ആര്‍.സി.ബി പേസര്‍ ജോഷ് ഹേസല്‍വുഡിനെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് കൈഫും ഇര്‍ഫാന്‍ പത്താനും. കഴിഞ്ഞ ദിവസത്തെ താരത്തിന്റെ മാച്ച് വിന്നിംഗ് പെര്‍ഫോമെന്‍സിന് പിന്നാലെയാണ് ഇവര്‍ ഹേസല്‍വുഡിനെ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടിയത്.
ഹേസല്‍വുഡിനെ പോലെ ഒരു ബൗളറെയായിരുന്നു ആര്‍.സി.ബിക്ക് ആവശ്യമെന്നും താരത്തെ ടീമിലെടുത്തത് ഇത്തവണ കിരീടനേട്ടത്തിന് മുതല്‍ക്കൂട്ടാവുമെന്നുമാണ് കൈഫിന്റെ വിലയിരുത്തല്‍.
‘ആര്‍.സി.ബിക്ക് വേണ്ടിയിരുന്നത് ഇത്തരത്തിലൊരു ബൗളറെയാണ്. അവര്‍ക്ക് മികച്ച ബാറ്റിംഗ് നിര കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായിരുന്നു. അവരുടെ പക്കല്‍ ക്രിസ് ഗെയ്‌ലും ഡിവില്ലിയേഴ്‌സും ഉണ്ടായിരുന്നു, ഇപ്പോള്‍ വിരാടും ടീമിലുണ്ട്.
എന്നാല്‍ ഇത്തരത്തിലുള്ള ബൗളര്‍മാര്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നുവെങ്കില്‍ ഐ.പി.എല്‍ കിരീടം നേടാനുള്ള സാധ്യതയേറെയാണ്,’ കൈഫ് പറയുന്നു.
ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിനോടുപമിച്ചായിരുന്നു പത്താന്‍ താരത്തിനെ അഭിനന്ദിച്ചത്. ഹേസല്‍വുഡിന്റെ ബൗളിംഗ് മഗ്രാത്തിനെ ഓര്‍മിപ്പിക്കുന്നുവെന്നാണ് പത്താന്‍ പറഞ്ഞത്.
‘അവനെപ്പോഴും മഗ്രാത്തിനെ ഓര്‍മിപ്പിക്കുന്നു. അവന്‍ പന്തെറിയുന്നത് മഗ്രാത്തിന്റെ അതേ സ്‌റ്റൈലിലാണ്. അവന്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്നവനല്ല.
135-138 കിലോമീറ്റര്‍ വേഗതയില്‍ മാത്രമാണ് അവന്‍ പന്തെറിയാറുള്ളത്. എന്നാല്‍ മറ്റുള്ളവരില്‍ നിന്നും വിപരീതമായി അപാരമാം വിധം ബൗണ്‍സും കണ്‍ട്രോളും അവന്റെ പന്തിലുണ്ട്,’ പത്താന്‍ പറയുന്നു.
ആയുഷ് ബദോനിയടക്കമുള്ള നാല് മുന്‍നിര വിക്കറ്റുകളായിരുന്നു ഹേസല്‍വുഡ് കഴിഞ്ഞ ദിവസം പിഴുതെറിഞ്ഞത്. നാലോവറില്‍ കേവലം 25 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ഹേസല്‍വുഡ് വിക്കറ്റ് വേട്ട നടത്തിയത്.
ഡി കോക്, മനീഷ് പാണ്ഡേ, ആയുഷ് ബദോനി, മാര്‍കസ് സ്‌റ്റോയിന്‍സ് തുടങ്ങിയവരുടെ വിക്കറ്റുകളാണ് ഹേസല്‍വുഡ് സ്വന്തമാക്കിയത്. താരത്തിന്റെ ബൗളിംഗ് മികവിലാണ് ആര്‍.സി.ബി 18 റണ്‍സിന്റെ വിജയം കൈപ്പിടിയിലൊതുക്കിയത്.