ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടി-20യും മൂന്ന് ഏകദിനവുമടങ്ങുന്ന പരമ്പരക്കായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം ഇന്ത്യ പുറത്തുവിട്ടിരുന്നു.
രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ ടി-20 ക്യാപ്റ്റനായി നിയമിച്ചത്. രോഹിത്തിനുശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ആയിരിക്കുമെന്ന് വന്‍തോതില്‍ ക്രിക്കറ്റ് സര്‍ക്കിളുകള്‍ക്കുള്ളില്‍ ചര്‍ച്ചകള്‍ നിലനിന്നിരുന്നു.
എന്നാല്‍ ഇതിനെയെല്ലാം മറികടന്നു കൊണ്ടാണ് ബി.സി.സി.ഐ സൂര്യകുമാര്‍ യാദവിനെ പുതിയ നായകനായി തീരുമാനിച്ചത്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.
സൂര്യകുമാറിനു പകരം ഹര്‍ദിക് പാണ്ഡ്യയെ ആയിരുന്നു ഇന്ത്യ ക്യാപ്റ്റന്‍ ആകേണ്ടിയിരുന്നതെന്നാണ് കൈഫ് പറഞ്ഞത്. ഐ.എ.എന്‍.എസിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘ഹര്‍ദിക് പാണ്ഡ്യ ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ രണ്ട് തവണ ഫൈനലില്‍ എത്തിച്ചിട്ടുണ്ട്. അതില്‍ ഒരു തവണ കിരീടം നേടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ടി-20 ടീമിനെ നയിച്ച പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്. ടി-20 ലോകകപ്പില്‍ വൈസ് ക്യാപ്റ്റന്‍ ആയതും അവനാണ്. പുതിയ പരിശീലകന്റെ കീഴില്‍ ടീമില്‍ തന്ത്രപരമായ മാറ്റങ്ങൾ ഉണ്ടാവും. ടി-20യില്‍ റാങ്കില്‍ മുന്നിലുള്ള സൂര്യകുമാര്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള മികച്ച ഒരു മത്സരാര്‍ഥി തന്നെയാണ്. എന്നാലും സമീപകാലങ്ങളില്‍ ഹര്‍ദിക് നടത്തിയ മികച്ച പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീം അദ്ദേഹത്തെ പിന്തുണയ്ക്കണമായിരുന്നു,’ മുഹമ്മദ് കൈഫ് പറഞ്ഞു.
2024 ടി-20 ലോകകപ്പില്‍ 144 റണ്‍സും 11 വിക്കറ്റുകളും ആണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ നേടിയത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കെല്ലാം പിന്നാലെ ഐ.സി.സി ടി-20 ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താനും ഹര്‍ദിക്കിന് സാധിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഐ.സി.സി റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്.
കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായി ഹര്‍ദിക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഗുജറാത്ത് ടൈല്‍സിനൊപ്പം ആദ്യ സീസണില്‍ തന്നെ ക്യാപ്റ്റന്‍ എന്ന നിലയില്‍ കിരീടം നേടുകയും രണ്ടാം സീസണില്‍ ഫൈനല്‍ വരെ ടീമിനെ എത്തിക്കുകയും ചെയ്ത ഹര്‍ദിക്കിന് മുംബൈ നായക സ്ഥാനത്തുനിന്നും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടില്ല.
ഇതിന് പിന്നാലെ ധാരാളം വിമര്‍ശനങ്ങള്‍ ഹര്‍ദിക്കിനെ തേടിയെത്തിയിരുന്നു. എന്നാല്‍ ലോകകപ്പില്‍ വിമര്‍ശനങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടുള്ള ഹര്‍ദിക്കിന്റെ പ്രകടനങ്ങള്‍ക്കായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.
Content Highlight: Muhammed Kaif Questioned Suryakumar Yadav T20 Captaincy