ഒരുതരം ഗ്‌ളോബല്‍ ഭാവനയിലേക്ക് മലയാളി പുരുഷനെ വിവര്‍ത്തനം ചെയ്‌തെടുത്ത കഥാപാത്രമാണ് നാഥന്‍
കഴിഞ്ഞ നാല് പതിറ്റാണ്ടുകളിലെ നടപ്പ് കേരളീയ സദാചാര സംഹിതയെ, അതിലെ മൂല്യങ്ങളെ ഉറപ്പിക്കുകയാണ് മമ്മൂട്ടി ചെയ്തത് എന്ന് താര സിദ്ധാന്തം അവതരിപ്പിച്ച റിച്ചാര്‍ഡ് ഡയര്‍ പറഞ്ഞതാണല്ലോ. അനുഭൂതി ജീവിതം നിര്‍മിച്ചെടുത്ത ആണത്ത നായക നിര്‍മിതിയുടെ പൂര്‍ണത എന്നതിനെ വിശേഷിപ്പിക്കാം. ഫെമിനിറ്റി ഒട്ടുമില്ലാത്ത ധീരോദാത്തനദി പ്രഭവാന്‍. സദാചാരത്തിന്റെ കാര്യത്തില്‍ അതിന്റെ പാരമ്പര്യ മൂല്യ സംവാഹകത്വത്തെ ഉറപ്പിക്കുന്നതായിരുന്നു മലയാളിയെ തൃപ്തിപ്പെടുത്തിയ പല മമ്മൂട്ടി ഭാവനാ ജീവിതങ്ങളും. വ്യത്യസ്തമായത് ഇല്ല എന്നല്ല. കൊണ്ടാടപ്പെട്ടത് കുറവാണ് എന്ന് മാത്രം.
സുനില്‍ ഗംഗോപാധ്യായയുടെ ഹീരക്ദീപ്തി എന്ന ബംഗാളി നോവല്‍ അനുകല്പനം ചെയ്ത് ശ്യാമപ്രസാദ് ചെയ്ത ഒരേ കടല്‍ എന്ന സിനിമയിലെ ഡോ. എസ്.ആര്‍. നാഥന്‍ എന്ന ബുദ്ധിജീവിയെ ഓര്‍മയുണ്ടോ? പൊതുവെ വാല്‍സല്യം രാഘവന്‍ നായരാദി മല്ലു പിതൃബിംബങ്ങളെക്കാള്‍ മമ്മുക്ക കസറിയത് ആ ഭാഗമാറ്റത്തിലാണ്. മിഡില്‍ ക്‌ളാസ് ജീവിതത്തെ പറ്റി പ്രബന്ധരചന നടത്തി വൈകാരികതയിലും മനുഷ്യബന്ധങ്ങളിലും കാര്യമില്ലെന്ന് വിശ്വസിക്കുകയും പോവര്‍ട്ടി പീപ്പിള്‍സ് രാജ്യത്തിലെ യൂസ് ലെസ് കാപ്പിറ്റല്‍ ആണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ബുദ്ധിജീവി.
ഒരേ കടലില്‍ മമ്മൂട്ടി ചെയ്ത ഡോ. എസ്.ആര്‍. നാഥന്‍ എന്ന കഥാപാത്രം
സിനിമ തുടങ്ങുമ്പോള്‍ തന്നെ നാഥന് ഒരു ഫോണ്‍ കാള്‍ വരുന്നുണ്ട്. അച്ഛന്റെയോ മറ്റൊ അസുഖമോ മരണമോ അറിയിച്ചു കൊണ്ടുള്ളത്. നാഥന്‍ ആ ഫോണ്‍ കാള്‍ ഒരു ഡിസ്റ്റര്‍ബ്ഡ് കാള്‍ ആയി കണ്ട് അവഗണിക്കുന്നു. അയാള്‍ക്ക് ഇമോഷണല്‍ ബന്ധങ്ങളില്‍ വിശ്വാസമില്ല. തലച്ചോറ് കൊണ്ടാണ് ഹൃദയം കൊണ്ടല്ല അയാള്‍ കാര്യങ്ങളെ സമീപിക്കുന്നത്.
വ്യക്തികളുടെ ഭൗതികവ്യവഹാരങ്ങള്‍ എന്നതിലുപരി ആന്തരിക ജീവിതത്തിന്റെ വിഹ്വലതകളും സന്നിഗ്ദ്ധതകളും വെള്ളിത്തിരയില്‍ കൊണ്ടുവന്ന ചിത്രമായിരുന്നു ഇത്. പ്രണയം, ശരീരകാമനകള്‍, സ്‌നേഹബന്ധം, വൈകാരികസുരക്ഷിതത്വം തുടങ്ങിയ വ്യവഹാരങ്ങളെ ബൗദ്ധികനിലപാടില്‍ നിന്നുകൊണ്ട് സിനിമ വയിക്കാന്‍ ശ്രമിക്കുന്നു. ഭര്‍തൃമതിയായ ദീപ്തി എന്ന പെണ്‍ക്കുട്ടിക്ക് പ്രൊഫസറോട് തോന്നുന്ന ഇഴയടുപ്പമാണ് ഈ ചിത്രം പ്രമേയമാക്കിയത്. പ്രണയത്തില്‍ വിശ്വാസമില്ലാത്ത വൈകാരികമായ ഇഴയടുപ്പങ്ങളെ തെല്ലും മാനിക്കാത്ത പ്രൊഫസറുടെ ലൈംഗികതൃഷ്ണക്ക് ഇരയാവുകയാണ് ദീപ്തി.
