കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറിയ സ്വാഗതഗാനത്തിലെ ദൃശ്യാവിഷ്‌കാരത്തിനെതിരെ വിമര്‍ശനവുമായി എസ്.വൈ.എസ് നേതാവ് മുഹമ്മദലി കിനാലൂര്‍.
പച്ചയായ മുസ്‌ലിം വിരുദ്ധ പൊതുബോധം സൃഷ്ടിക്കലാണ് ദൃശ്യാവിഷ്‌കാരത്തിലൂടെ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഹമ്മദലി കിനാലൂരിന്റെ പ്രതികരണം.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം പൊടുന്നനെ വേദിയില്‍ പൊട്ടിവീഴുകയല്ല. നേരത്തെ റിഹേഴ്‌സല്‍ നടക്കും. വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരും സംഘാടകസമിതിയുടെ പ്രതിനിധികളും ജനപ്രതിനിധികളുമൊക്കെ റിഹേഴ്‌സല്‍ കണ്ടു ബോധ്യപ്പെട്ടതിനു ശേഷമാണ് വേദിയില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുക. ഇന്നയാളാണ് അത് കാണേണ്ടത് എന്ന് വ്യവസ്ഥ ഉണ്ടോ എന്നറിയില്ല. എന്തായാലും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടിട്ടേ അത് വേദിയിലെത്തൂവെന്നും മുഹമ്മദലി കിനാലൂര്‍ പറഞ്ഞു.
‘ഇത്തവണ വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബുവും സി.പി.എം.എം എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രനും റിഹേഴ്‌സല്‍ കണ്ടിട്ടുണ്ട്.
കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന് ദൃശ്യാവിഷ്‌കാരം നല്‍കിയിരിക്കുന്നത് സതീഷ് ബാബു എന്നയാളാണ്. മാതാ പേരാമ്പ്രയുടെ മുഖ്യസംഘാടകന്‍. ഒന്നാന്തരം ആര്‍.എസ്.എസുകാരന്‍. മുസ്‌ലിം വിരുദ്ധവും സി.പി.ഐ.എം വിരുദ്ധവുമായ എത്രയോ പോസ്റ്റുകള്‍ ആളുടെ ടൈംലൈനില്‍ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സതീഷ് ബാബു നല്‍കിയ ദൃശ്യാവിഷ്‌കാരമാണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമൊക്കെ വാ പൊളിച്ചിരുന്ന് ആസ്വദിച്ചത്.
അതിന് സിനിമാ നടിയില്‍ നിന്നും പ്രൈസ് സ്വീകരിക്കുന്ന ചിത്രം സതീഷ്ബാബു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ ദൃശ്യാവിഷ്‌കാരത്തില്‍ ഉള്ളടങ്ങിയിട്ടുള്ള ഇസ്‌ലാമോഫോബിയയെ കുറിച്ച് ഇനിയും സംശയങ്ങളുണ്ടോ? ആര്‍.എസ്.എസുകാരനായ സതീഷ്ബാബുവിന്റെ മുസ്‌ലിം വിരോധം ചെലവാക്കാന്‍ കേരള കലോത്സവത്തിന്റെ ഉദ്ഘാടനവേദി വിട്ടുകൊടുത്ത സംഘാടകര്‍ നമ്മുടെ ജനാധിപത്യബോധത്തെയാണ് കൊഞ്ഞനം കുത്തിയത്. ഇതിലൊക്കെ ഇസ്‌ലാമോഫോബിയ കാണേണ്ടതുണ്ടോ എന്ന് ചോദിക്കുന്ന ‘നിഷ്‌കളങ്കരോട്’ നിങ്ങള്‍ക്ക് സംഘപരിവാറിനെ കുറിച്ച് ഒരു ചുക്കുമറിയില്ല എന്നാണുത്തരം,’ മുഹമ്മദലി കിനാലൂര്‍ പറഞ്ഞു.
ആ വേദിയില്‍ നടന്നത് കലാവിഷ്‌കാരമല്ല, പച്ചയായ മുസ്‌ലിം വിരുദ്ധ പൊതുബോധം സൃഷ്ടിക്കലാണ്. അതിനു അനുമതി കൊടുത്ത വിദ്യാഭ്യാസ ഡയറക്ടറോട് സര്‍ക്കാര്‍ വിശദീകരണം ചോദിക്കണം. സി.പി.ഐ.എമ്മിന്റെ കോഴിക്കോട്ടെ എം.എല്‍.എക്ക് ഈ ദൃശ്യാവിഷ്‌കാരത്തിന്റെ റിഹേഴ്‌സല്‍ കണ്ടിട്ടും അപാകതയൊന്നും തോന്നിയില്ലെങ്കില്‍ പോയി ബി.ജെ.പിയില്‍ അംഗത്വമെടുക്കാന്‍ അദ്ദേഹത്തെ സി.പി.ഐ.എം അനുവദിക്കണമെന്നും കിനാലൂര്‍ പറഞ്ഞു.
Content Highlights: Muhammadali Kinalur says Those who gave away the inauguration of Kalothavam to fuel anti-Muslim sentiments have damaged our sense of democracy