തൃശൂര്‍: പടച്ചോന്റെ ചിത്രപ്രദര്‍ശനം “എന്ന പേരില്‍ കഥയെഴുതിയതിന് യുവ എഴുത്തുകാരനെ ആക്രമിച്ചവരുടെ ആശയത്തിന് കീമോതെറാപ്പി അനിവാര്യമെന്ന് സി.പി.ഐ.എം നേതാവ് അഡ്വ. പി.എ മുഹമ്മദ് റിയാസ്.
സ്വതന്ത്ര ആവിഷ്‌കാരങ്ങള്‍ അനുവദിച്ച ഒരു സമൂഹത്തില്‍ അതിനോട് ആര്‍ക്കും യോജിക്കുകയും വിയോജിക്കുകയും വിമര്‍ശിക്കുകയും ആവാം അല്ലാതെ ജാനാധിപത്യ വിരുദ്ധമായ ഇത്തരം കാടന്‍ രീതികള്‍ ഒരു മതനിരപേക്ഷ സമൂഹത്തില്‍ വച്ചുപൊറുപ്പിക്കാന്‍ പാടില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
മറ്റുമതങ്ങളെപ്പോലെ സഹിഷ്ണുതയുടെ സന്ദേശം പരത്തുന്ന ഇസ്ലാം മതത്തിന്റെ മുഖം മൂടിയണിഞ്ഞു ഇത്തരം കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നവരുടെ രാഷ്ട്രീയം കേരളീയ സമൂഹം തിരിച്ചറിയുകയും ഈ കാന്‍സറിനെ ഇനിയൊരിക്കലും ഉണ്ടാവാത്ത രീതിയില്‍ കീമോതെറാപ്പി നടത്തുകയും ചെയ്യണമെന്നും മുഹമ്മദ് റിയാസ് പറയുന്നു.
ജിംഷാറിനെ അദ്ദേഹത്തിന്റെ തൃശൂര്‍ കടവല്ലുര്‍ പഞ്ചായത്തിലെ പെരുമ്പിലാവിലെ വീട്ടില്‍ സന്ദര്‍ശിച്ചതിന് ശേഷം റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് നിലപാട് വ്യക്തമാക്കിയത്.
പുസ്തകം പുറത്തിറങ്ങുനതിനു മുന്‍പ് , പുസ്തകത്തിന്റെ ഉള്ളടക്കം എന്താണ് എന്ന് അറിയുന്നതിന് മുന്‍പേ നീ പടച്ചോനെ കുറിച്ച് എഴുതുമല്ലടാ” എന്ന് ചോദിച്ചുകൊണ്ടുള്ള മര്‍ദ്ദനത്തില്‍ ക്രൂരമായ പരിക്ക് പറ്റിയ ജിംഷാര്‍ ഇന്നാണ് ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയത്.