കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാര് ആര്‍.എസ്.എസിന്റേയും സംഘപരിവാറിന്റെയും സ്ലീപ്പിങ് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെയുള്ള സെമിനാര്‍ പരാജയപ്പെടണമെന്ന് ബി.ജെ.പി ആഗ്രഹിക്കുന്നത് മനസിലാക്കാമെന്നും എന്നാല്‍ കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഈ സെമിനാര്‍ പരാജയപ്പെടുത്താന്‍ എന്തിനാണ് ശ്രമിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ വളരെ കുറഞ്ഞ സമയമാണ് സെമിനാറിന്റെ സംഘാടനത്തിന് നമുക്ക് ലഭിച്ചത്. പ്രധാനമന്ത്രി ഭോപ്പാലില്‍ വെച്ച് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന സൂചന നല്‍കിയപ്പോള്‍ തന്നെ സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. എല്ലാ വിഭാഗം ആളുകളും സെമിനാറില്‍ ഐക്യപ്പെട്ടുവെന്നാണ് അഭൂതപൂര്‍വമായ ജനപങ്കാളിത്തം സൂചിപ്പിക്കുന്നത്.
വിവിധ മത സാമൂഹിക നേതാക്കന്മാര്‍, പട്ടിക ജാതി പട്ടിക വര്‍ഗ നേതാക്കന്മാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ സെമിനാറില്‍ സിവില്‍ കോഡ് രാജ്യത്തുണ്ടാക്കുന്ന വിപത്തിനെ തുറന്ന് കാണിച്ചു. ഈ വിഷയത്തില്‍ സി.പി.ഐ.എം എടുത്തിട്ടുള്ള നിലപാട് ശരിയാണെന്ന് കാണിക്കുന്നതാണ് സെമിനാറിലെ അഭൂതപൂര്‍വമായ ജനപങ്കാളിത്തം.
എന്നാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെയുള്ള സെമിനാര്‍ പരാജയപ്പെടണം, അതില്‍ ആളുകള്‍ പങ്കെടുക്കരുത്, ആ സെമിനാറിന്റെ ഉദ്ദേശശുദ്ധിയെ വക്രീകരിക്കണം എന്ന് ബി.ജെ.പി ആഗ്രഹിക്കുന്നത് മനസിലാക്കാം. കാരണം ബി.ജെ.പി മറ്റ് സംസ്ഥാനങ്ങളില്‍ നടത്തുന്ന പ്രക്ഷോഭങ്ങളെ വേട്ടയാടുകയും ശരിപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കേരളത്തിലത് നടക്കില്ലെന്നുള്ളത് കൊണ്ട് തന്നെ സെമിനാറിനെ പരിഹസിച്ച് കൊണ്ടുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളുണ്ട്. അത് അവരുടെ നിലപാടാണ്.
എന്നാല്‍ കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഈ സെമിനാര്‍ പരാജയപ്പെടാനും ജനപങ്കാളിത്തം ഇല്ലാതാക്കാനും ഉദ്ദേശശുദ്ധിയെ കുപ്രചരണം നടത്തി തെറ്റായി ദുര്‍വ്യാഖ്യാനിച്ച് മുന്നോട്ട് പോകാനുള്ള ശ്രമവുമാണ് നടത്തിയത്.
ആ കോണ്‍ഗ്രസ് നേതാക്കന്മാര് ആര്‍.എസ്.എസിന്റെ സ്ലീപ്പിങ്ങ് ഏജന്റുമാരായി കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. യുദ്ധമുഖത്ത് ഒരു ചേരിയില്‍ നിന്ന് കൊണ്ട് മറ്റ് ചേരിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിലകൊള്ളുന്നവരാണ് സ്ലീപ്പിങ് ഏജന്റുമാര്‍. ഒരു ചേരിയില്‍ നിന്ന് കൊണ്ട് അവസരം കിട്ടിയാല്‍ ചാടി വീണ് യഥാര്‍ത്ഥ ചേരിക്കൊപ്പം നിലക്കൊള്ളാന്‍ ആഗ്രഹിക്കുന്നവരാണവര്‍. എല്ലാ വിവരങ്ങളും ചോര്‍ത്തുന്നവരാണ്. സാഹചര്യം ഒത്തുവന്നാല്‍ യഥാര്‍ത്ഥ കൂറ് പരസ്യമായി പ്രഖ്യാപിക്കുന്നവരാണ്.
സി.പി.ഐ.എമ്മിന്റെ സെമിനാര്‍ പൊളിക്കാന്‍ ശ്രമിച്ചതോടെ ആര്‍.എസ്.എസിന്റെയും സംഘപരിവാറിന്റെയും സ്ലീപ്പിങ് ഏജന്റുമാരാണെന്ന് സ്വയം തെളിയിക്കുന്ന സ്ഥിതിയിലേക്കാണ് കോണ്‍ഗ്രസ് എത്തിയിട്ടുള്ളത്. യു.ഡി.എഫില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന, ഏക സിവില്‍ കോഡ് വരാതെ രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടണം, രാജ്യത്തിന്റെ വൈവിധ്യം അംഗീകരിക്കണമെന്നൊക്കെ ആഗ്രഹിക്കുന്ന നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍ സ്ലീപ്പിങ് ഏജന്റുമാരെ തിരിച്ചറിയണം,’ മന്ത്രി പറഞ്ഞു.
ഈ സെമിനാറിനെ ഇങ്ങനെ വക്രീകരിക്കാനുള്ള ശ്രമം എന്തിനാണ് നടത്തിയതെന്നും കോണ്‍ഗ്രസ് സെമിനാര്‍ നടത്തുമ്പോള്‍ നടത്തരുതെന്ന് സി.പി.ഐ.എം പറയുന്നില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചിട്ടില്ലെന്നും റിയാസ് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി കേരളത്തില്‍ വന്നപ്പോള്‍ പോലും അദ്ദേഹത്തിനെതിരെ ശബ്ദിക്കാനും പ്രസ്താവന നല്‍കാനും ഒരു പ്രതികരണം സംഘടിപ്പിക്കാനും കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറായിട്ടില്ലെന്നും റിയാസ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ചാണ് ഏക സിവില്‍ കോഡിനെതിരെ സി.പി.ഐ.എം സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടത്. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സി.പി.ഐ. എം.എല്‍.എ വിജയന്‍, കേരള കോണ്‍ഗ്രസ് എം പ്രസിഡന്റ് ജോസ്. കെ. മാണി, എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍, വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി, ഐ.എന്‍.എല്‍ നേതാവ് പ്രൊ. എ.പി അബ്ദുള്‍ വഹാബ്, ജെ.ഡി.എസ് നേതാവ് പി.എം. സഫറുള്ള താമരശ്ശേരി രൂപത പ്രതിനിധി ഫാ. ജോസഫ് കളരിക്കല്‍, , കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാര്‍, സമസ്ത നേതാവ് മുക്കം ഉമര്‍ ഫൈസി, സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി തുടങ്ങിയവര്‍ സംവദിച്ചു.
content highlights: muhammed riyas about congress