ആ ഗോൾ കൊണ്ടെത്തിച്ചത് റെക്കോഡ്‌ നേട്ടത്തിൽ; തിയറി ഹൊൻറിക്കൊപ്പം ഈജിപ്ഷ്യൻ മാന്ത്രികനും
Football
ആ ഗോൾ കൊണ്ടെത്തിച്ചത് റെക്കോഡ്‌ നേട്ടത്തിൽ; തിയറി ഹൊൻറിക്കൊപ്പം ഈജിപ്ഷ്യൻ മാന്ത്രികനും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd September 2023, 1:43 pm

യൂറോപ്യൻ കോമ്പറ്റീഷനുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഇംഗ്ലീഷ് ക്ലബ്ബിന്റെ താരം എന്ന തിയറി ഹൊൻറിയുടെ റെക്കോഡിനൊപ്പമെത്തി ലിവർപൂൾ സൂപ്പർ താരം മുഹമ്മദ്‌ സലാ.

യുവേഫ യൂറോപ്പ ലീഗിലെ ഗ്രൂപ്പ്‌ ഇ യിൽ നടന്ന ആദ്യ മത്സരത്തിൽ ലാസ്‌ക്ക് ലീൻസിനെതിരെ നേടിയ ഗോൾ ആണ് താരത്തെ ഈ നേട്ടത്തിൽ എത്തിച്ചത്. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം.

റെയ്‌ഫിസെൻസ് അറീന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 88ാം മിനിട്ടിൽ ആയിരുന്നു സലായുടെ ചരിത്രഗോൾ പിറന്നത്. പെനാൽട്ടി ബോക്സിൽ നിന്നും പന്തുമായി ഒറ്റയ്ക്ക് നീങ്ങിയ താരം ലക്ഷ്യം കാണുകയായിരുന്നു. ഈ ഗോളോടെയാണ് സല തിയറി ഹൊൻറിയുടെ റെക്കോഡിനൊപ്പം എത്തിയത്.

42 ഗോളുകളാണ് ഇരുവരും നേടിയത്. നേരത്തേ മത്സരത്തിന്റെ 13ാം മിനിട്ടിൽ ആതിഥേയരാണ് ആദ്യം മുന്നിലെത്തിയത്.

വലതു കോർണറിൽ നിന്നും ലഭിച്ച പന്ത് പെനാൽട്ടി ബോക്സിന്റെ പുറത്തുനിന്നും ഫ്ളോറിൻ ഫ്ലെക്കർ പോസ്റ്റിലേക്ക് ഷൂട്ട്‌ ചെയ്യുകയായിരുന്നു.

രണ്ടാം പകുതിയിൽ 56ാം മിനിട്ടിൽ ഡാർവിൻ യൂനസ് പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ലിവർപൂളിനെ മത്സരത്തിൽ ഒപ്പം എത്തിച്ചു. 63ാം മിനിട്ടിൽ ലൂയിസ് ഡയസിന്റെ രണ്ടാം ഗോളിലൂടെ ലിവർപൂൾ മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

 

വിജയത്തോടെ യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ഇ യിൽ ഒന്നാം സ്ഥാനത്തെത്താനും യർഗൻ ക്ളോപ്പിനും പിള്ളേർക്കും സാധിച്ചു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സെപ്റ്റംബർ 24ന് ആൻഫീൽഡിൽ വെച്ച് ലിവർപൂൾ വെസ്റ്റ് ഹാമിനെ നേരിടും.

Content Highlight: Mohamed Salah has shared the record with Thierry Henry as the English club’s player with the most goals in European competitions.