വരാനിരിക്കുന്ന ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഇന്ത്യന്‍ 15 അംഗ ടീമില്‍ ഏതെല്ലാം താരങ്ങള്‍ ഉള്‍പ്പെടും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
ഇപ്പോഴിതാ ടി-20 ലോകകപ്പിനായി താന്‍ തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി സൂപ്പര്‍താരവും സഞ്ജു സാംസണിനെ ഒഴിവാക്കിയത് മോശം തീരുമാനമായെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.
‘വരാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണിനെ ഒഴിവാക്കിയത് എനിക്ക് പറ്റിയ വലിയ പിഴവാണ്. എനിക്ക് തെറ്റ് പറ്റി ഒരിക്കലും സഞ്ജുവിന് താരത്തെ ഒഴിവാക്കാന്‍ പാടില്ലായിരുന്നു. ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റിന് പിന്നില്‍ ഉണ്ടാകേണ്ടത് സഞ്ജുവാണ്,’ കൈഫ് പറഞ്ഞു.
ഐ.പി.എല്ലില്‍ ഈ സീസണില്‍ സഞ്ജുവിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സ് അവിസ്മരണീയമായ മുന്നേറ്റമാണ് നടത്തുന്നത്. ഇതിനോടകം തന്നെ 9 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ എട്ടു വിജയവും ഒരു തോല്‍വിയും അടക്കം 16 പോയിന്റ് പ്ലേഓഫിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് സഞ്ജുവും കൂട്ടരും.
നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും നാല് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 385 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 77 എന്ന ആവറേജിലും 161.09 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. വരും മത്സരങ്ങളിലും താരത്തിന്റെ ഈ മിന്നും പ്രകടനം ആവര്‍ത്തിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇടം നേടാന്‍ സഞ്ജുവിനൊപ്പം റിഷബ് പന്ത്, ഇഷന്‍ കിഷന്‍, കെ.എല്‍ രാഹുല്‍, ധ്രുവ് ജുറല്‍, ജിതേഷ് ശര്‍മ, ദിനേശ് കാര്‍ത്തിക് തുടങ്ങിയ ഒരുപിടി വമ്പന്‍ താരനിരയാണ് മത്സരിക്കുന്നത്.
അജിത്ത് അഗാര്‍ക്കറിന്റെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി മെയ് ഒന്നിനാണ് ഇന്ത്യന്‍ ടി-20 ലോകകപ്പിനുഉള്ള ടീമിനെ പ്രഖ്യാപിക്കുക. ഏതെല്ലാം താരങ്ങള്‍ ടീമില്‍ ഇടം നേടുമെന്ന് കണ്ടുതന്നെ അറിയണം.
Content Highlight: Muhammed Kaif Talks About Sanju Samson