2024 ഐ.പി.എല്‍ അവസാന ഘട്ടത്തോടടുത്തുകൊണ്ടിരിക്കുകയാണ്. നിലവില്‍ രണ്ട് ടീമുകള്‍ മാത്രമാണ് യോഗ്യത നേടിയിട്ടുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സുമാണ് പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നത്.
നിലവില്‍ 13 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഏഴു വിജയവും ആറു തോല്‍വിയും അടക്കം 14 പോയിന്റുമായി പ്ലേ ഓഫിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മെയ് 18ന് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയാല്‍ ചെന്നൈക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ സാധിക്കും.
ഇപ്പോഴിതാ ചെന്നൈ സൂപ്പര്‍ കിങ്സ് മുന്‍ ക്യാപ്റ്റനും എക്കാലത്തെയും മികച്ച ക്യാപ്റ്റനുമായ എം.എസ് ധോണിയെ കൊണ്ടു മുന്നോട്ടു വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.
‘ഐ.പി.എല്ലില്‍ ഒരുപാട് ക്യാപ്റ്റന്‍മാര്‍ വരും പോകും. എന്നാല്‍ ധോണി വളരെയധികം പ്രത്യേകതയുള്ള ആളാണ്. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ പോലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കും. അദ്ദേഹം കളിക്കളത്തില്‍ വളരെയധികം ശാന്തനായ ഒരു താരമാണ്,’ കൈഫ് പറഞ്ഞു.
വരാന്‍ ഇരിക്കുന്ന നിര്‍ണായക മത്സരമായ ചെന്നൈ സൂപ്പര്‍ കിങ്സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തെക്കുറിച്ചും കൈഫ് പറഞ്ഞു.
‘ആര്‍.സി.ബിക്കെതിരെ ധോണി മധ്യനിരയില്‍ കളിക്കും. അദ്ദേഹം ഒരു ചാമ്പ്യനായ താരമാണ്. ടീമിലെ അദ്ദേഹത്തിന്റെ സ്വാധീനം മറ്റു താരങ്ങള്‍ക്കും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്നത്. കഴിഞ്ഞവര്‍ഷം ഫൈനലില്‍ രണ്ടു പന്തില്‍ പത്ത് റണ്‍സ് വേണ്ടിയിരുന്ന സമയത്ത് ജഡേജ ഒരു സിക്‌സും ഫോറും നേടിക്കൊണ്ട് ചെന്നൈയെ വിജയത്തിലെത്തിച്ചിരുന്നു. ഇതാണ് ധോണിയുടെ ടീമിലുള്ള സ്വാധീനം,’ കൈഫ് കൂട്ടിച്ചേര്‍ത്തു.
ഈ സീസണില്‍ ധോണി അവസാന ഓവറുകളില്‍ ആണ് ചെന്നൈക്ക് വേണ്ടി കൂടുതല്‍ മത്സരങ്ങളിലും കളത്തിലിറങ്ങിയത്. ഇതുവരെ 136 റണ്‍സ് ആണ് ധോണി ഈ സീസണില്‍ നേടിയിട്ടുള്ളത്. 226.26 സ്ട്രൈക്ക് റേറ്റില്‍ ആണ് ധോണി ബാറ്റ് വീശിയത്.
Content Highlight: Muhammed Kaif Praises M.S Dhoni