ആഴ്സണൽ ഇതിഹാസത്തെ വീഴ്ത്തി ചരിത്രമെഴുതി സലാ; മാഞ്ചസ്റ്റർ യുണൈറ്റഡിന് കണ്ണുനീർ
Football
ആഴ്സണൽ ഇതിഹാസത്തെ വീഴ്ത്തി ചരിത്രമെഴുതി സലാ; മാഞ്ചസ്റ്റർ യുണൈറ്റഡിന് കണ്ണുനീർ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 1st September 2024, 10:27 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ കീഴടക്കിയത്. റെഡ് ഡേവിള്‍സിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ശൈലിയിലായിരുന്നു ഇരുടീമുകളും കളത്തിലിറങ്ങിയത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ ലിവര്‍പൂള്‍ രണ്ട് ഗോളുകള്‍ നേടി ലീഡ് സ്വന്തമാക്കി. കൊളംബിയന്‍ താരം ലൂയിസ് ഡയസിന്റെ ഇരട്ട ഗോളിന്റെ കരുത്തിലാണ് റെഡ്‌സ് ആദ്യ പകുതി സ്വന്തമാക്കിയത്. ഈ രണ്ടു ഗോളിനും വഴിയൊരുക്കിയത് ഈജിപ്ഷ്യന്‍ സൂപ്പര്‍താരം മുഹമ്മദ് സലായായിരുന്നു.

34ാം മിനിട്ടില്‍ സലയുടെ ക്രോസില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡറിലൂടെ ലൂയിസ് ആദ്യ ഗോള്‍ നേടുകയായിരുന്നു. പിന്നീട് ആദ്യ പകുതി അവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കിനില്‍ക്കെ താരം രണ്ടാം ഗോളും നേടി. 42ാം മിനിട്ടില്‍ സലായുടെ പാസില്‍ നിന്നും ഡയസ് ഒരു ഫസ്റ്റ് ടച്ചിലൂടെ ലക്ഷ്യം കാണുകയായിരുന്നു.

രണ്ടാം പകുതിയില്‍ 52ാം മിനിട്ടില്‍ സലായും ഗോള്‍ നേടിയതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പൂര്‍ണമായും സ്വന്തം ആരാധകരുടെ മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.  മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോസ്റ്റിൽ നിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെ സലാ പന്ത് വലയിലെത്തിക്കുകയായിരുന്നു.

മത്സരത്തിലെ ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഈജിപ്ഷ്യന്‍ താരം സ്വന്തമാക്കിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചരിത്രത്തില്‍  ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഗോളും അസിസ്റ്റും നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടത്തിലേക്കാണ് സലാ നടന്നുകയറിയത്. ഇ.പി.എല്ലില്‍ 33 തവണയാണ് സലാ ഒരു മത്സരത്തില്‍ തന്നെ ഗോളും അസിസ്റ്റും സ്വന്തമാക്കുന്നത്.

32 തവണ ഈ നേട്ടം സ്വന്തമാക്കിയ ആഴ്‌സണലിന്റെ മുന്‍ ഫ്രഞ്ച് താരം തിയറി ഒന്റിയെ മറികടന്നു കൊണ്ടായിരുന്നു ഈജിപ്ഷ്യന്‍ താരത്തിന്റെ മുന്നേറ്റം. 36 തവണ ഇത്തരത്തില്‍ ഗോളും അസിസ്റ്റുകളും സ്വന്തമാക്കിയ ഇംഗ്ലീഷ് ഇതിഹാസം വെയ്ന്‍ റൂണിയാണ് ഈ പട്ടികയില്‍ ഒന്നാമതുള്ളത്.

ജയത്തോടെ ഇ.പി.എല്ലില്‍ മൂന്ന് മത്സരങ്ങളും വിജയിച്ചു കൊണ്ട് ഒമ്പത് പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ലിവര്‍പൂള്‍. മറുഭാഗത്ത് തോല്‍വിയോടെ മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു വിജയവും രണ്ട് തോല്‍വിയും അടക്കം 14ാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

സെപ്റ്റംബര്‍ 14ന് ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ നോട്ടിന്‍ ഹോം ഫോറസ്റ്റിനെയാണ് റെഡ്‌സ് നേരിടുക. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ സതാംപ്ടണാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എതിരാളികള്‍. സതാംപ്ടണിന്റെ തട്ടകമായ സെന്റ് മേരീസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

Content Highlight: Muhammed Salah Great Performance and Liverpool Beat Manchester United