. എല്ലാ വിധത്തിലുള്ള സൗകര്യങ്ങളും ലഭിക്കുന്ന രൂപത്തിലാണ് ബോഡിന്റെ രൂപകല്‍പ്പനയെന്ന് സാലിഹ് പറയുന്നു.
ടച്ച് ചെയ്താല്‍ കോയിന്‍സ് നീങ്ങിപ്പോകുകയോ വീണുപോകുകയോ ഇല്ല. അത് ഫിക്‌സ് ചെയ്തിരിക്കും. എല്ലാ കോയിന്റേയും ഷേപ്പ് ഒന്നാണ്. അതില്‍ ബ്ലാക്കും വൈറ്റും തിരിച്ചറിയാന്‍ വേണ്ടി ബ്ലാക്കിന്റെ ടോപ്പില്‍ ചെറിയ ഡോട്ട് ഉണ്ടാകും. വൈറ്റിന് അത് ഉണ്ടാവില്ല. അത് അങ്ങനെ തിരിച്ചറിയാം. സ്‌ക്വയേഴ്‌സ് ബ്ലാക്കും വൈറ്റും തിരിച്ചറിയാന്‍ വേണ്ടിയും സംവിധാനമുണ്ട്. ബുക്കുകൊണ്ടുള്ള ബോര്‍ഡാണ്. കട്ടിയുള്ളതുകൊണ്ട് വൈറ്റ് സ്‌ക്വയേഴ്‌സ് താഴ്ന്നിരിക്കും. ബ്ലാക് സ്‌ക്വയര്‍ ഉയര്‍ന്നിരിക്കും.
പിന്നെ എല്ലാ സ്‌ക്വയറിന്റേയും നടുക്ക് ചെറിയ ഒരു ഹോളും എല്ലാ പീസിനും ഒരു കാലും ഉണ്ടായിരിക്കും. ഈ ഹോളിലേക്ക് കാല്‍ ഇറക്കി വെക്കുകയാണ് ചെയ്യുക. അപ്പോള്‍ അത് ഫിക്‌സ് ആയിരിക്കും. അതുകൊണ്ട് തന്നെ സുഗമായി ഏതൊക്കെ സ്‌ക്വയറില്‍ ഏതൊക്കെ പീസ് ഉണ്ട് എന്ന തൊട്ടുനോക്കി മനസിലാക്കി അനലൈസ് ചെയ്ത് കളിക്കാനാവും- സാലിഹ് പറയുന്നു.
ഒരേ സമയം ഒന്നിലധികം ആള്‍ക്കാരോട് ഏറ്റുമുട്ടുന്ന ഒരു പ്രദര്‍ശന മത്സരം നടത്താനാഗ്രഹിക്കുന്ന ഇദ്ദേഹം ചെസില്‍ തന്റെ അറിവ് പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ അതിയായി ആഗ്രഹിക്കുന്ന വ്യക്തികൂടിയാണ്.
നിയമ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പരീക്ഷാ ഫലം കാത്തിരിക്കുന്ന മുഹമ്മദ് സാലിഹിന് ജക്കാര്‍ത്തയിലേക്ക് യാത്ര അയപ്പ് നല്‍കുവാന്‍ ഒരുങ്ങുകയാണ് കോഴിക്കോട്ടെ അഭിഭാഷകരും നിയമവിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും. ഭാര്യയും രണ്ട് കുട്ടികളും ഉമ്മയും സഹോദരങ്ങളും സഹോദരിമാരും അടങ്ങുന്നതാണ് സാലിഹിന്റെ കുടുംബം.