മുഖ്യമന്ത്രിയെന്ത് ക്രൂരനെന്ന പ്രചാരണമാണ് നടത്തുന്നത്; മൈക്ക് വിഷയത്തില്‍ മുഹമ്മദ് റിയാസ്
keralanews
മുഖ്യമന്ത്രിയെന്ത് ക്രൂരനെന്ന പ്രചാരണമാണ് നടത്തുന്നത്; മൈക്ക് വിഷയത്തില്‍ മുഹമ്മദ് റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th July 2023, 9:42 pm

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കവെ മൈക്ക് തടസപ്പെട്ട സംഭവത്തിലെ കേസില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. കേസെടുത്തത് ശരിയല്ലെന്ന അഭിപ്രായം ഉള്ളത് കൊണ്ടാണ് അത് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും എന്നാല്‍ മുഖ്യമന്ത്രി എന്ത് ക്രൂരനാണെന്ന പ്രചാരണമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രി അത് പറയണമെങ്കില്‍ അത് ശരിയല്ലെന്ന അഭിപ്രായം മുഖ്യമന്ത്രിക്ക് ഉണ്ടെന്നാണ് അതില്‍ നിന്നും മനസിലാക്കേണ്ടത്. എന്നാല്‍ ഇവിടെ നടത്തുന്ന പ്രചരണം മുഖ്യമന്ത്രിയെന്ത് ക്രൂരനെന്നാണ്. സര്‍ക്കാര്‍ എന്തൊരു ക്രൂരത കാട്ടുന്ന സര്‍ക്കാരാണ്, അതിന് ചാടികേസെടുത്തുവെന്ന് തോന്നുന്ന രീതിയിലുള്ള പ്രചരണമാണ് നടത്തുന്നത്. കേരളത്തില്‍ ഒരു ദിവസം ശരാശരി ആയിരത്തിലധികം കേസുകള്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി എടുക്കുന്നുണ്ട്. ഇതെല്ലാം ഓരോ ഘട്ടത്തിലും ആഭ്യന്തര മന്ത്രിമാര്‍ അറിഞ്ഞിട്ടാണോ. അല്ലെങ്കില്‍ ആഭ്യന്തരമന്ത്രിയുമായോ മറ്റേതെങ്കിലും മന്ത്രിമാരുമായോ ബന്ധപ്പെട്ട് കേസുകള്‍ വരുന്നത് അവര്‍ അറിഞ്ഞിട്ടാണോ, അല്ലലോ,’ റിയാസ് പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണം പൊലീസ് അവസാനിപ്പിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകേണ്ടതില്ലെന്നും കേസ് ഇന്ന് തന്നെ അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ കന്റോണ്‍മെന്റ് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. മൈക്ക് തടസപ്പെട്ടതിന് കേസെടുത്തത് വന്‍ വിവാദമായതോടെയായിരുന്നു സര്‍ക്കാരിന്റെ ഇടപെടല്‍.

മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ ഹൗളിങ്ങ് നടന്നതില്‍ മനപൂര്‍വമായ ഇടപെടല്‍ പരിശോധിക്കുക മാത്രമാണ് ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചിരുന്നു. പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ മൈക്ക് പ്രവര്‍ത്തിച്ചു എന്നാണ് എഫ്.ഐ.ആറില്‍ ഉണ്ടായിരുന്നത്. പൊലീസ് ആക്ട് 118 ഇ വകുപ്പ് പ്രകാരമായിരുന്നു കേസ്.

Content Highlight: Muhammed riyaz about mike issue