| Saturday, 9th September 2023, 6:34 pm

പുതുപ്പള്ളിയിലെ വിജയം ലോകം കീഴടക്കിയെന്ന തരത്തില്‍ വാര്‍ത്തയാക്കാന്‍ ശ്രമം: മന്ത്രി മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വിജയം ലോകം കീഴടക്കിയ സംഭവംപോലെ വാര്‍ത്തയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇത് അവസാനത്തെ തെരഞ്ഞെടുപ്പാണെന്നും ഇനി ഒരു തെരഞ്ഞെടുപ്പ് നടക്കാനില്ല എന്നും തോന്നലുണ്ടാക്കുന്ന വിധത്തിലാണ് പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ പ്രചാരണത്തിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. കേരളത്തില്‍ എല്‍.ഡി.എഫ്. ആകെ ദുര്‍ബലപ്പെട്ടു. സര്‍ക്കാര്‍ ആകെ പ്രയാസത്തിലാണ് എന്നൊക്കെ വരുത്തിത്തീര്‍ക്കാന്‍ ആണ് ശ്രമം. ഇത് എല്ലാ കാലത്തും ശ്രമിച്ചതാണ്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ആരൊക്കെ ഏതൊക്കെ വകുപ്പിന്റെ മന്ത്രി ആവും എന്നുള്ളതായിരുന്നു ചര്‍ച്ച. യു.ഡി.എഫിലെ ഓരോരുത്തരും നടത്തിയ ചര്‍ച്ച അതായിരുന്നു. എന്നാല്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് കൂടുതല്‍ സീറ്റ് നേടി കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം ഉണ്ടായി.

അതുകൊണ്ട് ഇപ്പോള്‍ നടക്കുന്നത് എല്ലാം കീഴടക്കിക്കഴിഞ്ഞു എന്ന രീതിയില്‍ ഉള്ള ബോധപൂര്‍വമായ പ്രചാരണം ആണ്. അത് ഒരുകണക്കിന് നല്ലതാണ്. യു.ഡി.എഫില്‍ വലിയ നിലയില്‍ അഹങ്കാരവും അധികാരം പങ്കിടുന്ന ചര്‍ച്ചയും ഒക്കെ വളരും. ഞങ്ങളെ സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടറി കാര്യങ്ങള്‍ വ്യക്തമാക്കികഴിഞ്ഞു.

ജനവിധി ഞങ്ങള്‍ മാനിക്കുന്നു. എന്തെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ പരിശോധിക്കണമോ എന്നത് വിശകലനം നടത്തും. ബാക്കി എല്ലാം പാര്‍ട്ടി നേതൃത്വം പറഞ്ഞിട്ടുണ്ട്. സെക്രട്ടറി പറഞ്ഞതിനപ്പുറം പറയുന്ന രീതി ഞങ്ങള്‍ക്കില്ല. ഇപ്പോള്‍ എല്‍.ഡി.എഫ്. ആകെ ദുര്‍ബലപ്പെട്ടു എന്ന രീതിയില്‍ നടത്തുന്ന പ്രചാരണം ജനം തിരിച്ചറിയുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Content Highlight: Muhammed Riyas about Puthupally election

We use cookies to give you the best possible experience. Learn more