ചെന്നൈ ജയിച്ചാൽ ക്രെഡിറ്റ് ധോണിക്ക് , തോറ്റാൽ കുറ്റം ഗെയ്‌ക്‌വാദിന്: വിമർശനവുമായി മുൻ ഇന്ത്യൻ താരം
Cricket
ചെന്നൈ ജയിച്ചാൽ ക്രെഡിറ്റ് ധോണിക്ക് , തോറ്റാൽ കുറ്റം ഗെയ്‌ക്‌വാദിന്: വിമർശനവുമായി മുൻ ഇന്ത്യൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th April 2024, 1:29 pm

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ആറ് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഈ സീസണിലെ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു.

ഹൈദരാബാദിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 18.1 ഓവറില്‍ ആറ് വിക്കറ്റ് ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇപ്പോഴിതാ ചെന്നൈയുടെ തോല്‍വിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ താരം.

‘ചെന്നൈ സൂപ്പര്‍ കിങ്സ് വിജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് എം. എസ് ധോണിക്ക് ആണെന്നും എന്നാല്‍ ടീം തോറ്റാല്‍ കുറ്റം മുഴുവന്‍ റിതുരാജ് ഗെയ്ക്വാദിന് ആയിരിക്കും,’ മുഹമ്മദ് കൈഫ് പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തോല്‍വിക്ക് പിന്നാലെ പുതിയ നായകന്‍ റിതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചുകൊണ്ട് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് മുന്നോട്ടുവന്നിരുന്നു. ഇതിന് പ്രതികരണമായിട്ടായിരുന്നു കൈഫ് രംഗത്തെത്തിയത്.

‘ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സി മത്സരത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയില്ല. അവന്‍ കളിക്കളത്തില്‍ ശരിയായ നീക്കങ്ങള്‍ നടത്തിയില്ല. രണ്ടാം ഓവര്‍ എറിഞ്ഞ മുകേഷ് യാദവ് ഒരുപാട് റണ്‍സ് വിട്ടുനല്‍കി,’ ഹര്‍ഭജന്‍ പറഞ്ഞു.

ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ റിതുരാജിനെ ക്യാപ്റ്റന്‍സിയില്‍ സഹായിച്ചതിന് ധോണിയെ പ്രശംസിച്ചുകൊണ്ട് ധാരാളം ആളുകള്‍ മുന്നോട്ടു വന്നിരുന്നു. എന്നാല്‍ ചെന്നൈ തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ പരാജയപ്പെട്ടതോടുകൂടി പുതിയ ക്യാപ്റ്റന് നേരെ ധാരാളം വിമര്‍ശനങ്ങളാണ് ഉയര്‍ന്നുനില്‍ക്കുന്നത്.

നിലവില്‍ നാലു മത്സരങ്ങളില്‍ നിന്ന് രണ്ടു വീതം വിജയവും തോല്‍വിയുമായി നാലു പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ചെന്നൈ. ഏപ്രില്‍ എട്ടിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായാണ് ചെന്നൈയുടെ അടുത്ത മത്സരം. സൂപ്പര്‍ കിങ്‌സിന്റെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി.

Content Highlight: Muhammed kaif criticize Chennai super kings poor performance in IPL