മീര ജാസ്മിന്‍ അവതരിപ്പിച്ച ദീപ്തി എന്ന കഥാപാത്രം
അവള്‍ പക്ഷെ അയാളില്‍ നിന്ന് ആഗ്രഹിച്ചത് വൈകാരികവും ഭൗതികവുമൊക്കെയായ അടുപ്പവും സുരക്ഷയുമായിരുന്നു. നിന്നോട് എനിക്ക് അങ്ങിനെയുള്ള യാതൊരു വികാരവുമില്ലെന്നും മറ്റ് സ്ത്രീകളോട് തോന്നിയ ലൈംഗിക തൃഷ്ണ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും പ്രൊഫസര്‍ തുറന്നു പറയുമ്പോള്‍ അവള്‍ തകര്‍ന്നു പോവുന്നു. എന്നാല്‍ പ്രണയത്തിന്റെയും വൈകാരികമായ അന്തക്ഷോഭത്തിന്റെയും വിഹ്വലതകളില്‍ പെട്ടുഴലുന്ന പ്രൊഫസറെയാണ് നാം പിന്നീട് കാണുന്നത്. മനുഷ്യമനസ്സിലെ നിഗൂഢതകളെ, അതിലെ ചുഴികളെ ആവിഷ്‌ക്കരിക്കാനുള്ള ശ്രമങ്ങളുണ്ട് ഈ ചിത്രത്തില്‍.
ദീപ്തി എന്ന കഥാപാത്രം മലയാള സിനിമ അതുവരെ നിര്‍മ്മിച്ച കുടുംബ സദാചാരവ്യവസ്ഥയില്‍ നിന്നുള്ള ഒരു കുതറലായിരുന്നു. ഒരു സ്ത്രീ തന്റെ വൈകാരിക-പ്രണയ-കാമനകളെ സത്യസന്ധമായി അഭിമുഖീകരിക്കുന്നത് മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ല എന്നുള്ളത് കൂടിയാണ് ഒരേ കടലിനെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ അവളെ തന്റെ പരിമിതികളെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടാണ് ചലച്ചിത്രം പര്യവസാനിക്കുന്നത്.
ഒരുതരം ഗ്‌ളോബല്‍ ഭാവനയിലേക്ക് മലയാളി പുരുഷനെ വിവര്‍ത്തനം ചെയ്‌തെടുത്ത കഥാപാത്രമാണ് നാഥന്‍. ആധുനികത നിര്‍മിച്ച മലയാള സിനിമാ ഭാവനയിലെ വെളുത്ത നായര്‍ പുരുഷനെ ആഗോളവല്‍ക്കരിച്ചെടുത്ത നായക നിര്‍മിതിയാണ് നാഥന്റെത് എന്നും പറയാം. വൈകാരികമായ ബന്ധങ്ങള്‍ ഒന്നും സൂക്ഷിക്കാത്ത; പെണ്ണിനെ ശരീരമായും അതിന്റെ ആനന്ദത്തിനുള്ള ഉപാധിയായും മാത്രം കാണാന്‍ ശീലിച്ച നാഗരിക ബുദ്ധിജീവിയായ നാഥന്‍ പെണ്ണിന്റെ ഇമോഷനല്‍ ഭാവങ്ങള്‍ക്കും ഇടപെടലിനും മുമ്പില്‍ അവസാനം തകര്‍ന്നു പോവുന്നതായാണ് സിനിമ ഭാവന ചെയ്യുന്നത്.
പാപബോധങ്ങളും പ്രണയത്തിന്റെയും മാനസിക ഭാവങ്ങളുടെയും നിര്‍മ്മിത സദാചാര ധാര്‍മ്മിക പരിസരങ്ങളുടെയുമെല്ലാം പൂര്‍വ്വ ഭാരങ്ങളെല്ലാം പെണ്ണിനു മേല്‍ കെട്ടിവെച്ചു എന്ന രീതിയില്‍ വായിച്ചെടുക്കുമ്പോള്‍ ഒരേ കടലില്‍ പ്രത്യക്ഷപ്പെടുന്ന ദീപ്തി മുന്‍ നിര്‍മിത മലയാള സിനിമയുടെ ഒരു നായികാ തുടര്‍ച്ച മാത്രമാണ്. മാത്രമല്ല പുരുഷനെ ഇത്തരം മാനസിക വൈകാരികാവസ്ഥയിലേക്ക് കൊണ്ടുവരേണ്ടതിന്റെ ചുമതല കൂടി അവളുടെ മേല്‍ ഭാരമേല്‍പ്പിക്കുകയാണ് സിനിമ.
