| Friday, 15th October 2021, 11:33 am

'അന്ന് സുധാകരനിലൂടെ ചെയ്തത് ഇന്ന് റിയാസിലൂടെ ചെയ്യും, ഉറക്കത്തില്‍ എഴുന്നേറ്റല്ല നിലപാടെടുക്കുന്നത്'; വിവാദത്തിന്റെ മറയൊരുക്കി തട്ടിപ്പുകാരെ സംരക്ഷിക്കരുതെന്ന് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എം.എല്‍.എമാര്‍ കരാറുകാരെ കൂട്ടി മന്ത്രിയെ കാണാന്‍ വരേണ്ടെന്ന തന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളുടെ കാര്യത്തില്‍ എല്ലാ കാലത്തും ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും വിവാദങ്ങളുടെ മറയില്‍ അത്തരം ജാഗ്രതയില്‍ വീഴ്ച സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ പ്രസംഗത്തില്‍ സൂചിപ്പിച്ചത് എല്ലാ കരാറുകാരേയും ഉദ്ദേശിച്ചല്ല. ഇത്തരക്കാരും ഇവിടെയുണ്ടെന്ന സൂചന നല്‍കുകയാണ് താന്‍ ചെയ്തത്. അക്കാര്യത്തില്‍ ഒരു ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

വിവാദമുണ്ടാക്കി തട്ടിപ്പുകാര്‍ക്ക് മറ സൃഷ്ടിക്കരുത്. 2016-21 ഭരണകാലത്ത് എല്‍.ഡി.എഫിന്റെ നയം അന്നത്തെ മന്ത്രി ജി. സുധാകരനിലൂടെ ശക്തമായി നടപ്പിലാക്കിയിട്ടുണ്ട്. 2021 ലെ ഈ സര്‍ക്കാരിന്റെ നയം മുഹമ്മദ് റിയാസിലൂടെ ശക്തമായി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടാറിന്റെ വില മാര്‍ക്കറ്റില്‍ കൂടുമ്പോള്‍ ഉള്ള വില തന്നെയാണ് കുറയുമ്പോഴും ഈടാക്കുന്നത്. ഇത് സംബന്ധിച്ച ചില ഉദ്യോഗസ്ഥരും കരാറുകാരും ധാരണ ഉണ്ടാക്കുന്നുണ്ട്. ഇതുവഴി സര്‍ക്കാരിന് വലിയ നഷ്ടമുണ്ടാകുന്നുണ്ടെന്നും ഇത്തരക്കാരെ എം.എല്‍.എമാര്‍ക്ക് തിരിച്ചറിയാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് സഭയില്‍ പറഞ്ഞപ്പോള്‍ എല്ലാ എം.എല്‍.എമാരും അംഗീകരിച്ചതാണ്. മാത്രമല്ല എം.എല്‍.എമാര്‍ക്ക് ഏത് സമയവും മന്ത്രിമാരെ കാണാം.അതിനൊന്നും പ്രശ്‌നമില്ല,’ റിയാസ് പറഞ്ഞു.

വിവാദം വന്നതുകൊണ്ട് നിലപാടില്‍ മാറ്റം വരുമെന്ന് ആരും കരുതേണ്ടതില്ല നിലപാട് ആലോചിച്ച് പറഞ്ഞതാണ്, ഉറക്കത്തില്‍ എഴുന്നേറ്റ് പറഞ്ഞതല്ല. ആലോചിച്ച് ഉറപ്പിച്ച് പറഞ്ഞ കാര്യത്തില്‍ നിന്ന് ഒരടി പിന്നോട്ട് പോകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സി.പി.ഐ.എം എം.എല്‍.എമാരുടെ യോഗത്തില്‍ എ.എന്‍. ഷംസീര്‍, കെ.വി. സുമേഷ്, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ വിമര്‍ശനമുന്നയിച്ചെന്നും റിയാസ് ഖേദം പ്രകടിപ്പിച്ചെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇത് പൂര്‍ണ്ണമായി തള്ളുകയാണ് റിയാസ് ചെയ്തത്.

അതേസമയം താന്‍ എല്ലാ കരാറുകാരേയും ഉദ്യോഗസ്ഥരേയും അല്ല ഉദ്ദേശിച്ചതെന്നും ഭൂരിപക്ഷം പേരും പ്രതിബദ്ധതോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Muhammed Riyas G Sudhakaran PWD Department

We use cookies to give you the best possible experience. Learn more