| Thursday, 7th September 2023, 8:32 am

വിരാടല്ല, ജഡേജയല്ല, ബുംറയോ ഹര്‍ദിക്കോ അല്ല അവനാകും രോഹിത്തിന്റെ തുറുപ്പുചീട്ട്; സൂപ്പര്‍ താരത്തെ കുറിച്ച് മുഹമ്മദ് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന ലോകകപ്പിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. 2011ന് ശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐ.സി.സി ബിഗ് ഇവന്റ് ആഘോഷമാക്കാന്‍ തന്നെയാണ് ആരാധകരും ഒരുങ്ങുന്നത്. 2013ന് ശേഷം ഒറ്റ ഐ.സി.സി കിരീടം പോലും ഇല്ല എന്ന ചീത്തപ്പേര് സ്വന്തം മണ്ണില്‍ നിന്ന് തന്നെ മാറ്റിയെടുക്കാന്‍ തന്നെയാണ് ഇന്ത്യന്‍ ടീം ഒന്നാകെ തയ്യാറെടുക്കുന്നത്.

ചൊവ്വാഴ്ചയായിരുന്നു ഇന്ത്യ ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്നും തിലക് വര്‍മയെയും പ്രസിദ്ധ് കൃഷ്ണയെയും ഒഴിവാക്കിയാണ് ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ബാറ്റിങ്ങില്‍ കരുത്താകുമ്പോള്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും അടങ്ങുന്ന പേസര്‍മാരാണ് ബൗളിങ്ങില്‍ ഇന്ത്യയെ നയിക്കുക. ഓള്‍ റൗണ്ടര്‍മാരായി ജഡേജയും പാണ്ഡ്യയും എത്തുന്നതോടെ ടീം ബാലന്‍സ്ഡ് ആവും.

വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ട്രംപ് കാര്‍ഡ് ആകാന്‍ പോകുന്ന താരത്തെ കുറിച്ച് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ്. ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെയാണ് കൈഫ് തെരഞ്ഞെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

‘കുല്‍ദീപ് യാദവായിരിക്കും ലോകകപ്പില്‍ രോഹിത് ശര്‍മയുടെ ട്രംപ് കാര്‍ഡ് ആകാന്‍ പോകുന്നത്. എല്ലാ തരം ബാറ്റര്‍മാര്‍ക്കെതിരെയും അവന്‍ ഒരുപോലെ മികവ് പുലര്‍ത്തുന്നവനാണ്. അവന്‍ നേടിയ 141 ഏകദിന വിക്കറ്റുകളില്‍ 81 പേര്‍ വലം കയ്യന്‍ ബാറ്റര്‍മാരും 60 പേര്‍ ഇടം കയ്യന്‍ ബാറ്റര്‍മാരുമാണ്. ടീമില്‍ ഓഫ് സ്പിന്നര്‍ ഇല്ല എന്നതില്‍ അത്ഭുതപ്പെടാനില്ല,’ കൈഫ് പറഞ്ഞു.

കരിയറിലെ 86 ഏകദിന മത്സരങ്ങളിലെ 83 ഇന്നിങ്‌സില്‍ നിന്നുമാണ് താരം 141 വിക്കറ്റ് നേടിയത്. 26.79 എന്ന ആവറേജിലും 5.14 എന്ന എക്കോണമിയിലും പന്തെറിയുന്ന താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 31.2 ആണ്.

25 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് കരിയറിലെ താരത്തിന്റെ മികച്ച പ്രകടനം. നാല് വിക്കറ്റ് നേട്ടം ആറ് തവണ ആഘോഷിച്ച കുല്‍ദീപ് അഞ്ച് വിക്കറ്റ് നേട്ടം ഒരിക്കലും സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം, ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരങ്ങളാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. സെപ്റ്റംബര്‍ പത്തിനാണ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാനാണ് എതിരാളികള്‍. ഇതിന് പിന്നാലെ സെപ്റ്റംബര്‍ 12ന് ശ്രീലങ്കക്കെതിരെയും സെപ്റ്റംബര്‍ 15ന് ബംഗ്ലാദേശിനെയും ഇന്ത്യ നേരിടും.

ഏഷ്യാ കപ്പിന് ശേഷം ഓസ്‌ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര കളിച്ചതിന് ശേഷമാണ് ഇന്ത്യ ലോകകപ്പിനിറങ്ങുക. സെപ്റ്റംബര്‍ 22നാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്.

ഒക്ടോബര്‍ എട്ടിനാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഓസീസ് തന്നെയാണ് എതിരാളികള്‍.

Content highlight: Muhammed Kaif says Kuldeep Yadav will be India’s trump card in World Cup

We use cookies to give you the best possible experience. Learn more