ഐ.സി.സി ടി-20 ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെ നേരിടുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മോശമല്ലാതെയാണ് തുടങ്ങിയിരിക്കുന്നതും. സോഷ്യല്‍ മീഡിയയില്‍ ലോകകപ്പ് ഫൈനലിനെ കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളും ഉയരുന്നതിനോടൊപ്പം മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളുമായ മുഹമ്മദ് കൈഫ് പങ്കുവെച്ച ഒരു ട്വീറ്റാണ് ചര്‍ച്ചയാവുന്നത്.
പാകിസ്ഥാനും ഇംഗ്ലണ്ടും ലോകത്തിലെ മികച്ച ടീമാണോ എന്നും ലോകകപ്പ് ഫൈനലിലെത്തിയത് ഭാഗ്യത്തിന്റെ പുറത്താണോ എന്നുമാണ് താരം ചോദിക്കുന്നത്.
‘പാകിസ്ഥാന്‍ vs ഇംഗ്ലണ്ട്: ഇവര്‍ ലോകകപ്പിലെ ഏറ്റവും മികച്ച ടി-20 ടീമുകളാണോ അതോ അവരാണോ ഏറ്റവും ഭാഗ്യവാന്‍മാര്‍? വെറുതെ ചോദിക്കുന്നതാണ്,’ എന്നായിരുന്നു കൈഫിന്റെ ട്വീറ്റ്.
ഇതിന് പിന്നാലെ ആരാധകരും തങ്ങളുടെ പ്രതികരണം അറിയിക്കുന്നുണ്ട്. പലരും ഇരുടീമുകളും ഭാഗ്യം കൊണ്ടാണ് ഫൈനല്‍ കളിക്കുന്നതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ചിലര്‍ അവര്‍ കളിച്ചുനേടിയ ഫൈനലാണിതെന്നും അഭിപ്രായപ്പെടുന്നുണ്ട്.
‘പാകിസ്ഥാനെ വേണമെങ്കില്‍ ഭാഗ്യവാന്‍മാരെന്ന് വിളിച്ചോളൂ, എന്നാല്‍ ഇംഗ്ലണ്ട് ലോകകപ്പിന്റെ ആദ്യം മുതല്‍ തന്നെ മികച്ച പ്രകടനമാണ് നടത്തിയത്’, ‘അവര്‍ മികച്ച ക്രിക്കറ്റാണ് ലോകകപ്പില്‍ കളിച്ചത്, അതുകൊണ്ടാണ് അവര്‍ രണ്ട് പേരും ഫൈനല്‍ കളിക്കുന്നത്’ തുടങ്ങിയ പ്രതികരണങ്ങളാണ് ഉയരുന്നത്.
അതേസമയം, ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ എട്ട് വിക്കറ്റിന് 137 റണ്‍സായിരുന്നു സ്വന്തമാക്കിയത്. 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസവും 38 റണ്‍സെടുത്ത ഷാന്‍ മസൂദുമാണ് പാക് പടയുടെ ടോപ് സ്‌കോറര്‍മാര്‍.
നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാം കറനാണ് പാകിസ്ഥാനെ എറിഞ്ഞിട്ടത്.
താനെറിഞ്ഞ 24 പന്തില്‍ 15 എണ്ണവും ഡോട്ട് ബോളെറിഞ്ഞാണ് സാം കറന്‍ പാകിസ്ഥാനെ വരിഞ്ഞുമുറുക്കിയത്. മുഹമ്മദ് റിസ്വാന്‍, ഷാന്‍ മസൂദ്, മുഹമ്മദ് നവാസ് എന്നിവരാണ് കറന്റെ പേസിന്റെ ചൂടറിഞ്ഞത്.
സാം കറന് പുറമെ ആദില്‍ റഷീദും ക്രിസ് ജോര്‍ദനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിലവില്‍ മോശമില്ലാത്ത സ്ഥിതിയിലാണ്. ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 69 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.
ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍, അലക്‌സ് ഹേല്‍സ്, ഫില്‍ സോള്‍ട്ട് എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ബട്‌ലര്‍ 26 റണ്‍സ് നേടിയപ്പോള്‍ സെമിയിലെ മാന്‍ ഓഫ് ദി മാച്ച് അലക്‌സ് ഹേല്‍സ് ഒന്നിനും ഫില്‍ സോള്‍ട്ട് പത്ത് റണ്‍സിനും പുറത്തായി.
13 പന്തില്‍ നിന്നും 11 റണ്‍സുമായി ബെന്‍ സ്റ്റോക്‌സും 13 പന്തില്‍ നിന്നും 12 റണ്‍സുമായി ഹാരി ബ്രൂക്കുമാണ് നിലവില്‍ ക്രീസില്‍ നില്‍ക്കുന്നത്.
Content highlight: Muhammed Kaif’s tweet about Pakistan and England goes viral