ഭ്രാന്ത് വരെ വന്നു പോകാവുന്ന തരം വൈകാരികപരമായ അധിക ബാധ്യതയാണ് പ്രണയത്തിനെ പ്രതി പെണ്ണിനുമേല്‍ സിനിമ ഏല്‍പ്പിക്കുന്നത്. ആധുനികതാവാദത്തിന്റെ താക്കോല്‍ പഴുതില്‍കൂടി തന്നെയാണ് ഈ സിനിമയും പെണ്ണിന്റെ ശരീരകമാനകളുടെ പൂര്‍വഭാരങ്ങളെ അളക്കാന്‍ ശ്രമിക്കുന്നത്. ഏക പുരുഷസഹജീവിതത്തില്‍ നിന്നുള്ള വ്യതിചലനമാണ് പെണ്‍കഥാപാത്രത്തിനെ നാഥന്‍ എന്ന അരാജക സാമ്പത്തിക ശാസ്ത്രഞ്ജന്റെ അടുത്തെത്തിക്കുന്നത്.
അയാള്‍ ഒട്ടും ഇമോഷണല്‍ ആയി ബന്ധങ്ങളെ സമീപിക്കാത്തയാളും ശരീരത്തിന്റെ ആനന്ദം എന്നതിലുപരി പാപബോധമോ മറ്റെന്തെങ്കിലും കുറ്റബോധമോ ലൈംഗികതയില്‍ കാണാത്തയാളുമാണ്. പെണ്ണ് പക്ഷെ ഭര്‍ത്താവ് അല്ലാത്ത ഒരാളുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടു എന്ന ചിന്തയാല്‍ തകര്‍ന്നു പോകുന്നു. തീവ്രമായ പ്രണയമോ മറ്റെന്തെങ്കിലും വൈകാരിക ബന്ധമോ നാഥന് തന്നോട് തോന്നിയിട്ടൊന്നുമല്ല ആ ശാരീരിക ആനന്ദത്തിന് അയാള്‍ തുനിഞ്ഞത് എന്ന തോന്നല്‍ അവളെ ഭ്രാന്തി തന്നെ ആക്കുന്നു. വിക്ടോറിയന്‍ പാപ സദാചാര സംഹിതകളും മറ്റ് മതപരവും ആണ്‍ നിര്‍മിതവുമായ പ്രത്യയ ശാസ്ത്രങ്ങളും ഇവിടെ പ്രക്ഷേപിച്ച അബോധങ്ങള്‍ പെണ്ണിനുമേല്‍ കെട്ടിയേല്പിക്കാനാണ് സിനിമ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.
എങ്കിലും നാഥനെ പോലെ ഒരു കഥാപാത്രത്തെ മലയാള സിനിമ അതിനു മുമ്പ് അനുഭവിപ്പിച്ചിട്ടില്ല എന്നു തന്നെ പറയാന്‍ പറ്റുന്ന വിധം ഗംഭീരമായിരുന്നു മമ്മുക്കയുടെ ആ പകര്‍ന്നാട്ടം. ബാല (രമ്യാ കൃഷ്ണന്‍) യുമായുള്ള നാഥന്റെ ബന്ധമൊക്കെ ചിത്രീകരിച്ചിടത്ത് മലയാള സിനിമ ഇന്റര്‍നാഷണല്‍ ആയി മാറുക തന്നെ ചെയ്തു. മമ്മുക്ക് ആശംസകള്‍. 70 ന്റെ അകാല കൗമാര നിറവിന്. ഇന്ന് നാല്പപതുകളിലും അമ്പതുകളിലും എത്തി നില്‍ക്കുന്ന മലയാളിയുടെ അബോധത്തില്‍ രൂപീകരിക്കപ്പെട്ട സദാചാര മൂല്യത്തിന്റെയും പിതൃ അധികാരത്തിന്റെയും മറ്റ് പലവിധ അപര ജീവിത ഭാവനകളുടെയും ഉടയോന്‍ ആയതു കൊണ്ട് തന്നെ മമ്മൂട്ടിയെ മാറ്റി നിര്‍ത്തി മലയാളിക്ക് ഒരു മലയാളി ഇല്ല തന്നെ. ആ ജീവിതങ്ങളുടെ വിമര്‍ശനങ്ങളിലും രാഷ്ട്രീയ വായനകളില്‍ നിന്നും കൂടിയാണ് മലയാളി അവനെ വിമോചിപ്പിച്ചു കൊണ്ടിരിക്കുന്നത്.
എഴുത്തുകാരന്‍, കഥാകൃത്ത്, ചലച്ചിത്ര നിരൂപകന്‍, അധ്യാപകന്‍. ചലച്ചിത്ര പഠനങ്ങളുടെ സമാഹാരമായ കന്യകയുടെ ദുര്‍നടപ്പുകള്‍ 2018 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രചനാവിഭാഗം ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ സ്വദേശിയാണ്.