| Wednesday, 14th December 2022, 7:54 am

എന്ത് കണ്ടിട്ടാണ് പന്തിനെ വൈസ് ക്യാപ്റ്റനാക്കിയത്? എന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല, അവനെ ക്യാപ്റ്റനാക്കാന്‍ എന്തിനിത്ര ധൃതി? തുറന്നടിച്ച് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

പല ലക്ഷ്യങ്ങളും മുന്‍നിര്‍ത്തി ഇന്ത്യ തങ്ങളുടെ ബംഗ്ലാദേശ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്കിറങ്ങുകയാണ്. ഏകദിന പരമ്പരയിലെ തോല്‍വിയുടെ പകരംവീട്ടല്‍ മാത്രമല്ല, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ സാധ്യത സജീവമാക്കി നിര്‍ത്താനും ഇന്ത്യക്ക് ഈ ടെസ്റ്റും തുടര്‍ന്നുവരുന്ന മത്സരങ്ങളും വിജയിക്കേണ്ടത് അനിവാര്യമാണ്.

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഒന്നാം ടെസ്റ്റില്‍ കളിക്കില്ല. രോഹിത്തിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിക്കുക.

വെറ്ററന്‍ സൂപ്പര്‍ താരം ചേതേശ്വര്‍ പൂജാരയാണ് ഒന്നാം ടെസ്റ്റില്‍ രാഹുലിന്റെ ഡെപ്യൂട്ടി.

ചേതേശ്വര്‍ പൂജാരക്ക് വൈസ് ക്യാപ്റ്റന്‍ പദവി ലഭിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫീല്‍ഡറുമായ മുഹമ്മദ് കൈഫ്.

പൂജാര ആ സ്ഥാനമര്‍ഹിക്കുന്നുണ്ടെന്നും ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മാച്ചില്‍ റിഷബ് പന്തിന് പകരം പൂജാരയായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ആവേണ്ടിയിരുന്നതെന്നും കൈഫ് പറഞ്ഞു.

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കൈഫ് ഇക്കാര്യം പറഞ്ഞത്.

‘കഴിഞ്ഞ തവണ റിഷബ് പന്താണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ എന്നറിഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയിരുന്നു. എന്നാല്‍ റിഷബ് പന്തായിരുന്നില്ല, ചേതേശ്വര്‍ പൂജാരയായിരുന്നു അന്ന് ഇന്ത്യയുടെ ഉപനായകനാവേണ്ടിയിരുന്നത്. പൂജാര അന്ന് ടീമിനൊപ്പമുണ്ടായിരുന്നു. ഇപ്പോഴോ നേരത്തേയോ നിങ്ങള്‍ വലിയൊരു തെറ്റ് ചെയ്തിരുന്നു.

എന്താണിത്ര തിരക്ക്? റിഷബ് പന്തിനെ ക്യാപ്റ്റനാക്കാന്‍ എന്തിനാണ് ഇത്ര തിരക്ക് കൂട്ടുന്നത്? അവനൊരു പുതുമുഖമാണ്, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇപ്പോഴും തന്റെ സ്ഥാനമുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന താരമാണവന്‍.

അവന്‍ ടെസ്റ്റില്‍ ചില മാച്ച് വിന്നിങ് പ്രകടനങ്ങള്‍ പുറത്തെടുത്തു എന്ന കാര്യം ശരിതന്നെ. നിങ്ങള്‍ക്കൊരാളെ ഇത്രയും പെട്ടെന്ന് ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ ആക്കാന്‍ സാധിക്കില്ല. ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ ആക്കാനല്ല, മത്സരങ്ങള്‍ ജയിക്കുന്നതിനാകണം നിങ്ങള്‍ മുന്‍ഗണന നല്‍കേണ്ടത്,’ കൈഫ് പറഞ്ഞു.

രണ്ട് മത്സരങ്ങളാണ് ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലുള്ളത്. ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ഒറ്റ മത്സരത്തില്‍ തോറ്റാല്‍ പോലും ഇന്ത്യയുടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മോഹങ്ങള്‍ തച്ചുടക്കപ്പെടും. കിരീട സാധ്യത സജീവമാക്കി നിര്‍ത്താന്‍ ഇന്ത്യക്ക് ഈ വിജയം അനിവാര്യമാണ്.

ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയടക്കം ആറ് മത്സരങ്ങളാണ് ഇന്ത്യയുടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ബാക്കിയുള്ളത്. ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരക്ക് ശേഷം ഓസ്‌ട്രേലിയക്കെതിരെ നാല് മത്സരങ്ങളുടെ പരമ്പരയുമാണ് ഇന്ത്യ കളിക്കുക.

ശേഷിക്കുന്ന ആറില്‍ അഞ്ച് മത്സരത്തിലും വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിക്കാന്‍ സാധിക്കൂ. കഴിഞ്ഞ തവണ കയ്യകലത്ത് നിന്നും നഷ്ടപ്പെടുത്തിയ കിരീടം തിരിച്ചുപിടിക്കണമെങ്കില്‍ ഇന്ത്യക്ക് ഏറെ കഷ്ടപ്പെടേണ്ടി വരും.

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് സ്‌ക്വാഡ്:

കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, അഭിമന്യു ഈശ്വരന്‍, നവ്ദീപ് സെയ്‌നി, സൗരഭ് കുമാര്‍, ജയ്‌ദേവ് ഉനദ്കട്.

Content Highlight: Muhammed Kaif about Cheteshwar Pujara and Rishabh Pant

We use cookies to give you the best possible experience. Learn more