| Wednesday, 30th August 2023, 7:22 pm

'ആദ്യ രണ്ട് മത്സരം മാത്രമല്ല ഏഷ്യാ കപ്പ് പൂര്‍ണമായും രാഹുലിന് നഷ്ടമാകും'

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ആദ്യ മത്സരത്തില്‍ ആഥിതേയരായ പാകിസ്ഥാന്‍ നേപ്പാളിനെയാണ് നേരിടുക. ഹോട്ട് ഫേവറിറ്റുകളായ ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാനെതിരെയാണ്.

ഇന്ത്യയുടെ ആദ്യ രണ്ട് മത്സരത്തിലും വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുല്‍ ഉണ്ടാവില്ല. പരിക്ക് പൂര്‍ണമായി ഭേദപ്പെടാത്തത് കാരണമാണ് താരത്തെ ആദ്യ രണ്ട് മത്സരത്തില്‍ നിന്നും മാറ്റുന്നത്. കോച്ച് രാഹുല്‍ ദ്രാവിഡാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പാകിസ്ഥാനെതിരെയും നേപ്പാളിനെതിരെയുമുള്ള മത്സരമാണ് താരത്തിന് നഷ്ടമാകുക.

എന്നാല്‍ രാഹുല്‍ ആദ്യ രണ്ട് മത്സരത്തിന് ശേഷവും ടീമില്‍ തിരിച്ചെത്തില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്ററായ മുഹമ്മദ് കൈഫ്. രാഹുല്‍ ഏഷ്യാ കപ്പില്‍ ഒരു മത്സരം പോലും കളിക്കുമെന്ന് ഉറപ്പുമില്ലെന്ന് കൈഫ് പറഞ്ഞു.

‘മാനേജ്‌മെന്റ് രാഹുലിന്റെ കാര്യത്തില്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാകില്ല. അത് കാരണമാണ് അവന് ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരം കളിക്കാന്‍ സാധിക്കാത്തത്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചെടുത്തോളം അതൊരു നല്ല വാര്‍ത്തയല്ല. കാരണം ഏകദിന ക്രിക്കറ്റ് അഞ്ചാം നമ്പറില്‍ മികച്ച പ്രകടനമാണ് രാഹുല്‍ നടത്താറുള്ളത്. ഈ ഫോര്‍മാറ്റില്‍ അവന്റെ നമ്പറുകള്‍ മികച്ചതാണ്,’ കൈഫ് പറഞ്ഞു.

രാഹുല്‍ മിഡില് ഓര്‍ഡറില്‍ ഇന്ത്യക്കായി ഫിനിഷിങ് ടച്ചുകള്‍ നടത്തുമെന്നും കൈഫ് പറയുന്നുണ്ട്.

‘അവന് എപ്പോഴാണ് അറ്റാക്ക് ചെയ്യേണ്ടതെന്നും എപ്പോഴാണ് ഡിഫന്‍ഡ് ചെയ്യേണ്ടതെന്നും വ്യക്തമായി അറിയാം. അവനെ നമുക്ക് റിപ്ലേയ്‌സ് ചെയ്യാന്‍ സാധിക്കില്ല കാരണം അവന്‍ മത്സരം ഫിനിഷ് ചെയ്യാന്‍ സാധിക്കുന്ന ഒരു വിക്കറ്റ് കീപ്പറാണ്,’ കൈഫ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്ന കാന്‍ഡി ക്രിക്കറ്റ് സ്‌റ്റേഡിയം ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന് അനുയോജ്യമാകുമെന്നും കൈഫ് പറഞ്ഞിരുന്നു.

ലോകകപ്പിന് മുന്നോടിയായി കെ.എല്‍. രാഹുലിനെ പൂര്‍ണമായി ഫിറ്റാക്കാന്‍ വേണ്ടിയാണ് താരത്തിന് റെസ്റ്റ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Muhammed Kaif Says there will be no guarantee In For Kl Rahul in Asia Cup

We use cookies to give you the best possible experience. Learn more