2016ലെ ഏഷ്യ കപ്പിലും 2017ലെ ചാമ്പ്യന്‍സി ട്രോഫി ഫൈനലിലും ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ച ബൗളറായിരുന്നു പാകിസ്ഥാന്റെ മുഹമ്മദ്
ആമിര്‍. ഏഷ്യ കപ്പില്‍ 84 റണ്‍സ് ചെയ്‌സ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ ആമിര്‍ ഇരട്ടപ്രഹരം നല്‍കിയിരുന്നു.
രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ എന്നീ ഇന്ത്യന്‍ ഓപ്പണര്‍മാരെ പൂജ്യം റണ്ണിനാണ് ആമിര്‍ മടക്കിയത്. നാലാമനായി ക്രീസിലെത്തിയ സുരേഷ് റെയ്‌നയെ മൂന്നാം ഒവറിലും ആമിര്‍ മടക്കി അയച്ചിരുന്നു. വിരാട് കോഹ്‌ലിയുടെ കരുത്തില്‍ ഇന്ത്യ വിജയിച്ചുവെങ്കിലും ആമിറിന്റെ സ്‌പെല്‍ ആ കളിയിലെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്.
ഈ മത്സരത്തിന് ശേഷം ഇപ്പോഴത്തെ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ ആമിറിനെ ഇകഴ്ത്തി സംസാരിച്ചിരുന്നു. ആമിര്‍ ഒരു സാധാരണ ബൗളറാണെന്നും ഇത്രയും പുകഴ്‌ത്തേണ്ട കാര്യമില്ല എന്നുമായിരുന്നു രോഹിത് അന്ന് പറഞ്ഞത്. അവന്‍ നല്ല ബൗളറാണ് എന്നാല്‍ ഒരു കളി മാത്രം മുന്‍നിര്‍ത്തി അവനെ മികച്ചതാക്കേണ്ട ആവശ്യമില്ല എന്നും രോഹിത് പറഞ്ഞിരുന്നു.
‘അവനെക്കുറിച്ച് ഇപ്പോള്‍ തന്നെ സംസാരിക്കുന്നത് നിര്‍ത്തൂ. അവന്‍ മാത്രമല്ല ബൗളര്‍, പാകിസ്ഥാനില്‍ മറ്റ് അഞ്ച് ബൗളര്‍മാര്‍ അവര്‍ക്കായി നന്നായി കളിക്കുന്നുണ്ട്. അദ്ദേഹത്തിന് വളരെയധികം ഹൈപ്പുണ്ട്. എന്നാല്‍ എനിക്ക് അവനില്‍ വലിയ ഹൈപ്പില്ല. ഒരു മത്സരത്തിന് ശേഷം അദ്ദേഹത്തിന് വളരെയധികം ഹൈപ്പ് നല്‍കുന്നത് ശരിയാണെന്ന് കരുതുന്നില്ല,
അവന്‍ നല്ല ബൗളറാണ് പക്ഷേ അവന്‍ അത് വീണ്ടും വീണ്ടും തെളിയിക്കേണ്ടതുണ്ട്. ഇപ്പോള്‍ ആളുകള്‍ അവനെ വസീം അക്രവുമായുമെല്ലാം താരതമ്യപ്പെടുത്തുന്നു. അവന്‍ ഒരു സാധാരണ ബൗളര്‍ മാത്രമാണ്, ഒരു ദിവസം അവന്‍ നല്ലവനാണെങ്കില്‍ അവന്‍ നല്ലതാണ്,’ ഇങ്ങനെയായിരുന്നു രോഹിത്തിന്റെ വാക്കുകള്‍
ആറ് വര്‍ഷം മുമ്പുള്ള രോഹിത്തിന്റെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ആമിര്‍. രോഹിത് പറഞ്ഞതിനെ സീരിയസായി എടുക്കുന്നില്ല. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ കാണുമെന്നും രോഹിത്തിന് അയാളുടെ അഭിപ്രായമാണെന്നും ആമിര്‍ പറഞ്ഞു.
‘രോഹിത് ശര്‍മയുടെ പ്രസ്താവന ഞാന്‍ ഗൗരവമായി എടുക്കുന്നില്ല. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായമുണ്ട്, എല്ലാവരും എന്നെ ഒരു ലോകോത്തര ബൗളറായി കാണണം എന്ന് വാശി പിടിക്കുന്നത് അസാധ്യമാണ്,’ ആമിര്‍ പറഞ്ഞു.
വളരെ പ്രൊഫഷണലായാണ് ആമിര്‍ ഇതിനെ സമീപിച്ചത്.
‘ഇതില്‍ മോശമായി തോന്നേണ്ട കാര്യമൊന്നുമില്ല. ഒരു പ്രൊഫഷണലെന്ന നിലയില്‍ ഞങ്ങള്‍ ഇത്തരം കാര്യങ്ങളെ നിഷേധാത്മകമായി എടുക്കരുത്. നിങ്ങള്‍ക്ക് എല്ലാവരുടെയും പ്രിയങ്കരനാകാന്‍ കഴിയില്ല.’ ആമിര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം 2017ല്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 339 റണ്‍ ചെയ്‌സ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ ടോപ് ത്രീയിലെ മൂന്ന് വിക്കറ്റും നേടി ഇന്ത്യയുടെ നടുവൊടിച്ചത് ആമിറായിരുന്നു മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയും പാകിസ്ഥാന്‍ ജേതാക്കളാകുകയും ചെയ്തു.
Content Highlights: Muhammed Amir replied to Rohit Sharma’s statement from 6 years ago