'എന്‍ഫോഴ്‌സമെന്റിനെ കാണിച്ച് ഭീഷണിപ്പെടുത്തുന്ന അല്‍പ്പന്‍മാരേ..,ഞങ്ങള്‍ ഷൂ നക്കിയവരുടെ പിന്‍മുറക്കാരല്ല, തൂക്കുമരത്തില്‍ കയറുമ്പോള്‍ ഇങ്ക്വിലാബ് വിളിച്ച പോരാളികളുടെ പിന്‍മുറക്കാരാണ്': മുഹമ്മദ് റിയാസ്
CAA Protest
'എന്‍ഫോഴ്‌സമെന്റിനെ കാണിച്ച് ഭീഷണിപ്പെടുത്തുന്ന അല്‍പ്പന്‍മാരേ..,ഞങ്ങള്‍ ഷൂ നക്കിയവരുടെ പിന്‍മുറക്കാരല്ല, തൂക്കുമരത്തില്‍ കയറുമ്പോള്‍ ഇങ്ക്വിലാബ് വിളിച്ച പോരാളികളുടെ പിന്‍മുറക്കാരാണ്': മുഹമ്മദ് റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th December 2019, 3:45 pm

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച കലാ സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രമുഖരെ ഭീഷണിപ്പെടുത്തിയ യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരുടേയും സിനിമാക്കാര്‍ രാജ്യസ്‌നേഹമില്ലാത്തവരാണെന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റേയും പ്രസ്താവനയ്ക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ നേതാവ് പി.എ മുഹമ്മദ് റിയാസ്.

എന്‍ഫോഴ്‌സ്‌മെന്റിനെയും സി.ബി.ഐയെയും പൊലീസിന്റെയും പട്ടാളത്തിന്റെയും തോക്കുകളും കാണിച്ച് എതിര്‍ ശബ്ദത്തെ അടിച്ചമര്‍ത്താമെന്ന് ഭീഷണിപ്പെടുത്തുന്ന ‘അല്‍പ്പന്‍മാരെ’ ഞങ്ങള്‍ ബ്രിട്ടീഷ് കാരുടെ ഷൂ നക്കിയവരുടെ പിന്‍മുറക്കാരല്ല, തൂക്കുമരത്തില്‍ കയറുമ്പോള്‍ ഇങ്ക്വിലാബ് വിളിച്ച പോരാളികളുടെ പിന്‍മുറക്കാരാണ്…എന്നായിരുന്നു മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ സന്ദീപ് വാര്യര്‍ക്കും കുമ്മനത്തിനുമെതിരെ വിമര്‍ശനവുമായി സംവിധായകന്‍ കമലും രംഗത്തെത്തിയിരുന്നു.

തങ്ങളുടെയൊക്കെ രാജ്യസ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബി.ജെ.പിക്കാരുടെ കയ്യിലാണോയെന്നും രാജ്യസ്‌നേഹം അളക്കാനുള്ള മീറ്ററുമായിട്ടാണോ കുമ്മനം രാജശേഖരന്‍ നടക്കുന്നത് എന്നുമായിരുന്നു കമലിന്റെ ചോദ്യം.

ബി.ജെ.പി നേതാവാണെന്ന് പറഞ്ഞ് ഇത്തരം വിടുവായത്തം പറയരുതെന്നും ഞങ്ങളും ഈ നാട്ടിലെ പൗരന്മാരാണെന്റെ സാറേ എന്നുമായിരുന്നു കമല്‍ പറഞ്ഞത്.

ഇത്തരം കാര്യങ്ങളെല്ലാം കുമ്മനം രാജശേഖരന്‍ അയാളുടെ വേറെ ഏതെങ്കിലും വേദിയില്‍ പറഞ്ഞാല്‍ മതിയെന്നും കലാകാരന്‍മാരുടെ അടുത്ത് കളിക്കാന്‍ വരേണ്ടെന്നും കമല്‍ പറഞ്ഞിരുന്നു.

ഇന്‍കം ടാക്‌സ് റെയ്ഡ് നടന്നാല്‍ അത് രാഷ്ട്രീയപകപോക്കലായി കണീരൊഴുക്കുക്കരുതെന്ന് ഭീഷണിമുഴക്കിയ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരുടെ ഭീഷണിക്കെതിരെയും കമല്‍ രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇവര്‍ ഭയപ്പെടുന്നത് കലാകാരന്‍മാരേയും എഴുത്തുകാരേയും ബുദ്ധിജീവികളേയും ഒക്കെത്തന്നെയാണെന്നും അതുകൊണ്ടാണ് അടൂര്‍ ഗോപാലകൃഷ്ണനോട് ചന്ദ്രനില്‍ പോകാന്‍ പറഞ്ഞതും രാമചന്ദ്ര ഗുഹയെപ്പോലുള്ളവരെ പിടിച്ച് അകത്തിടുന്നതുമെന്നും കമല്‍ പറഞ്ഞിരുന്നു.

പ്രതിഷേധിക്കുന്നവരെ അര്‍ബന്‍ നക്‌സലൈറ്റ് എന്ന് പറഞ്ഞ് മുദ്രകുത്തുകയാണ് ബി.ജെ.പിയെന്നും കമല്‍ കുറ്റപ്പെടുത്തിയിരുന്നു.