ചെന്നൈ: ഇന്ത്യന്‍ ഫുട്‌ബോളിലും കേരളാ ഫുട്‌ബോളിലും ഒഴിച്ചു കൂടാനാവാത്ത പേരാണ് കാസര്‍കോടുകാരന്‍ മുഹമ്മദ് റാഫിയുടേത്. ഐ.എസ്.എല്ലിന്റെ തുടക്കം മുതല്‍ ടൂര്‍ണ്ണമെന്റില്‍ നിറഞ്ഞ് കളിക്കുന്ന താരം ഐ.എസ്.എല്‍ ചരിത്രത്തിലെ തന്നെ അപൂര്‍വ്വ നേട്ടത്തിനു പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്.
സീസണില്‍ മികവ് പുലര്‍ത്താനായില്ലെങ്കിലും റാഫിയുടെ ചെന്നൈയ്ന്‍ എഫ്.സി നാലാം സീസണിന്റെ ഫൈനലില്‍ എത്തിയതോടെയാണ് റാഫി അപൂര്‍വ്വ നേട്ടത്തിന്റെ പടിവാതിലില്‍ എത്തി നില്‍ക്കുന്നത്. ഇന്നലെ എഫ്.സി ഗോവയെ തോല്‍പ്പിച്ച് ചെന്നൈയിന്‍ ഐ.എസ്.എല്‍ ഫൈനലില്‍ എത്തിയതോടെ ഐ.എസ്.എല്ലില്‍ ഫൈനലില്‍ എത്തുന്ന മൂന്ന് ടീമുകളുടെ ഭാഗമായിരിക്കുകയാണ് റാഫി.
ആദ്യ സീസണില്‍ കൊല്‍ക്കത്തയോടൊപ്പം ആയിരുന്നു മുഹമ്മദ് റാഫി, ആ സീസണില്‍ ഫൈനലും കപ്പും റാഫിയും സംഘവും സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പവും മുഹമ്മദ് റാഫി ഫൈനലില്‍ എത്തി. കഴിഞ്ഞ ഫൈനലില്‍ റാഫി കേരളത്തിനായി ഗോളും നേടിയിരുന്നു.
ഈ സീസണിലും റാഫിയുടെ ടീം ഫൈനലിലെത്തിയതോടെ ഐ.എസ്.എല്ലിന്റെ നാലു വര്‍ഷത്തെ ചരിത്രത്തില്‍ മൂന്നാം തവണയാണ് റാഫി ഫൈനലില്‍ എത്തുന്നത്. ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ ഫൈനല്‍ എന്ന റെക്കോര്‍ഡ് ഇതോടെ റാഫിക്കൊപ്പം ആകും.
മികച്ച പ്രകടനം കാഴ്ച വെക്കാനായില്ലെങ്കിലും ടീമുകളുടെ ഭാഗ്യ താരമെന്ന ഖ്യാതിയും ഇതോടെ റാഫിക്ക് ലഭിച്ചിരിക്കുകയാണ്. ഈ സീസണില്‍ ചെന്നൈയിനായി രണ്ട് ഗോളുകള്‍ നേടാനും താരത്തിനു കഴിഞ്ഞിരുന്നു.