കേരളത്തില്‍ ആഞ്ഞടിച്ച് അസറുദ്ദീന്‍ കൊടുങ്കാറ്റ്; തൃശൂരിനെ വീഴ്ത്തി ആലപ്പി പടയോട്ടം തുടങ്ങി
Cricket
കേരളത്തില്‍ ആഞ്ഞടിച്ച് അസറുദ്ദീന്‍ കൊടുങ്കാറ്റ്; തൃശൂരിനെ വീഴ്ത്തി ആലപ്പി പടയോട്ടം തുടങ്ങി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd September 2024, 6:18 pm

കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിന് തകര്‍പ്പന്‍ ജയം. തൃശൂര്‍ ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ആലപ്പി പരാജയപ്പെടുത്തിയത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ആലപ്പി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത തൃശ്ശൂര്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആലപ്പി അഞ്ച് പന്തുകളും ഒമ്പത് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ആലപ്പി വിജയിച്ചു കയറിയത്. 47 പന്തില്‍ 95 റണ്‍സ് നേടികൊണ്ടായിരുന്നു ആലപ്പി ക്യാപ്റ്റന്റെ തകര്‍പ്പന്‍ പ്രകടനം. ഒമ്പത് കൂറ്റന്‍ സിക്‌സുകളും മൂന്ന് ഫോറുകളും ആണ് അസറുദ്ദീന്റെ ബാറ്റില്‍ നിന്നും പിറന്നത്.

27 പന്തില്‍ 30 റണ്‍സ് നേടി വിനൂപ് മനോഹരനും വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. രണ്ട് വീതം ഫോറുകളും സിക്‌സുകളുമാണ് വിനൂപ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത് തൃശ്ശൂരിന് വേണ്ടി അക്ഷയ് മനോഹര്‍ അര്‍ധസെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 44 പന്തില്‍ 57 റണ്‍സാണ് അക്ഷയ് നേടിയത്. അഞ്ച് സിക്‌സുകളും ഒരു ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. അഹമ്മദ് ഇമ്രാന്‍ 21 പന്തില്‍ 23 റണ്‍സും വിഷ്ണു വിനോദ് 14 പന്തില്‍ 22 റണ്‍സും നേടി നിര്‍ണായകമായി.

ആലപ്പി ബൗളിങ്ങില്‍ ആനന്ദ് ജോസഫ് മൂന്ന് വിക്കറ്റും ഫാസില്‍ ഫനൂസ് രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനമാണ് നടത്തിയത്. ആല്‍ഫി ഫ്രാന്‍സിസ്, അക്ഷയ് ചന്ദ്രന്‍, വിഗ്‌നേഷ് പുത്തൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

Content Highlight: Muhammed Azarudeen Great Performance in Kerala Cricket League 2024 Opening Match