| Monday, 24th December 2018, 3:12 pm

ജാതി ഭ്രാന്തന്‍മാരുടെ ജന്മഭൂമി; പിണറായിക്കെതിരായ കാര്‍ട്ടൂണിനെതിരെ വിമര്‍ശനവുമായി മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയില്‍ വന്ന കാര്‍ട്ടൂണിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്.

നമ്മുടെ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ ആണ് അദ്ദേഹത്തിന്റെ പിതാവിന്റെ തൊഴില്‍ പറഞ്ഞ് കാര്‍ട്ടൂണില്‍ അധിക്ഷേപിച്ചിരിക്കുന്നതെന്നും നിരവധി തവണ സോഷ്യല്‍ മീഡിയയില്‍ ഒളിഞ്ഞും തെളിഞ്ഞും പിണറായി വിജയനെ ജാതി പേര് പറഞ്ഞു അധിക്ഷേപിച്ചപ്പോഴെല്ലാം കമ്മ്യൂണിസ്റ്റ് വിരോധത്താല്‍ അന്ധരായ ചിലരുടെ മാത്രം ജല്പനകളായി ആ വര്‍ത്തമാനങ്ങളെ കണ്ട് ന്യായീകരിച്ചവര്‍ ഇതിനു മറുപടി പറയണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

തെങ്ങു കയറ്റക്കാരന്റെ മകന്‍ മുഖ്യമന്ത്രി ആയതില്‍ സ്വയം അഭിമാനിക്കുന്ന ജനതയുള്ള കേരളത്തില്‍, തെങ്ങു കയറ്റക്കാരന്റെ മകന്‍
തെങ്ങു കയറാന്‍ പോയാല്‍ മതിയെന്ന് യാതൊരു ലജ്ജയുമില്ലാതെ പരിഷ്‌കൃത കേരളത്തിന്റെ മുഖത്ത് നോക്കി പറയുക വഴി മനുസ്മൃതി പറഞ്ഞു വച്ച ചാതുര്‍വര്‍ണ്ണ്യത്തെ സാധുകരിക്കാന്‍ അല്ലാതെ മറ്റെന്താണ് അവര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് മുഹമ്മദ് റിയാസ് ചോദിക്കുന്നു.

ഈ മനുസ്മൃതി ആശയങ്ങള്‍ ഇല്ലെന്ന കാരണത്തിലാണ് ബാബ സാഹേബ് അംബേദ്കറിന്റെ നേതൃത്വത്തില്‍ പുതിയൊരു ഭരണഘടനാ നിലവില്‍ വന്നപ്പോള്‍ അതിനെ അംഗീകരിക്കില്ലെന്ന് ആര്‍. എസ്. എസ് നേതാക്കള്‍ പരസ്യമായി പറഞ്ഞത്. ആ ഭരണഘടനാ വിരോധം തന്നെയാണ് സമീപ കാലത്തെ കോടതി വിധിക്കെതിരായ സമരത്തിലും പ്രതിഫലിക്കുന്നത്.


മനീതി സംഘം സഞ്ചരിക്കുന്ന ട്രെയിനിന് നേരെ ചീമുട്ടയേറും കല്ലേറും; കൂടുതല്‍ സംരക്ഷണം ഒരുക്കണമെന്ന് യുവതികള്‍


സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയോട് ബി.ജെ.പി പിന്‍പറ്റുന്ന നവ ബ്രഹ്മണ്യത്തിന്റെ സമീപനം ഇതാണെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി പറയേണ്ടതില്ലലോ. ഒരു മനുഷ്യന്റെ കഴിവും കഴിവില്ലായ്മയും അയാളേത് കുലത്തില്‍ പിറന്നെന്നനുസരിച്ച് തീരുമാനിക്കുന്ന പ്രാകൃത കാലത്തെ കേരളം കഴിഞ്ഞനൂറ്റാണ്ടിന്റെ പകുതിയോടെ ഉന്‍മൂലനം ചെയ്തതാണ്.

അനീതിയുടെ ആ കാലത്തെ തിരിച്ചു കൊണ്ടുവരാനാണു ബി. ജെ. പി യും സംഘപരിവാറും ശ്രമിക്കുന്നത്. ആധുനിക കേരളത്തിന്റെ തുല്യത ബോധം മനസ്സില്‍ സൂക്ഷിക്കുന്ന ഓരോ മലയാളിയും ഈ ജാതി ഭ്രാന്തിനെതിരെ രംഗത്ത് വരുമെന്നതില്‍ സംശയമില്ലെന്നും റിയാസ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഡിസംബര്‍ 22ന് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിലാണ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമര്‍ശമുള്ളത്. വനിതാ മതില്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം നിയമസഭയില്‍ അവകാശലംഘന നോട്ടീസ് നല്‍കിയിരുന്നു. ഈ വാര്‍ത്തയുടെ പശ്ചാത്തലത്തിലായിരുന്നു ജന്മഭൂമിയുടെ കാര്‍ട്ടൂണ്‍.

ദൃക്‌സാക്ഷി എന്ന കാര്‍ട്ടൂണ്‍ പംക്തിയില്‍ “വനിതാ മതില്‍; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്” എന്ന തലക്കെട്ടില്‍ വന്ന കാര്‍ട്ടൂണിലാണ് വിവാദപരാമര്‍ശമുള്ളത്. “തെങ്ങ് കേറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം” എന്ന അടിക്കുറിപ്പ് നല്‍കിയാണ് ജന്മഭൂമി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാര്‍ട്ടൂണിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more