| Saturday, 24th June 2017, 10:35 am

കള്ളനോട്ട് കേസില്‍ പിടിക്കപ്പെടുന്ന ആദ്യ ബി.ജെ.പിക്കാരന്‍ രാകേഷ് അല്ല: ഈ ബി.ജെ.പി നേതാക്കളും കള്ളനോട്ട് നല്‍കിയതിന് പിടിക്കപ്പെട്ടിട്ടുണ്ട്: പേരുവിവരങ്ങള്‍ വെളിപ്പെടുത്തി മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കള്ളനോട്ടുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ് റിയാസ്. ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ കള്ളനോട്ടുമായി പിടിക്കപ്പെട്ടിട്ടുണ്ടെന്നും കൊടുങ്ങല്ലൂരിലും തൃശൂരിലും ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം നോട്ടുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നുമാണ് മുഹമ്മദ് റിയാസിന്റെ ആരോപണം.

റിപ്പോര്‍ട്ടര്‍ ചാനലിലെ എം.വി നികേഷ്‌കുമാര്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ടുനിരോധനത്തിന് ആഴ്ചകള്‍ക്കുശേഷം ഇരുപതുലക്ഷത്തിന്റെ കള്ളനോട്ടുകള്‍ കൈവശം വെച്ചതിന് യുവമോര്‍ച്ച സേലം ജില്ലാ സെക്രട്ടറിയുമായ അരുണിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് മുഹമ്മദ് റിയാസിന്റെ വെളിപ്പെടുത്തല്‍. ഇതിനു പുറമേ കൊടുങ്ങല്ലൂര്‍ മേഖലയിലെ പ്രമുഖ ബി.ജെ.പി നേതാക്കള്‍ അവിടങ്ങളില്‍ കള്ളനോട്ട് വിതരണം ചെയ്തതു തര്‍ക്കത്തിനു വഴിവെച്ച സംഭവമുണ്ടായിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് തെളിവുസഹിതം വിശദീകരിക്കുന്നു.


Also Read: പള്‍സര്‍ സുനി നടിയെ ആക്രമിച്ചത് പണത്തിനു വേണ്ടിയെന്ന് സഹതടവുകാരന്റെ മൊഴി


കൊടുങ്ങല്ലൂരിലെ ഒരു കടയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ 2000ത്തിന്റെ കള്ളനോട്ട് നല്‍കിയെന്നും അതേത്തുടര്‍ന്ന് അവിടെ വലിയ തര്‍ക്കമുണ്ടായെന്നും റിയാസ് പറഞ്ഞു. എന്നാല്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ ഇക്കാര്യം നിഷേധിക്കുകയും ഇത് തെളിയിക്കാനും ബി.ജെ.പി നേതാവിന്റെ പേരുവെളിപ്പെടുത്താനും മുഹമ്മദ് റിയാസിനെ വെല്ലുവിളിക്കുകയും ചെയ്തു.

ഇതോടെ മുഹമ്മദ് റിയാസ് പ്രദേശത്തെ ഡി.വൈ.എഫ്.ഐ നേതാവ് വിവേക് വിജയനുമായി ഫോണില്‍ ബന്ധപ്പെടുകയും അത് ചാനല്‍ കണക്ട് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് സംസാരിച്ച വിവേക് ബി.ജെ.പി കൈപ്പമംഗലം ജനറല്‍ സെക്രട്ടറി സതീശന്‍ ആമണ്ടൂരാണ് കള്ളനോട്ടുമായി കടയിലെത്തിയതെന്നു വെളിപ്പെടുത്തി.

കള്ളനോട്ടാണ് ലഭിച്ചതെന്ന് സംശയം തോന്നിയ കടക്കാരി സതീശനുമായി തര്‍ക്കിച്ചെന്നും ഇതേത്തുടര്‍ന്ന് ആളുകൂടുകയും ഇയാള്‍ സ്ഥലം വിടുകയുമായിരുന്നെന്നും വിവേക് പറഞ്ഞു.

മറ്റൊരു ബി.ജെ.പി പ്രവര്‍ത്തകന്‍ പെട്രോള്‍ പമ്പില്‍ കള്ളനോട്ട് കൈമാറിയെന്ന ആരോപണവും വിവേക് ഉയര്‍ത്തി. ബി.ജെ.പി പ്രവര്‍ത്തകന്‍ നവീണ്‍ പൂവത്തിങ്കടവിലാണ് ഇത്തരത്തില്‍ പണം കൈമാറിയതെന്നാണ് വിവേക് പറഞ്ഞത്.

