| Sunday, 20th August 2023, 11:36 am

ഓരോരുത്തര്‍ രാവിലെ എഴുന്നേറ്റ് പറയുന്നതിനൊക്കെ മറുപടി പറയലല്ല പാര്‍ട്ടിയുടെ പണി: മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. തന്റെ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ സുതാര്യമാണെന്നും പരിശോധിക്കുന്നതില്‍ ഭയമില്ലെന്നും റിയാസ് പറഞ്ഞു. ഓരോരുത്തര്‍ രാവിലെ എഴുന്നേറ്റ് പറയുന്നതിനൊക്കെ മറുപടി പറയലല്ല   തങ്ങളുടെ പാര്‍ട്ടി നേതൃത്വത്തിന്റെ പണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇപ്പോള്‍ പറയപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടെ ഭാഗവാക്കല്ലാത്ത ആളുകളെ ഉള്‍പ്പെടെ ഇതിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമം നടത്തുന്നു. നോമിനേഷന്റെ പേപ്പര്‍ ഫില്‍ ചെയ്യുമ്പോള്‍ ഞാനോര്‍ക്കുകയാണ് ലൈവ് ആയിട്ട് അതിന്റെ വീഡിയോ എടുത്തവരുണ്ട്. അന്നതിന്റെ വിശദമായ പരിശോധന നടത്തിയതാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി എല്‍.ഡി.എഫ് സര്‍ക്കാരില്‍ തുടര്‍ ഭരണമുണ്ടായതില്‍ ഉറക്കം നഷ്ടപ്പെട്ടവര്‍, ഉറക്കം കിട്ടാന്‍ എന്തെങ്കിലും മരുന്ന് കഴിക്കുകയോ അല്ലെങ്കില്‍ അത് മാറ്റാന്‍ എന്തെങ്കിലും വ്യായാമം ചെയ്യുകയോ ചെയ്യുക എന്നല്ലാതെ, അതിന് ഇങ്ങനെ പിന്നാലെ നടന്നത് കൊണ്ട് കാര്യമുണ്ടോ.

ഇതിന് രാജ്യത്ത് നിയമസംവിധാനങ്ങളുണ്ട്, മറ്റ് പല സംവിധാനങ്ങളുമുണ്ട്. അതില്‍ പരിശോധിക്കുക, എന്തുണ്ടെങ്കിലും അതില്‍ പരിശോധിച്ച് പോകുമ്പോള്‍ ഇവിടെ ആര്‍ക്കും ഒരു ഭയവുമില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വ്യക്തമാക്കിയ കാര്യമാണ്. ഇനിയിപ്പോള്‍ അതില്‍ ഓരോരുത്തര്‍ ഇന്നത് പറഞ്ഞുവെന്ന് പറഞ്ഞിട്ട് കാര്യമില്ല, ഓരോരുത്തര്‍ രാവിലെ എഴുന്നേറ്റ് പറയുന്നതിനൊക്കെ മറുപടി പറയലല്ല ഞങ്ങളുടെ പാര്‍ട്ടി നേതൃത്വത്തിന്റെ അഭിപ്രായം,’ അദ്ദേഹം പറഞ്ഞു.

അതേസമയം, ടി. വീണയുടെ എക്സാലോജിക് കമ്പനി നികുതിവെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഇന്നലെ രംഗത്തെത്തി. രണ്ട് കമ്പനികള്‍ തമ്മിലുള്ള സേവനത്തിന്റെ ഭാഗമായിട്ടുള്ള പണമാണ് വീണയുടെ കമ്പനിക്ക് ലഭിച്ചത് എന്നായിരുന്നു സി.പി.ഐ.എം പറഞ്ഞിരുന്നത്. അത്തരം സേവനങ്ങളാണ് കിട്ടിയതെങ്കില്‍ ഐ.ജി.എസ്.ടിയായി കമ്പനി തുക നല്‍കേണ്ടതുണ്ട്. എന്നാല്‍ ഈ ഐ.ജി.എസ്.ടി വീണ അടച്ചിട്ടില്ലെന്നാണ് മാത്യു കുഴല്‍നാടന്‍ ആരോപിച്ചത്.

1.72 കോടി രൂപ സേവനത്തിന് നല്‍കിയതാണെങ്കില്‍ എന്തുകൊണ്ട് ഐ.ജി.എസ്.ടി അടച്ചില്ലെന്ന് കുഴല്‍നാടന്‍ ചോദിച്ചിരുന്നു. 30 ലക്ഷം രൂപ വീണ ഐ.ജി.എസ്.ടി അടക്കേണ്ടതുണ്ട്. എന്നാല്‍ ആറ് ലക്ഷം രൂപ മാത്രം നികുതി അടച്ചിട്ടുള്ളൂവെന്നാണ് വീണയുടെ കമ്പനിയുടെ രേഖകളില്‍ നിന്ന് തന്നെ വ്യക്തമാകുന്നത്. ഇത്തരത്തില്‍ 30 ലക്ഷം രൂപ വീണ നികുതി വെട്ടിപ്പ് നടത്തിയെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. നികുതി വെട്ടിപ്പിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ധനമന്ത്രി കെ.എന്‍ ബാലഗോപാലിന് പരാതിയും നല്‍കിയിരുന്നു.

Content Highlights: Muhammed Riyas against Mathew kuzhalnadan

Latest Stories

We use cookies to give you the best possible experience. Learn more