| Tuesday, 26th March 2019, 1:42 pm

പെണ്‍കുട്ടിക്ക് 18 വയസുണ്ട്, തട്ടിക്കൊണ്ടുപോയതല്ല, ഏറെ നാളായി പ്രണയത്തിലാണെന്നും മുഹമ്മദ് റോഷന്‍; സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് പെണ്‍കുട്ടിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ഓച്ചിറയിലെ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ താന്‍ തട്ടിക്കൊണ്ടുപോയതല്ലെന്ന്  പ്രതി മുഹമ്മദ് റോഷന്‍. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്റെ കൂടെ വന്നതാണെന്നും റോഷന്‍ പറഞ്ഞു.

പെണ്‍കുട്ടിക്ക് 18 വയസുണ്ട്. ഏറെ നാളായി തങ്ങള്‍ പ്രണയത്തിലാണ്. പ്രണയം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് നാടുവിടേണ്ടി വന്നതെന്നും റോഷന്‍ പറഞ്ഞു.

“ഒളിച്ചോടിയതാണ്. ആളുകള്‍ക്ക് എന്തുവേണമെങ്കിലും പറയാമല്ലോ. രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ക്ക് അറിയാമായിരുന്നു.” എന്നാണ് റോഷന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ട്രെയിനില്‍ മംഗലാപുരത്ത് എത്തി ഒരു ദിവസം അവിടെ തങ്ങി. പിന്നീട് മറ്റൊരു ട്രെയിനില്‍ മുംബൈയിലേക്ക് പോകുകയായിരുന്നു. നാലു ദിവസമായി മുംബൈയില്‍ കഴിയുകയായിരുന്നുവെന്നാണ് റോഷന്‍ പറഞ്ഞത്.

മുംബൈയില്‍ വന്ന ആദ്യത്തെ ദിവസം ഒരു ബസ്റ്റോപ്പിലാണ് കഴിഞ്ഞതെന്നും ഇവിടെ പരിചയക്കാര്‍ ആരുമില്ലെന്നുമാണ് റോഷന്‍ പറഞ്ഞത്. പിന്നീട് പന്‍വേലില്‍ ഒരിടത്താണ് കഴിഞ്ഞത്. അവിടെ വെച്ചാണ് പൊലീസ് പിടികൂടിയതെന്നും റോഷന്‍ മാധ്യമങ്ങളോടു പറഞ്ഞു.

Also read:“കാണ്‍പൂരിലെന്നല്ല ഒരിടത്തും മത്സരിക്കേണ്ടെന്ന് എന്നോട് പറഞ്ഞു” ; വോട്ടര്‍മാര്‍ക്ക് മുരളി മനോഹര്‍ ജോഷിയുടെ കത്ത്

പെണ്‍കുട്ടിയും ഇതുതന്നെയാണ് പറഞ്ഞതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. രാജസ്ഥാനിലുള്ള ഒരു യുവാവുമായി വീട്ടുകാര്‍ തന്നെ വിവാഹം കഴിപ്പിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് തങ്ങള്‍ക്ക് ഒളിച്ചോടേണ്ടി വന്നതെന്നാണ് പെണ്‍കുട്ടി പറഞ്ഞതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

തനിക്ക് 18 വയസുണ്ടെന്നാണ് പെണ്‍കുട്ടിയും അവകാശപ്പെട്ടത്.

കഴിഞ്ഞ പതിനെട്ടാം തിയ്യതിയാണ് കൊല്ലം ഓച്ചിറയില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടത്. രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം പെണ്‍കുട്ടിയെ റോഷനും സംഘവും തട്ടികൊണ്ടുപോയെന്നായിരുന്നു പരാതി.

രാജസ്ഥാന്‍ സ്വദേശികളായ ഇവര്‍ വഴിയോരക്കച്ചവടം നടത്തിവരികയാണ്. കച്ചവടം നടത്തുന്ന സ്ഥലത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള ഷെഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. അവിടെ കയറിയാണ് മകളെ തട്ടികൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞിരുന്നു.

ഓച്ചിറയില്‍ നിന്ന് റോഷന്റെയും പെണ്‍കുട്ടിയുടെയും കൂടെ കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വെ സ്റ്റേഷന്‍ വരെ അനുഗമിച്ചെന്നും പൊലീസ് പറഞ്ഞിരുന്നു. അതേസമയം പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയതല്ലെന്നും ഇരുവരും പ്രണയത്തിലായിരുന്നെന്നും നാട്ടുകാരില്‍ ചിലര്‍ വെളിപ്പെടുത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more