| Monday, 31st July 2023, 1:55 pm

കേരളത്തോട് താരതമ്യപ്പെടുത്തി കോണ്‍ഗ്രസ് യു.പിയെ വെള്ളപൂശാന്‍ ശ്രമിക്കുന്നു: മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യു.പിയും കേരളവും ഒരുപോലെയായെന്ന് പറയുന്നതിലൂടെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ ശ്രമിക്കുന്നത് യു.പിയെ വെള്ളപൂശാനെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. യു.പിയില്‍ വര്‍ഗീയ കലാപങ്ങളും കൊലപാതകങ്ങളും നിരവധി നടക്കുന്നുണ്ട്. കേരളത്തില്‍ അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ സര്‍ക്കാരും പൊലീസും കൃത്യമായി ഇടപെട്ട് നടപടി എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റിയാസ്.

‘ആലുവയില്‍ അഞ്ച് വയസുള്ള പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടതില്‍ നമുക്കെല്ലാം തീരാ വേദനയുണ്ട്. എന്നാല്‍ അതിനെ രാഷ്ട്രീയമായി സര്‍ക്കാരിനെതിരെ തിരിക്കുക എന്ന നീചമായ പ്രവൃത്തിയാണ് പ്രതിപക്ഷം ചെയ്യുന്നത്. യു.പിയെ കേരളവുമായി താരതമ്യം ചെയ്യുന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയെക്കുറിച്ച് എന്താണ് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം,’ റിയാസ് ചോദിച്ചു.

യു.പിയില്‍ ബി.ജെ.പി നേതാക്കന്മാര്‍ക്കും എം.എല്‍.എമാര്‍ക്കും തോന്നിയതുപോലെ എന്തും പറയാം, എന്ത് വൃത്തികേടും ചെയ്യാം. ഉത്തര്‍പ്രദേശ് കേരളം പോലെയാണെന്ന പ്രസ്താവനയിലൂടെ യു.പി സര്‍ക്കാരിനെയും ബി.ജെ.പിയുടെ ഫാസിസ്റ്റ് പ്രവണതകളെയും വെള്ളപൂശുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘യു.പിയില്‍ ഉന്നാവോ സംഭവം നമ്മുടെ മുന്നില്‍ ഉണ്ട്. അവിടെ ഇരയ്‌ക്കെതിരെ കേസെടുത്തു. ഇരയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തി. കേസില്‍ ബി.ജെ.പി എം.എല്‍.എയെ സംരക്ഷിച്ചു. അവസാനം കോടതി ഇടപെടേണ്ടി വന്നു. യു.പിയില്‍ യോഗിയുടെ ഫാസിസ്റ്റ് ഭരണം ആണെന്ന് യു.പിയിലെ കോണ്‍ഗ്രസും ഇന്ത്യയിലെ കോണ്‍ഗ്രസും പറയുന്നു. പൊലീസിനെ ഉപയോഗിച്ച് അവിടെ എതിരാളികളെ അടിച്ചമര്‍ത്തുന്നു, വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുന്നു, വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കുന്നു, ബലാത്സംഗങ്ങള്‍ക്ക് എല്ലാവിധ സൗകര്യവും ഒരുക്കികൊടുക്കുന്നു, പ്രതികളുടെ പേരില്‍ കേസെടുക്കുന്നില്ല. ബി.ജെ.പി നേതാക്കന്മാര്‍ക്കും എം.എല്‍.എമാര്‍ക്കും തോന്നിയതുപോലെ എന്തും പറയാം, എന്ത് വൃത്തികേടും ചെയ്യാം എന്ന് പറയുന്ന ഉത്തര്‍പ്രദേശ് കേരളം പോലെയാണെന്ന പ്രസ്താവനയിലൂടെ യു.പി സര്‍ക്കാരിനെയും ബി.ജെ.പിയുടെ ഫാസിസ്റ്റു പ്രവണതകളേയും വെള്ളപൂശുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്,’ അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ആരോപണത്തിന് കേരളത്തിലെ ജനങ്ങള്‍ തന്നെ മറുപടി നല്‍കുന്നുണ്ടെന്നും ആലുവയിലെ കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപെട്ട് ചെയ്യാന്‍ കഴിയുന്ന എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

‘ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ആരോപണത്തിന് കേരളത്തിലെ ജനങ്ങള്‍ തന്നെ മറുപടി നല്‍കുന്നുണ്ട്. കേരളത്തില്‍ ഓരോ മൂന്നു മണിക്കൂറിലും ഓരോ ബലാത്സംഗം നടക്കുന്നുണ്ടോ, കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഇടവിട്ട് നടക്കുന്നുണ്ടോ. നീതിക്കുവേണ്ടി നില കൊണ്ടതിന് ഒരു ഡസനിലധികം മാധ്യമപ്രവര്‍ത്തകരെയാണ് യു.പിയില്‍ തല്ലിക്കൊന്നത്. കേരളത്തില്‍ അത് നടക്കുന്നുണ്ടോ’ അദ്ദേഹം ചോദിച്ചു.

ബി.ജെ.പി ഏത് കാര്യമാണ് എല്ലാവരോടും ആലോചിച്ചു നടപ്പാക്കിയിട്ടുള്ളതെന്ന് ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി മന്ത്രി ചോദിച്ചു.

‘ബാബരി മസ്ജിദ് പൊളിച്ചത് നാട്ടില്‍ നോട്ടീസ് അടിച്ചിട്ടാണോ. കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവു എല്ലാ സൗകര്യവും ചെയ്തുകൊടുത്ത് പെട്ടെന്ന് തകര്‍ത്തു. പൗരത്വ നിയമവും അതുപോലെ. ആര്‍.എസ്.എസിന്റെ പ്രഖ്യാപിത അജണ്ടകള്‍ ഓരോന്ന് എങ്ങനെയാണോ നടപ്പിലാക്കിയത് അതുപോലെ ഏക സിവില്‍കോഡിന്റെ കാര്യത്തിലും ശ്രമം നടത്താനാണ് ആര്‍.എസ്.എസ് നൂറ് വര്‍ഷം തികയ്ക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി ശ്രമിക്കുന്നത്,’ മുഹമ്മദ് റിയാസ് പറഞ്ഞു.

Content Highlights: Muhammed Riyas criticise comparison of kerala and UP

We use cookies to give you the best possible experience. Learn more