തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ സി.പി.ഐ.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് മുസ്‌ലിം ലീഗ് ആയിരുന്നെന്നും അവരത് തീരുമാനിച്ചെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. സെമിനാറിന് പോകരുതെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ കരച്ചിലായിരുന്നന്നും കണ്ണീര്‍ കാരണം വെള്ളപ്പൊക്കമുണ്ടാകുമോയെന്ന് തോന്നിയെന്നും റിയാസ് പരിഹസിച്ചു.
‘അയ്യോ അതിന് പോകരുതെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ കരച്ചിലായിരുന്നു. അല്ലെങ്കില്‍ തന്നെ മഴകാരണം കേരളത്തില്‍ വല്ലാത്ത വെള്ളപ്പൊക്ക ഭീഷണിയാണ്. ചില കോണ്‍ഗ്രസ് നേതാക്കളുടെ കണ്ണീര്‍ കാരണം വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് തോന്നിയത്. അത് തീരുമാനിക്കേണ്ടത് ലീഗാണ്. അവരത് തീരുമാനിച്ചു. പക്ഷെ ഇതില്‍ ഒരു കാര്യം വ്യക്തമാണ്. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റും പൊതുവെ എല്‍.ഡി.എഫും എടുത്തിട്ടുള്ള നിലപാട് ശരിയാണെന്ന് കേരളമാകെ അംഗീകരിക്കുന്നത് നമ്മള്‍ കാണും. കേരളം ഞങ്ങള്‍ എടുത്ത നിലപാടിനൊപ്പമാണ്,’ റിയാസ് പറഞ്ഞു.
ഏക സിവില്‍ കോഡിനെതിരായി സി.പി.ഐ.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ലീഗ് ഇന്ന് അറിയിച്ചിരുന്നു. പാണക്കാട് വെച്ച് നടന്ന യോഗത്തിലായിരുന്നു തീരുമാനം. യു.ഡി.എഫില്‍ നിന്ന് ലീഗിനെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെന്നും അതുകൊണ്ട് തന്നെ യു.ഡി.എഫിലെ ഏറ്റവും പ്രധാന ഘടക കക്ഷിയെന്ന നിലക്ക് ലീഗിന് സെമിനാറില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നുമാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്.
‘ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ സെമിനാറുകള്‍ നടത്താന്‍ അവകാശമുണ്ട്. അതില്‍ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനും അവകാശമുണ്ട്. ഇവിടെ മുസ്‌ലിം ലീഗ് യു.ഡി.എഫിന്റെ പ്രധാന ഘടക കക്ഷിയാണ്. ഏക സിവില്‍ കോഡ് വിഷയത്തില്‍ രാജ്യത്ത് ശക്തമായി പ്രതികരിക്കാന്‍ സാധിക്കുക ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനാണെന്ന് നമുക്ക് അറിയാം. അവരുടെ നേതൃത്വത്തിനാണ് ഇതിന് ശക്തി നല്‍കാന്‍ സാധിക്കുകയുള്ളൂ.
അതുകൊണ്ട് തന്നെ ലീഗിന് എല്ലാവരുമായും കൂടിച്ചേര്‍ന്ന് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുകുള്ളൂ. പ്രത്യേകിച്ച് ഇപ്പോള്‍ സി.പി.ഐ.എം വിളിച്ചത് ലീഗിനെ മാത്രമാണ്. യു.ഡി.എഫിന്റെ മറ്റ് ഘടകകക്ഷികളെ ക്ഷണിച്ചിട്ടില്ല. ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ യു.ഡി.എഫിന്റെ ഏറ്റവും പ്രധാന ഘടക കക്ഷിയെന്ന നിലക്ക് മുസ്‌ലിം ലീഗിന് ഈ സെമിനാറില്‍ പങ്കെടുക്കാന്‍ സാധിക്കില്ല,’ എന്നാണ് അദ്ദേഹം പറഞ്ഞത്.
Content Highlight: Muhammed riyas against muslim league