ഈ ക്രൂരതയുടെ രക്തസാക്ഷിയാണ് എന്റെ അച്ഛന്‍: സേവ് ഇന്ത്യാ കണ്‍വെന്‍ഷനില്‍ മുഹമ്മദ് അഖ്‌ലഖിന്റെ മകള്‍
Daily News
ഈ ക്രൂരതയുടെ രക്തസാക്ഷിയാണ് എന്റെ അച്ഛന്‍: സേവ് ഇന്ത്യാ കണ്‍വെന്‍ഷനില്‍ മുഹമ്മദ് അഖ്‌ലഖിന്റെ മകള്‍
എഡിറ്റര്‍
Saturday, 9th December 2017, 10:49 am

ന്യൂദല്‍ഹി: എന്റെ അച്ഛന്‍ ഈ ക്രൂരതയുടെ രക്തസാക്ഷിയാണ്.. ഗോമാംസത്തിന്റെ പേരില്‍ വര്‍ഗീയഭ്രാന്തന്‍മാര്‍ തല്ലിക്കൊന്ന ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖിന്റെ മകള്‍ ഷെയ്‌സ്തയുടെ വാക്കുകളാണ് ഇത്.

മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം രാജ്യം നേരിടുന്ന അസഹിഷ്ണുതയുടേയും വര്‍ഗീയ ആക്രമങ്ങളുടേയും രക്തസാക്ഷിത്വങ്ങളില്‍ ആദ്യപേരാണ് മുഹമ്മദ് അഖ്‌ലാഖ് എന്നും ഷെയ്‌സ്ത പറയുന്നു.


Dont Miss ലവ് ജിഹാദ് കൊല: ‘കൊലയാളി പറഞ്ഞത് കള്ളം,’ തന്നെ രക്ഷിക്കാന്‍ വേണ്ടിയാണ് അഫ്രാസുലിനെ കൊലപ്പെടുത്തിയതെന്ന പ്രതിയുടെ വാദം തള്ളി പെണ്‍കുട്ടി


സ്ത്രീകളുടെ പൗരാവകാശത്തിന് മേല്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദല്‍ഹിയില്‍ സംഘടിപ്പിച്ച സേവ് ഇന്ത്യാ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഓരോ രാജ്യത്തേയും ജനങ്ങളിലൂടെയാണ് ആ രാജ്യത്തെ തിരിച്ചറിയുന്നത്. ജനങ്ങളുടെ പ്രവൃത്തിയാണ് ആ രാജ്യത്തെ നിര്‍ണയിക്കുന്നത്. ഇവിടെ കൊലപാതകങ്ങള്‍ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ തന്നെ ജോലി കൊടുക്കുന്നു. എന്റെ അച്ഛനെ ആക്രമിച്ച് കൊലപ്പെടുത്തിയവര്‍ക്ക് സര്‍ക്കാര്‍ ജോലി.

അന്നത്തെ ആക്രമണത്തില്‍ എന്റെ സഹോദരന് ഗുരുതരമായി പരിക്കേറ്റു. വിദ്യാഭ്യാസമുണ്ടെങ്കിലും ഒരു ജോലിയും ലഭിച്ചില്ല. ഞങ്ങള്‍ക്ക് ഒരു നീതിയും ലഭിച്ചില്ല. സര്‍ക്കാരില്‍ നിന്നും കോടതിയില്‍ നിന്നും.

എന്റെ കുടുംബം നേരിട്ട അനീതി രാജ്യം നേരിട്ട അനീതിയാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് നീതി ലഭിച്ചാല്‍ അത് രാജ്യത്തിന് ലഭിക്കുന്ന നീതിയാണ്. എന്റെ കുടുംബത്തിനൊപ്പം നിന്ന നീതിയ്ക്കായുള്ള പോരാട്ടത്തില്‍ ഒപ്പം നിന്നവരോട് നന്ദി പറയുന്നു.- ഷെയ്‌സ്ത പറയുന്നു.

പശ്ചിമബംഗാള്‍ സ്വദേശിയായ 47 കാരനായ അഫ്രാസുല്‍ ഖാനെ രാജസ്ഥാനില്‍ വെച്ച് ലൗവ് ജിഹാദ് ആരോപിച്ച് പൈശാചികമായി കൊല്ലുന്നത്
രാജ്യം ഞെട്ടലോടെയായിരുന്നു കണ്ടത്. ഈ പശ്ചാലത്തില്‍ കൂടിയായിരുന്നു ഷെയ്‌സ്തയുടെ വാക്കുകള്‍.