| Thursday, 3rd August 2023, 11:09 am

സഞ്ജു ലോകകപ്പ് കളിക്കാന്‍ തയ്യാറാണ്, അത്തരമൊരു അവസ്ഥയിലും അവന്റെ കളി നോക്കൂ: ഇന്ത്യന്‍ ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

സഞ്ജു സാംസണ്‍ ലോകകപ്പ് കളിക്കാന്‍ തയ്യാറാണെന്ന് മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളുമായ മുഹമ്മദ് കൈഫ്. ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ സമ്മര്‍ദത്തിനിടയിലും സഞ്ജുവിന്റെ അര്‍ധ സെഞ്ച്വറി നേട്ടം മതിപ്പുളവാക്കിയെന്നും കൈഫ് പറഞ്ഞു.

‘ സഞ്ജു സാംസണിന്റെ പ്രകടനം ഒരുപാട് ഒരുപാട് മതിപ്പുളവാക്കിയിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിലെ അവന്റെ പ്രകടനം ഇംപാക്ട്ഫുള്‍ തന്നെയായിരുന്നു. അഞ്ചാം നമ്പറിലായാലും നാലാം നമ്പറിലായാലും മുമ്പും അവന്‍ ഇതേ കാര്യം തന്നെ പലയാവര്‍ത്തി ചെയ്തതുമാണ്.

ഇഷാന്‍ കിഷനെയും അക്‌സര്‍ പട്ടേലിനെയോ നാലാം നമ്പറില്‍ ബാറ്റിങ്ങിനയക്കുന്നത് അത്ര മികച്ച തീരുമാനമായി എനിക്ക് തോന്നുന്നില്ല. ലെഗ് സ്പിന്നര്‍മാര്‍ക്കെതിരെയും ലെഫ്റ്റ് ആം സ്പിന്നര്‍മാര്‍ക്കെതിരെയും മികച്ച രീതിയില്‍ കളിക്കുന്ന താരത്തെയാകണം നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ഇറക്കേണ്ടത്. സഞ്ജു സാംസണ് അതിനുള്ള കഴിവുണ്ട്, കൈഫിനെ ഉദ്ധരിച്ച് ന്യൂസ്18 ക്രിക്കറ്റ് നെക്സ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

‘നിങ്ങള്‍ വിന്‍ഡീസിനെതിരായ കഴിഞ്ഞ മത്സരം നോക്കുകയാണെങ്കില്‍ അതൊരു ഡു ഓര്‍ ഡൈ ഗെയിം ആണെന്ന് അവന് നല്ല ബോധ്യമുണ്ടായിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല എങ്കില്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടില്ല എന്ന കാര്യവും അവന് അറിയാമായിരുന്നു.

ഇക്കാര്യങ്ങളെല്ലാം മനസിലിരിക്കെ തന്നെ സമ്മര്‍ദത്തിനിടയിലാണ് മൂന്നാം ഏകദിനത്തില്‍ അവന്‍ മികച്ച പ്രകടനം പുറത്തെടുത്തത്. സഞ്ജു ലോകകപ്പ് കളിക്കാന്‍ തയ്യാറാണ്,’ കൈഫ് കൂട്ടിച്ചേര്‍ത്തു.

ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിക്കൊണ്ടാണ് സഞ്ജു തരംഗമായത്. 41 പന്തില്‍ 51 റണ്‍സാണ് താരം നേടിയത്. രണ്ട് ബൗണ്ടറിയും ആറ് സിക്‌സറും അടക്കം 124.39 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു റണ്ണടിച്ചത്. ഇന്ത്യന്‍ നിരയിലെ മികച്ച രണ്ടാമത് പ്രഹരശേഷിയാണിത്.

പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മോശം പ്രകടനമായിരുന്നു താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. 19 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്.

എന്നാല്‍ സമ്മര്‍ദമേതുമില്ലാതെയാണ് താരം ബാറ്റ് വീശിയത്. കഴിഞ്ഞ മത്സരത്തില്‍ തന്നെ പുറത്താക്കിയ യാനിക് കരിയക്കെതിരെ നേടിയ സിക്‌സറുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നതുമാണ്.

ഏകദിന പരമ്പരക്ക് ശേഷമുള്ള ടി-20 പരമ്പരയാണ് ഇനി സഞ്ജുവിന് മുമ്പിലുള്ളത്. ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും നേടിയ ഇന്ത്യ ടി-20 പരമ്പരയും സ്വന്തമാക്കി പര്യടനം സമ്പൂര്‍ണമാക്കാനാണ് ഒരുങ്ങുന്നത്.

Content Highlight: Muhammed Kaif praises Sanju Samson

We use cookies to give you the best possible experience. Learn more