| Wednesday, 30th August 2023, 8:21 pm

'സ്‌കൂള്‍ കുട്ടികള്‍ ഔട്ടാകുന്നത് പോലെ' ബാബര്‍ വരെ കലിപ്പായി; ഏഷ്യാ കപ്പില്‍ റിസ്വാന്റെ മണ്ടത്തരം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെ ആദ്യ മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആതിഥേയരായ പാകിസ്ഥാനും നേപ്പാളും ഏറ്റുമുട്ടുന്ന മത്സരത്തില്‍ പാകിസ്ഥാന് കൂറ്റന്‍ ടോട്ടല്‍ സ്വന്തമാക്കി. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്.

സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും ഇഫ്തിഖര്‍ അഹമ്മദിന്റെയും പ്രകടനമാണ് പാകിസ്ഥാനെ മികച്ച ടോട്ടലിലേക്ക് എത്തിച്ചത്. ബാബര്‍ 131 പന്തില്‍ 151 റണ്‍സ് നേടിയപ്പോള്‍ ഇഫ്തിഖര്‍ 71 പന്ത് നേരിട്ട് 109 റണ്‍സുമായി പുറത്താകാതെ നിന്നു.

പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്റെ പുറത്താകലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മത്സരത്തിന്റെ 24ാം ഓവറിലായിരുന്നു അദ്ദേഹം പുറത്താകുന്നത്. തുടക്കത്തില്‍ പാളിയ പാകിസ്ഥാന്‍ ബാറ്റിങ് നിരയെ നിലയുറപ്പിക്കുന്ന പാര്‍ട്ണര്‍ഷിപ്പായിരുന്നു ബാബറിന്റെയും റിസ്വാന്റെയും. എന്നാല്‍ റിസ്വാന്‍ തന്റെ അശ്രദ്ധ മൂലം റണ്ണൗട്ടാകുകയായിരുന്നു.

24ാം ഓവറില്‍ സിംഗിളിനായി ഓടവേ നോണ്‍സ്ട്രൈക്കിലെ ക്രീസിന് തൊട്ടടുത്ത് റിസ്വാന്‍ എത്തിയിരുന്നു. എന്നാല്‍ ത്രോ മേലില്‍ കൊള്ളുമോയെന്ന പേടിയെത്തുടര്‍ന്ന് റിസ്വാന്‍ തിരിഞ്ഞുനോക്കുകയായിരുന്നു. ഈ സമയത്ത് നേപ്പാളി ഫീല്‍ഡര്‍ ദീപേന്ദ്ര സിങ് ഡയറക്ട് ത്രോ സ്റ്റംപിലേക്ക് എറിയുകയായിരുന്നു. താരത്തിന്റെ ബാറ്റും കാലും ഗ്രൗണ്ടില്‍ നിലയുറപ്പിക്കാതെ എയറില്‍ നില്‍ക്കുകയായിരുന്നു. സ്‌കൂള്‍ ബോയ് കൈന്‍ഡ് ഓഫ് റണ്ണൗട്ട് എന്നായിരുന്നു കമന്റേറ്റര്‍മാര്‍ ഈ റണ്ണൗട്ടിനെ വിശേഷിപ്പിച്ചത്.

നിര്‍ണായക സമയത്ത് ഔട്ടയതു കൊണ്ട് തന്നെ ക്രീസിന്റെ അപ്പുറമുള്ള ബാബര്‍ വളരെ നിരാശനായിരുന്നു. റിസ്വാന്‍ പുറത്തായതിന് പിന്നാലെ താരം ക്യാപ് വലിച്ചെറിയുന്നുണ്ട്.

ഓപ്പണര്‍മാരായ ഫഖര്‍ സമാനും ഇമാം ഉള്‍ ഹഖും പുറത്തായതിന് ശേഷം നാലാമതായിട്ടായിരുന്നു റിസ്വാന്‍ ക്രീസിലെത്തിയത്. ബാബറുമൊത്ത് 86 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പുണ്ടാക്കാന്‍ റിസ്വാന്‍ സാധിച്ചിരുന്നു. 50 പന്ത് നേരിട്ട് ആറ് ഫോറടക്കം 44 റണ്‍സാണ് താരം സ്വന്തമാക്കിയത്.

അതേസമയം ടാര്‍ഗറ്റ് ചെയ്‌സ് ചെയ്യാന്‍ ഇറങ്ങിയ നേപ്പാള്‍ 28ന് മൂന്ന് എന്ന നിലയില്‍ പരുങ്ങുകയാണ്. പാകിസ്ഥാനായി ഷഹീന്‍ അഫ്രിദി രണ്ടും നസീം ഷാ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Muhammed Rizwan’s Funny Runout In Asiacup 2023

We use cookies to give you the best possible experience. Learn more