| Friday, 19th August 2022, 9:17 am

ഒന്ന് പാളിയാല്‍ കയ്യില്‍ നിന്നും പോകും, അവന് എല്ലാം ഒരു യുദ്ധംപോലെയാണ്; ഇന്ത്യന്‍ ബാറ്ററെ പുകഴ്ത്തി മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-സിംബാബ്‌വെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ പത്ത് വിക്കറ്റിന്റെ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ടോസ് നേടി സിംബാബ്‌വെയെ ബാറ്റിങ്ങിനയക്കുകയായിരുന്നു ഇന്ത്യ.

41ാം ഓവറില്‍ വെറും 189 റണ്‍സില്‍ സിംബാബ്‌വെയെ പുറത്താക്കാന്‍ ഇന്ത്യക്ക് സാധിച്ചു. മറുപടി ബാറ്റിങ്ങിനിറിങ്ങിയ ഇന്ത്യ പത്ത് വിക്കറ്റിന് വിജയിക്കുകയായിരുന്നു. ഓപ്പണിങ്ങിനിറങ്ങിയ വെറ്ററന്‍ താരം ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും അര്‍ധസെഞ്ച്വറികള്‍ നേടിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 72 പന്ത് നേരിട്ട് 82 റണ്‍സുമായി അറ്റാക്ക് ചെയ്താണ് ഗില്‍ കളിച്ചതെങ്കില്‍ ധവാന്‍ സേഫ് ഗെയിമായിരുന്നു കളിച്ചത്.

113 പന്ത് നേരിട്ട് 81 റണ്‍സാണ് ധവാന്‍ നേടിയത്. ചെറിയ സ്‌കോര്‍ ചെയ്സ് ചെയ്താല്‍ മതിയെന്ന ബോധത്തിലായിരിക്കാം അദ്ദേഹം പതിഞ്ഞ താളത്തില്‍ ബാറ്റ് വീശിയത്. ഓപ്പണിങ്ങില്‍ നാല് തവണ ഒരുമിച്ചിറങ്ങിയ ധവാന്‍-ഗില്‍ സഖ്യത്തിന്റെ മൂന്നാം സെഞ്ച്വറി കൂട്ടുകെട്ടാണ് ഈ മത്സരത്തിലേത്.

മത്സരത്തിന് ശേഷം ധവാനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ്. കളിക്കുന്ന എല്ലാ ഇന്നിങ്‌സും അദ്ദേഹത്തിന് ഒരു യുദ്ധം പോലെയാണെന്നും ഒരെണ്ണത്തില്‍ പരാജയപ്പെട്ടാല്‍ ഒരുപാടാളുകള്‍ പുറത്ത് സ്ഥാനമേല്‍ക്കാനായി കാത്തിരിപ്പുണ്ടെന്നും കൈഫ് പറഞ്ഞു.

‘എല്ലാ ഫോര്‍മാറ്റുകളും കളിക്കാത്ത, ഈ ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന ശിഖര്‍ ധവാനോട് ചോദിക്കൂ, ഈ ഇന്നിങ്‌സ് അദ്ദേഹത്തിന് എത്ര പ്രധാനപ്പെട്ടതാണെന്ന്. ഓരോ ഇന്നിങ്‌സും ധവാന് ഒരു യുദ്ധം പോലെയാണ്, കാരണം നിരവധി കളിക്കാര്‍ ആ പൊസിഷന്‍ നേടിയെടുക്കാനായി കാത്തിരിക്കുന്നു, മോശം പ്രകടനം കാഴ്ചവെച്ചാല്‍ താന്‍ ഏകദിന ടീമില്‍ നിന്നും പുറത്താകും എന്ന് ധവാന് നന്നായി അറിയാം. അദ്ദേഹം അതിനൊരു അവസരമുണ്ടാക്കുന്നില്ല,’ കൈഫ് പറഞ്ഞു.

അവസരം ലഭിക്കുമ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ധവാന് സാധിച്ചിരുന്നുവെന്നും അതിജീവനത്തിന് പകരം ടീമിനായി റണ്‍സ് നേടാനാണ് അദ്ദേഹം കളിക്കുന്നതെന്നും കൈഫ് പറഞ്ഞു.

‘അവസരം ലഭിക്കുമ്പോഴെല്ലാം ധവാന്‍ റണ്‍സ് നേടുന്നു, 6500 ഏകദിന റണ്‍സ് അദ്ദേഹം നേടി, അത് എളുപ്പമുള്ള കാര്യമല്ല, വളരെ നീണ്ട യാത്രയാണ് ഏകദിന ക്രിക്കറ്റില്‍ അദ്ദേഹം നടത്തിയത്. അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. അതിജീവിക്കാന്‍ വേണ്ടിയല്ല ഇവിടെ വന്നത് എന്നാല്‍ റണ്‍സ് നേടാനും മത്സരങ്ങള്‍ ജയിക്കാനുമാണ് അദ്ദേഹം കളിക്കുന്നത്,’ കൈഫ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ചുനാളായി ഏകദിന ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ധവാന് സാധിക്കുന്നുണ്ട്. ട്വന്റി-20 ടെസ്റ്റ് ടീമുകളില്‍ ഇടമില്ലാത്ത ധവാന്‍ പക്ഷെ ഏകദിനത്തിലെ ഇന്ത്യയുടെ മികച്ച താരമാണ്. കഴിഞ്ഞ 22 ഏകദിനത്തില്‍ നിന്നുമായി 11 അര്‍ധസെഞ്ച്വറികളാണ് അദ്ദേഹം സ്വന്തമാക്കിയിത്.

Content Highlight: Muhammed Kaif  lauds Shikhar Dhawan after his perfomance against Zimbabwe

Latest Stories

We use cookies to give you the best possible experience. Learn more