| Thursday, 21st October 2021, 2:55 pm

റോഡ് നിര്‍മാണത്തില്‍ അലംഭാവം; കരാറുകാരനെ പുറത്താക്കി പൊതുമരാമത്ത് വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: റോഡ് നിര്‍മാണത്തില്‍ അലംഭാവം കാണിച്ച കരാറുകാരനെ പുറത്താക്കി പൊതുമരാമത്ത് വകുപ്പ്. കാസര്‍കോട് എം.ഡി കണ്‍സ്ട്രക്ഷനെതിരെയാണ് നടപടി.

പേരാമ്പ്ര-താന്നിക്കണ്ടി-ചക്കിട്ടപ്പാറ റോഡ് പ്രവൃത്തിയിലെ അലംഭാവത്തെ തുടര്‍ന്നാണ് നടപടി.

2020 മേയ് മാസം 29നാണ് റോഡ് പണി ആരംഭിച്ചത്. 9 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തികരിക്കാനായിരുന്നു കരാര്‍. ഇതിനായി 10 കോടി രൂപ അനുവദിച്ചിരുന്നു.

പ്രവൃത്തി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ചിരുന്നു. സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്ക് മന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

എന്നിട്ടും പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നടപടി.

നേരത്തെ ദേശീയ പാത 766ല്‍ നടക്കുന്ന പ്രവൃത്തിയില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്ന്‌നാഥ് ഇന്‍ഫാസ്ട്രക്ചര്‍ കമ്പനിയില്‍ നിന്നും പിഴ ഈടാക്കാനും കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു.

ദേശീയപാത 766 തിരുവമ്പാടിക്കടുത്ത് പുല്ലാഞ്ഞിമേട് വളവിലെ നവീകരണ പ്രവൃത്തിയിലാണ് കരാറുകാരായ നാഥ് കണ്‍സ്ട്രക്ഷന്‍സ് അലംഭാവം വരുത്തിയത്. മുഹമ്മദ് റിയാസ് സെപ്തംബര്‍ മാസത്തില്‍ ഈ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശവും മന്ത്രി നല്‍കിയിരുന്നു.

ഒരു ഭാഗത്ത പ്രവര്‍ത്തി ഒക്ടോബര്‍ 15 നകം തീര്‍ക്കണം എന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കരാറുകാരന്‍ മന്ത്രിയുടെ നിര്‍ദേശത്തിന് കാര്യമായ വില നല്‍കിയില്ല.

തുടര്‍ന്നാണ് കടുത്ത നടപടിയിലേക്ക് മന്ത്രി തിരിഞ്ഞത്. സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു.

നിയമസഭയില്‍ കരാറുകാരെ കൂട്ടിവരുന്ന എം.എല്‍.എമാരെയും മന്ത്രി വിമര്‍ശിച്ചിരുന്നു. അഴിമതി കരാര്‍ രംഗത്ത് വെച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശവും മന്ത്രി നല്‍കിയിരുന്നു.

റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനും രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Muhammed Riyas Road Contractors Perambra Chakkittappara

Latest Stories

We use cookies to give you the best possible experience. Learn more