തിരുവനന്തപുരം: എം.എല്‍.എമാര്‍ കരാറുകാരെ കൂട്ടി തന്നെ കാണാന്‍ വരരുതെന്ന് പറഞ്ഞത് ദുരുദ്ദേശത്തോടെയല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നും അത് എം.എല്‍.എമാര്‍ മനസിലാക്കണമെന്നുമാണ് താന്‍ പറഞ്ഞതെന്നും റിയാസ് പറഞ്ഞു.
സി.പി.ഐ.എം നിയമസഭാ കക്ഷിയോഗത്തില്‍ വിമര്‍ശനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘താന്‍ പറഞ്ഞത് ഇടത് സര്‍ക്കാരിന്റെ നിലപാടാണ്. പറഞ്ഞതില്‍ നിന്ന് ഒരടി പോലും പിറകോട്ട് പോകില്ല. താന്‍ നിയമസഭയില്‍ പറഞ്ഞതിനെക്കുറിച്ച് ചില എം.എല്‍.എമാര്‍ പ്രതികരിച്ചു എന്ന വാര്‍ത്ത ശരിയല്ല. എവിടേയും ഖേദം പ്രകടിപ്പിച്ചിട്ടില്ല,’ റിയാസ് പറഞ്ഞു.
സി.പി.ഐ.എം എം.എല്‍.എമാരുടെ യോഗത്തില്‍ എ.എന്‍. ഷംസീര്‍, കെ.വി. സുമേഷ്, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ വിമര്‍ശനമുന്നയിച്ചെന്നും റിയാസ് ഖേദം പ്രകടിപ്പിച്ചെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇത് പൂര്‍ണ്ണമായി തള്ളുകയാണ് റിയാസ് ചെയ്തത്.
അതേസമയം താന്‍ എല്ലാ കരാറുകാരേയും ഉദ്യോഗസ്ഥരേയും അല്ല ഉദ്ദേശിച്ചതെന്നും ഭൂരിപക്ഷം പേരും പ്രതിബദ്ധതോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ചില കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ നെക്‌സസുണ്ട്. തട്ടിപ്പും അഴിമതിയും ഇവരില്‍ ചിലര്‍ക്കുണ്ട്. ചില കരാറുകാര്‍ ഇത്തരം നീക്കങ്ങളില്‍ കരാറുകാരെ സഹായിക്കുന്നുമുണ്ട്.ഇതിനാലാണ് ഇത്തരം കരാറുകാരുടെ ആവശ്യങ്ങള്‍ക്കായി എം.എല്‍.എമാര്‍ തന്നെ കാണാന്‍ വരരുത് എന്ന് പറഞ്ഞിട്ടുള്ളത്.അത് ഇടതുപക്ഷമായാലും വലതുപക്ഷമായാലും ശരി,’ റിയാസ് പറഞ്ഞു.