കള്ളനോട്ടാണെന്ന് സംശയം പ്രകടിപ്പിച്ച പെട്രോള്‍ പമ്പിലെ ജീവനക്കാരനുമായി തര്‍ക്കിച്ചു. സംഗതി കൈവിട്ടുപോകുമെന്ന് തോന്നിയപ്പോള്‍ ഇയാളും സ്ഥലത്തുനിന്ന് പതിയെ ഊരി. ഇയാള്‍ക്ക് കഴിഞ്ഞദിവസം അറസ്റ്റിലായ യുവമോര്‍ച്ചാ നേതാവ് രാകേഷുമായി അടുത്തബന്ധമുണ്ടെന്നും വിവേക് പറഞ്ഞു.

വ്യാപാരിയെ തട്ടിച്ച് പതിനാറ് കോടിയുടെ കള്ളപ്പണം സൂക്ഷിച്ച സംഭവത്തില്‍ ബി.ജെ.പിയുടെ മൂന്നു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത കാര്യവും വിവേക് ചൂണ്ടിക്കാട്ടി. കൊലക്കേസില്‍ ഉള്‍പ്പെടെ പ്രതിയായ ഷനില്‍ മുഹമ്മദ്, ലാല്‍ കൃഷ്ണ, പേരറിയാത്ത മറ്റൊരാള്‍ക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളതെന്ന് വിവേക് വിശദീകരിച്ചു.

വിവേകിന്റെ ആരോപണങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നു പറഞ്ഞ ശോഭാ സുരേന്ദ്രന്‍ സതീശന്‍ എന്നൊരു പ്രവര്‍ത്തകന്‍ തന്റെ അറിവില്‍ അവിടെ ഇല്ലെന്നു പറഞ്ഞു. ഇക്കാര്യം തെളിയിക്കാന്‍ ശോഭ ബി.ജെ.പി മണ്ഡലം സെക്രട്ടറിയെ ഫോണില്‍ വിളിച്ചപ്പോള്‍ അങ്ങനെയൊരു പ്രവര്‍ത്തകന്‍ ഉണ്ടെന്നാണ് മണ്ഡലം സെക്രട്ടറി അറിയിച്ചത്. ഇതേത്തുര്‍ന്ന് സതീശനുമായി ശോഭാ സുരേന്ദ്രന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

കൊടുങ്ങല്ലൂരിലും തൃശൂരിന്റെ വിവിധയിടങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തനത്തിനും ഗുണ്ടായിസത്തിനും ക്രിമിനലിസത്തിനും ബി.ജെ.പി കള്ളനോട്ടുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് ചര്‍ച്ചയില്‍ ആരോപിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ രാകേഷ് ഇടയ്ക്കിടെ ദല്‍ഹിയില്‍ പോകാറുണ്ടെന്നും ദല്‍ഹി കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനമെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനാണെന്നാണ് രാകേഷ് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത്. ഇയാള്‍ക്ക് ബി.ജെ.പിയിലെ ഉന്നത നേതാക്കളുമായി ബന്ധമുണ്ടെന്നും റിയാസ് ആരോപിച്ചു.

ചര്‍ച്ചയില്‍ വളരെ രോഷാകുലയായാണ് ശോഭാ സുരേന്ദ്രന്‍ ഇടപെട്ടത്. പലപ്പോഴും ബി.ജെ.പിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സമയത്ത് മുഹമ്മദ് റിയാസിനെ സംസാരിക്കാന്‍ അനുവദിക്കാതെയും ഇതുമായി ബന്ധമില്ലാത്ത വിഷയങ്ങളെക്കുറിച്ചു സംസാരിച്ചും ശോഭാ സുരേന്ദ്രന്‍ വിഷയം മാറ്റാനുള്ള ശ്രമങ്ങളും നടത്തി. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ശോഭാ സുരേന്ദ്രനെ പ്രതിരോധത്തിലാക്കുന്ന രീതിയിലായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണങ്ങള്‍.

കള്ളനോട്ടുമായി ബന്ധപ്പെട്ട് ബി.ജെ.പിയുമായി ബന്ധമുള്ളവര്‍ അറസ്റ്റിലാവുന്ന ആദ്യത്തെ സംഭവമാണിതെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാദം. എന്നാല്‍ ബി.ജെ.പി നോട്ടുനിരോധനത്തിനു പിന്നാലെ തന്നെ യുവമോര്‍ച്ചാ ജില്ലാ സെക്രട്ടറി ഇത്തരത്തില്‍ പിടിക്കപ്പെട്ടിട്ടുണ്ടെന്നും ബി.ജെ.പി കൈപ്പമംഗലം ജില്ലാ സെക്രട്ടറിയും ബി.ജെ.പി പ്രവര്‍ത്തകന്‍ നവീണ്‍ പൂവത്തിങ്കടവിലും കള്ളനോട്ട് കൈമാറാന്‍ ശ്രമിച്ചിട്ടുണ്ടെന്ന വിവരവുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more