പാലോളി കമ്മറ്റി റിപ്പോര്‍ട്ടിനെ എല്‍.ഡി.എഫും സര്‍ക്കാരും തള്ളിക്കളഞ്ഞോ?; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സര്‍ക്കാരിനെതിരെ എസ്.വൈ.എസ്.
Minority Scholarship
പാലോളി കമ്മറ്റി റിപ്പോര്‍ട്ടിനെ എല്‍.ഡി.എഫും സര്‍ക്കാരും തള്ളിക്കളഞ്ഞോ?; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സര്‍ക്കാരിനെതിരെ എസ്.വൈ.എസ്.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th July 2021, 9:28 pm

കോഴിക്കോട്: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ അനുപാതത്തില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം സാമൂഹിക നീതി അട്ടിമറിക്കുമെന്ന് എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി.

പാലോളി കമ്മറ്റി റിപ്പോര്‍ട്ടിനെ എല്‍.ഡി.എഫും സര്‍ക്കാരും തള്ളിക്കളഞ്ഞോ എന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഹൈക്കോടതി വിധിയെ മാനിച്ചുകൊണ്ടെടുത്ത കേവലം ഭരണപരമായ തീരുമാനമായി മാത്രം ഇതിനെ കാണാന്‍ കഴിയില്ല. നിയമപരമായ നിരവധി പഴുതുകളും വ്യാഖ്യാന സാധ്യതകളും ഉള്ള ഒരു വിധിയെ ഇത്രയും ലാഘവത്തോടെയും ധൃതിയോടെയും സമീപിച്ച രീതി ശരിയല്ല,’ അദ്ദേഹം പറഞ്ഞു.

വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള സാധ്യതയും ഉപയോഗപ്പെടുത്തിയില്ലെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി കുറ്റപ്പെടുത്തി.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 ആനുകൂല്യം പുനക്രമീകരിക്കുന്നതിനായി മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. 80:20
അനുപാതം ഹൈക്കോടതി റദ്ദാക്കിയതിനാലാണ് സര്‍ക്കാര്‍ നടപടി. 2011ലെ സെന്‍സസ് അനുസരിച്ചാവും പുതിയ അനുപാതം.

അതേസമയം നിലവിലുള്ള എണ്ണത്തിലോ തുകയിലോ കുറവുണ്ടാകില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. സ്‌കോളര്‍ഷിപ്പിന് 6.2 കോടി അധികമായി അനുവദിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.

80 ശതമാനം മുസ്‌ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് കഴിഞ്ഞ മെയ് 28ന് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി വന്നത്.

ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച് ഈ അനുപാതം പുനര്‍നിശ്ചയിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതിന് അനുസൃതമായ മാറ്റത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പിന്നാക്ക ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ അനുപാതത്തില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം സാമൂഹിക നീതിയെയും സമതയെയും അട്ടിമറിക്കാനേ സഹായിക്കൂ. മുസ്ലിം ന്യൂനപക്ഷത്തിന്റെ സവിശേഷമായ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടിയുള്ള പദ്ധതികളാണ് പാലോളി കമ്മറ്റി നിര്‍ദേശിച്ചത്.

ആ റിപ്പോര്‍ട്ടിന്റെ അന്തസത്തയെ നിരാകരിക്കുന്ന തീരുമാനമാണ് സ്‌കോളര്‍ഷിപ്പിന്റെ അനുപാതത്തില്‍ മാറ്റം വരുത്താനുള്ള ഇപ്പോഴത്തെ തീരുമാനം. പാലോളി കമ്മറ്റി റിപ്പോര്‍ട്ടിനെ എല്‍ ഡി എഫും സര്‍ക്കാരും തള്ളിക്കളഞ്ഞോ എന്നു വ്യക്തമാക്കണം. ഇല്ലെങ്കില്‍ ആ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള നയപരമായ തീരുമാനം കൈക്കൊള്ളണം.

ഹൈക്കോടതി വിധിയെ മാനിച്ചുകൊണ്ടെടുത്ത കേവലം ഭരണപരമായ തീരുമാനമായി മാത്രം ഇതിനെ കാണാന്‍ കഴിയില്ല. നിയമപരമായ നിരവധി പഴുതുകളും വ്യാഖ്യാന സാധ്യതകളും ഉള്ള ഒരു വിധിയെ ഇത്രയും ലാഘവത്തോടെയും ധൃതിയോടെയും സമീപിച്ച രീതി ശരിയല്ല.

ഈ വിഷയത്തില്‍ പങ്കാളികളായ വിവിധ വിഭാഗങ്ങളുമായി വിശാലമായ കൂടിയാലോചന നടത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കൂ എന്നാണ് മുഖ്യമന്ത്രി തുടക്കത്തില്‍ പറഞ്ഞത്. അതുണ്ടായില്ലെന്നത് ഖേദകരമാണ്. വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള സാധ്യതയും ഉപയോഗപ്പെടുത്തിയില്ല. ഈ ലാഘവത്വം അപകടകരവും സാമൂഹികനീതിക്കായുള്ള പരിശ്രമങ്ങളെ നിരാകരിക്കുന്നതുമാണ്.

അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുക എന്നതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് അനര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുക എന്നതും. അതുറപ്പ് വരുത്താത്ത പക്ഷം സാമൂഹികമായ അനീതി സ്ഥാപനവത്കരിക്കപ്പെടുന്ന സാഹചര്യമുണ്ടാകും. കേരളത്തിലെ സാമൂഹിക വികസനത്തെ അത് മാരകമായി തടസ്സപ്പെടുത്തും.


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Muhammed Abdul Hakkim Al-Kandi SYS Minority Scholarship