ഈദ് നമസ്‌ക്കാരത്തിന് പങ്കെടുക്കാന്‍ അനുവദിക്കാത്ത മാധ്യമങ്ങള്‍ക്കെതിരെയും ആരാധകര്‍ക്കെതിരെയും മുഹമ്മദ് സലാ
Muhammed Salah
ഈദ് നമസ്‌ക്കാരത്തിന് പങ്കെടുക്കാന്‍ അനുവദിക്കാത്ത മാധ്യമങ്ങള്‍ക്കെതിരെയും ആരാധകര്‍ക്കെതിരെയും മുഹമ്മദ് സലാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th June 2019, 8:44 pm

ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ച് ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത ഫുട്‌ബോള്‍ താരമാണ് മുഹമ്മദ് സലാ. ഈജിപ്ഷ്യന്‍ മെസ്സി എന്നറിയപ്പെടുന്ന മുഹമ്മദ് സലാ മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും എതിരെ രംഗത്തെത്തി. ഈദ് നമസ്‌ക്കാരത്തില്‍ പങ്കെടുക്കാന്‍ അനുവദിവച്ചില്ല എന്നാരോപിച്ചാണ് മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും എതിരെ സലാ രംഗത്തെത്തിയത്.

ഈദ് ആഘോഷിക്കുന്നതിന് വേണ്ടിയാണ് മുഹമ്മദ് സലാ തന്റെ ജന്മനാടായ ഈജിപ്തിലേക്ക് വന്നത്. ബുധനാഴ്ചയാണ് സലാ ട്വിറ്ററിലൂടെ മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും എതിരെ രംഗത്തെത്തിയത്. ചില ആരാധകരും മാധ്യമപ്രവര്‍ത്തകരും ഈദ് നമസ്‌ക്കാരത്തിന് വേണ്ടി പോവാന്‍ വീടിന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല എന്നാണ് സലായുടെ ആരോപണം. ഈ നടപടി സ്വകാര്യതയെ ബഹുമാനിക്കാതിരിക്കലും പ്രൊഫഷണലിസമില്ലായ്മയും മാത്രമാണെന്നും സലാ ആരോപിച്ചു.

 

പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം, ഈദ് നമസ്‌ക്കാരം നിര്‍വഹിക്കുന്നതിന് വേണ്ടി പുറത്ത് പോവാന്‍ സലാ പ്രാദേശിക പൊലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. ഗാര്‍ബിയയിലെ നാഗ്രിഗ് ഗ്രാമത്തിലെ സലായുടെ വീടിന് മുമ്പില്‍ ആരാധകരും മാധ്യമപ്രവര്‍ത്തകരും തടിച്ച് കൂടി നില്‍ക്കുകയായിരുന്നു സലായോടൊപ്പം സെല്‍ഫിയെടുക്കാന്‍.

 

പ്രാദേശിക പൊലീസിന്റെ സഹായം ലഭിക്കാത്തതോടെ മേയറെ ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല. ഇതോടെ സലായുടെ ഭാര്യയും മകളും അമ്മയും നമസ്‌ക്കാരത്തിന് വേണ്ടി പുറത്ത് പോയി. സലാക്ക് അവരോടൊപ്പം പോവാനായില്ല.

ഇതിനെതിരെയാണ് സലാ രംഗത്തെത്തിയത്. ജൂണ്‍ 21ന് ആരംഭിക്കുന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ ഈജിപ്തിന് വേണ്ടി സലാ കളിക്കുന്നുണ്ട്.